മാർച്ച് 27 വെള്ളി
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(വീരയോദ്ധാവിനോപ്പോലെ കർത്താവ് എൻ്റെ പക്ഷത്തുണ്ട്)
പലരും അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു: സർവത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം. എന്റെ കൂട്ടുകാരായിരുന്നവർ ഞാൻ വീഴുന്നതുകാണാൻ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോൾ നമുക്ക് അവന്റെമേൽ വിജയം നേടാം; പ്രതികാരം നടത്തുകയും ചെയ്യാം. എന്നാൽ വീരയോദ്ധാവിനെപ്പോലെ കർത്താവ് എൻ്റെ പക്ഷത്തുണ്ട്. അതിനാൽ എന്റെ പീഡകർക്കു കാലിടറും. അവർ എന്റെമേൽ വിജയം വരിക്കുകയില്ല. വിജയിക്കാതെവരുമ്പോൾ അവർ വല്ലാതെ ലജ്ജിക്കും. അവർക്കുണ്ടാകുന്ന നിത്യമായ അപമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. സൈന്യങ്ങളുടെ കർത്താവേ, നീതിമാനെ പരിശോധിക്കുകയും ഹൃദയവും മനസ്സും കാണുകയും ചെയ്യുന്നവനേ, അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു കാണാൻ എന്നെ അനുവദിക്കണമേ. അങ്ങിലാണല്ലോ ഞാൻ ആശ്രയിക്കുന്നത്. കർത്താവിനു കീർത്തനം പാടുവിൻ; അവിടത്തെ സ്തുതിക്കുവിൻ. എന്തെന്നാൽ, ദുഷ്ടരുടെ കൈയിൽനിന്ന് ദരിദ്രരുടെ ജീവൻ അവിടന്നു രക്ഷിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു അവിടന്ന് എൻ്റെ അപേക്ഷ കേട്ടു.
കർത്താവേ! എൻ്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങാണ് എൻ്റെ രക്ഷാശിലയും കോട്ടയും വിമോചകനും എന്റെ ദൈവവും
കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു അവിടന്ന് എൻ്റെ അപേക്ഷ കേട്ടു.
എനിക്ക് അഭയംതരുന്ന പാറയും എൻ്റെ പരിചയും രക്ഷാ ശൃംഗവും അഭയകേന്ദ്രവും. സ്തുത്യർഹനായ കർത്താവിനെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; അവിടന്ന് എന്നെ ശത്രുക്കളിൽ നിന്നു രക്ഷിക്കും.
കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു അവിടന്ന് എൻ്റെ അപേക്ഷ കേട്ടു.
കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാൻ സഹായത്തിനായി നിലവിളിച്ചു; അവിടന്ന് തന്റെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു; എൻ്റെ നിലവിളി അവിടത്തെ കാതുകളിലെത്തി.
കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു അവിടന്ന് എൻ്റെ അപേക്ഷ കേട്ടു.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാണ്. അങ്ങേക്കു സ്തുതി
കർത്താവേ, അങ്ങയുടെ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവന്റെ വചനങ്ങൾ നിൻ്റെ പക്കലുണ്ട്.
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവർ യേശുവിനെ ബന്ധിക്കാൻ ശ്രമിച്ചു. എന്നാൽ അവൻ അവരുടെ കൈയിൽനിന്ന് രക്ഷപ്പെട്ടു.)
അക്കാലത്ത്, യഹൂദർ യേശുവിനെ എറിയാൻ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചു. ഇവയിൽ ഏതു പ്രവൃത്തിമൂലമാണ് നിങ്ങൾ എന്നെ കല്ലെറിയുന്നത്? യഹൂദർ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികൾ മൂലമല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങൾ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കേ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യേശു അവരോടു ചോദിച്ചു: നിങ്ങൾ ദൈവങ്ങളാണെന്നു ഞാൻ പറഞ്ഞു എന്ന് നിങ്ങളുടെ നിയമത്തിൽ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവ വചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങൾ എന്ന് അവൻ വിളിച്ചു. അങ്ങനെയെങ്കിൽ, പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാൻ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങൾ കുറ്റപ്പെടുത്തുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കേണ്ടാ. എന്നാൽ, ഞാൻ അവ ചെയ്യുന്നെങ്കിൽ, നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ലെങ്കിലും, ആ പ്രവൃത്തികളിൽ വിശ്വസിക്കുവിൻ. അപ്പോൾ, പിതാവ് എന്നിലും ഞാൻ പിതാവിലുമാണെന്നു നിങ്ങൾ അറിയുകയും ആ അറിവിൽ നിലനില് ക്കുകയും ചെയ്യും. വീണ്ടും അവർ അവനെ ബന്ധിക്കാൻ ശ്രമിച്ചു; എന്നാൽ അവൻ അവരുടെ കൈയിൽനിന്ന് രക്ഷപ്പെട്ടു.
ജോർദാൻ്റെ മറുകരയിൽ യോഹന്നാൻ ആദ്യം സ്നാനം നല്കിയിരുന്ന സ്ഥലത്തേക്ക് അവൻ വീണ്ടും പോയി അവിടെ താമസിച്ചു. വളരെപ്പേർ അവന്റെ അടുത്തു വന്നു. അവർ പറഞ്ഞു: യോഹന്നാൻ ഒരടയാളവും പ്രവർത്തിച്ചില്ല. എന്നാൽ, ഈ മനുഷ്യനെപ്പറ്റി യോഹന്നാൻ പറഞ്ഞിരുന്നതെല്ലാം സത്യമാണ്. അവിടെവച്ച് വളരെപ്പേർ അവനിൽ വിശ്വസിച്ചു.




