സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികത്തിൽ കൃതജ്ഞതയുടെ ബലിയർപ്പിച്ച് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ്. മാർച്ച് 25 ബുധനാഴ്ച വൈകുന്നേരം കത്തീഡ്രൽ പള്ളിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയർപ്പണത്തിൽ വികാരിജറൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ, എപ്പിസ്കോപ്പൽ വികാരിമാർ, ചാൻസിലർ തുടങ്ങിയവർ സഹകാർമികരായി.
നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ റൂഫസ് പയസ്ലിൻ ആമുഖസന്ദേശവും വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൻ വചനപ്രഘോഷണവും നൽകി. രൂപതയിൽ നിന്നും 50 ൽ അധികം വൈദീകരും നിരവധി സന്യസ്തരും വിശ്വാസിസമൂഹവും കൃതജ്ഞതാബലിയിൽ പിതാവിനോടൊപ്പം പങ്കുചേർന്നു.
“അനുകമ്പയോടെ ശുശ്രൂഷിക്കാൻ” എന്ന ആപ്തവാക്യം ജീവിതഗന്ധിയാക്കാൻ ആഗ്രഹിക്കുന്ന പിതാവ് മാർച്ച് 25-ന് രാവിലെ നിർദ്ധനനായ ഒരു വ്യക്തിക്ക് വച്ചുനൽകിയ ഭവനത്തിന്റെ ആശീർവാദകർമ്മം നിർവഹിച്ചിരുന്നു. തന്റെ മെത്രാൻ പദവി ദൈവഹിതമനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുവാനുള്ള കൃപക്കായി നിരന്തരം നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന അഭ്യർത്ഥനയും പിതാവ് വിശ്വാസിസമൂഹത്തിന്റെ മുന്നിൽ വച്ചു.




