Word of God

പെസഹാക്കാലം ആറാം ഞായർ വചന വായന

മെയ് 10 ഞായർ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(അവർ അവരുടെമേൽ കൈവയ്ക്കുകയും അവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു)

അക്കാലത്ത്, പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽ ചെന്ന് അവിടെയുള്ളവരോടു ക്രിസ്‌തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകൾ കേൾക്കുകയും അവൻ പ്രവർത്തിച്ച അടയാളങ്ങൾ കാണുകയും ചെയ്ത ജനക്കൂട്ടം അവൻ പറഞ്ഞകാര്യങ്ങൾ ഏകമനസ്സോടെ ശ്രദ്‌ധിച്ചു. എന്തെന്നാൽ, അശുദ്ധാത്മാക്കൾ തങ്ങൾ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളർവാതരോഗികളും മുടന്തൻമാരും സുഖംപ്രാപിച്ചു. അങ്ങനെ ആ നഗരത്തിൽ വലിയ സന്തോഷമുണ്ടായി.

സമരിയാക്കാർ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോൾ ജറുസലെമിലുള്ള അപ്പസ്തോലൻമാർ പത്രോസിനെയും യോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു. അവർ ചെന്ന് അവിടെയുള്ളവർ പരിശുദ്ധാത്‌മാവിനെ സ്വീകരിക്കേണ്ടതിന് അവർക്കുവേണ്ടി പ്രാർഥിച്ചു. കാരണം, അതുവരെ പരിശുദ്‌ധാത്മാവ് അവരിലാരുടെയുംമേൽ വന്നിരുന്നില്ല. അവർ കർത്താവായ യേശുവിന്റെ നാമത്തിൽ ജ്‌ഞാനസ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. പിന്നീട്, അവരുടെമേൽ അവർ കൈകൾ വച്ചു; അവർ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ (അല്ലെങ്കിൽ: അല്ലേലൂയാ!)

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ. അവിടത്തെ നാമത്തിൻ്റെ മഹത്ത്വം പ്രകീർത്തിക്കുവിൻ; സ്‌തുതികളാൽ അവിടത്തെ മഹത്ത്വപ്പെടുത്തുവിൻ. അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

ഭൂവാസികൾ മുഴുവൻ അവിടത്തെ ആരാധിക്കുന്നു, അവർ അങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനു സ്തോത്രമാലപിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികൾ വന്നുകാണുവിൻ, മനുഷ്യരുടെ ഇടയിൽ അവിടത്തെ പ്രവൃത്തികൾ ഭീതിജനകമാണ്.

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

അവിടന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ അതിലൂടെ നടന്നുനീങ്ങി, അവിടെ നമ്മൾ ദൈവത്തിൽ സന്തോഷിച്ചു. അവിടന്നു തന്റെ ശക്തിയിൽ എന്നേക്കും വാഴും.

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

ദൈവഭക്തരേ, വന്നു കേൾക്കുവിൻ, അവിടന്ന് എനിക്കു വേണ്ടി ചെയ്‌തതെല്ലാം ഞാൻ വിവരിക്കാം. ദൈവം വാഴ്ത്തപ്പെടട്ടെ! അവിടന്ന് എന്റെ പ്രാർഥന തള്ളിക്കളഞ്ഞില്ല; അവിടത്തെ കാരുണ്യം എന്നിൽനിന്ന് എടുത്തുകളഞ്ഞില്ല.

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

രണ്ടാം വായന

വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(നീതിമാൻ ശാരീരികമരണം കൈവരിക്കയും ആത്മാവിൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തു)

പ്രിയ സഹോദരരേ, ക്രിസ്‌തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ പൂജിക്കുവിൻ. നിങ്ങൾക്കുള്ള പ്രത്യാശയെ പ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്‌ധരായിരിക്കുവിൻ. എന്നാൽ, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിർമലമായി സൂക്‌ഷിക്കുവിൻ. ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചുപറയുന്നവർ അങ്ങനെ ല‌ജ്ജിതരായിത്തീരും. നൻമ പ്രവർത്തിച്ചിട്ട് കഷ്ടതയനുഭവിക്കുകയെന്നതാണു ദൈവഹിതമെങ്കിൽ, അതാണു തിൻമ പ്രവർത്തിച്ചിട്ട് കഷ്ടതയനുഭവിക്കുക എന്നതിനെക്കാൾ നല്ലത്.

എന്തുകൊണ്ടെന്നാൽ, ക്രിസ്‌തുതന്നെയും പാപങ്ങൾക്കു വേണ്ടി ഒരിക്കൽ മരിച്ചു; അതു നീതിരഹിതർക്കുവേണ്ടിയുള്ള നീതിമാൻ മരണമായിരുന്നു. ശരീരത്തിൽ മരിച്ച് ആത്മാവിൽ ജീവൻ പ്രാപിച്ചുകൊണ്ട് നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനു വേണ്ടിയായിരുന്നു അത്.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്തു വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞാൻ പിതാവിനോട് അപേക്ഷിക്കുകയും മറ്റൊരു സഹായകനെ അവിടന്ന് നിങ്ങൾക്കു തരുകയും ചെയ്യും)

അക്കാലത്ത് യേശു ശിഷ്യന്മാരോട് അരുൾചെയ്തു: നിങ്ങൾ എന്നെ സ്നേഹിക്കുന്നെങ്കിൽ എന്റെ കല്‌പന പാലിക്കും. ഞാൻ പിതാവിനോട് അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടന്ന് നിങ്ങൾക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ, നിങ്ങൾ അവനെ അറിയുന്നു. കാരണം, അവൻ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളിൽ ആയിരിക്കുകയും ചെയ്യും. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും. അല്‌പസമയംകൂടി കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാൽ, നിങ്ങൾ എന്നെ കാണും. ഞാൻ ജീവിക്കുന്നു; അതിനാൽ നിങ്ങളും ജീവിക്കും. ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലുമാണെന്ന് ആ ദിവസം നിങ്ങൾ അറിയും. എന്റെ കല്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.