മെയ് 09 ശനി
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക!
അക്കാലത്ത്, ദെർബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളിൽ പൗലോസ് എത്തിച്ചേർന്നു. ലിസ്ത്രായിൽ തിമോത്തേയോസ് എന്നുപേരുള്ള ഒരു ശിഷ്യനുണ്ടായിരുന്നു – വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകൻ. എന്നാൽ, അവന്റെ പിതാവ് ഗ്രീക്കുകാരനായിരുന്നു. ലിസ്റ്റാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരർക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു. അവനെ തന്റെ കൂടെ കൊണ്ടുപോകാൻ പൗലോസ് തീരുമാനിച്ചു. ആ സ്‌ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്ഛേദനകർമം നടത്തി. എന്തെന്നാൽ, അവന്റെ പിതാവ് ഗ്രീക്കുകാരനാണെന്ന് അവരെല്ലാവരും അറിഞ്ഞിരുന്നു. ജറുസലേമിൽ വച്ച് അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരും എടുത്ത തീരുമാനങ്ങൾ അനുസരിക്കണമെന്ന് അവർ നഗരങ്ങളിലൂടെ ചുറ്റിസഞ്ചരിക്കവേ, അവിടെയുള്ളവരെ അറിയിച്ചു. തൻമൂലം സഭകൾ വിശ്വാസത്തിൽ ശക്‌തിപ്പെടുകയും അവരുടെ എണ്ണം അനുദിനം വർധിക്കുകയും ചെയ്തു.
ഏഷ്യയിൽ വചനം പ്രസംഗിക്കുന്നതിൽ നിന്ന് പരിശുദ്ധാത്മാവ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട് അവർ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്‌തു. മീസിയായ്ക്ക് അടുത്തുവന്നപ്പോൾ ബിഥീനിയായിലേക്കു പോകാൻ അവർ ആഗ്രഹിച്ചു. എങ്കിലും യേശുവിന്റെ ആത്‌മാവ് അതിനനുവദിച്ചില്ല. തൻമൂലം, മീസിയാ പിന്നിട്ട് അവർ ത്രോവാസിലേക്കു പോയി. രാത്രിയിൽ പൗലോസിന് ഒരു ദർശനമുണ്ടായി: മക്കെ ദോനിയാക്കാരനായ ഒരുവൻ അവന്റെ മുമ്പിൽനിന്ന് ഇപ്രകാരം അഭ്യർഥിച്ചു: മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക. മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്നറിഞ്ഞ് അവന് ദർശനമുണ്ടായ ഉടനേ ഞങ്ങൾ അങ്ങോട്ടു പോകാൻ ഉദ്യമിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഭൂമി മുഴുവൻ കർത്താവിൻ്റെ മുൻപിൽ ആന്ദഗീതം ഉതിർക്കട്ടെ (അല്ലെങ്കിൽ അല്ലേലൂയാ!)
കൃതജ്‌ഞതാബലിക്കുള്ള സങ്കീർത്തനം. ഭൂമി മുഴുവൻ കർത്താവിന്റെ മുൻപിൽ ആനന്ദഗീതം ഉതിർക്കട്ടെ. സന്തോഷത്തോടെ കർത്താവിനു ശുശ്രൂഷ ചെയ്യുവിൻ; ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.
ഭൂമി മുഴുവൻ കർത്താവിൻ്റെ മുൻപിൽ ആന്ദഗീതം ഉതിർക്കട്ടെ
കർത്താവു ദൈവമാണെന്ന് അറിയുവിൻ; അവിടന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടത്തേതാണ്; നാം അവിടത്തെ ജനവും അവിടന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
ഭൂമി മുഴുവൻ കർത്താവിൻ്റെ മുൻപിൽ ആന്ദഗീതം ഉതിർക്കട്ടെ
കർത്താവു നല്ലവനാണ്, അവിടത്തെ കാരുണ്യം ശാശ്വതമാണ്; അവിടത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്ക്കും.
ഭൂമി മുഴുവൻ കർത്താവിൻ്റെ മുൻപിൽ ആന്ദഗീതം ഉതിർക്കട്ടെ
അല്ലേലൂയാ !
അല്ലേലൂയാ! (കൊളോ 3 : 1). ക്രിസ്തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവ അന്വേഷിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദേഷിക്കുന്നു)
അക്കാലത്ത് യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു: ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കിൽ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾ ലോകത്തിന്റേതായിരുന്നെങ്കിൽ, ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാൽ, നിങ്ങൾ ലോകത്തിന്റേതല്ലാത്തതു കൊണ്ട്, ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞവചനം ഓർമിക്കുവിൻ. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. അവർ എന്റെ വചനം പാലിച്ചെങ്കിൽ നിങ്ങളുടേതും പാലിക്കും. എന്നാൽ, എൻ്റെ നാമം മൂലം അവർ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവർ അറിയുന്നില്ല.




