Uncategorized

തപസ്സുകാലം മൂന്നാം വാരം മാർച്ച് 11 വചന വായന

മാർച്ച് 11ബുധൻ

ഒന്നാം വായന

നിയമാവർത്തനപ്പുസ്‌തകത്തിൽനിന്ന്

(അവിടത്തെ ചട്ടങ്ങളും കല്പനകളും നിങ്ങളെ ഞാൻ പഠിപ്പിച്ചിരിക്കുന്നു.അവയനുസരിച്ചു പ്രവർത്തിക്കുവിൻ)

അക്കാലത്ത്, മോശ ജനത്തോടു പറഞ്ഞു: ഇസ്രായേലേ, നിങ്ങൾ ജീവിക്കേണ്ടതിനും നിങ്ങൾചെന്ന് നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവു തരുന്ന ദേശം കൈവശമാക്കേണ്ടതിനും, ഞാനിപ്പോൾ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്പനകളും അനുസരിക്കുവിൻ.

ഇതാ, നിങ്ങൾ കൈവശമാക്കാൻ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ കർത്താവ് എന്നോടു കൽപ്പിച്ച പ്രകാരം, അവിടത്തെ ചട്ടങ്ങളും കൽപനകളും നിങ്ങളെ ഞാൻ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവർത്തിക്കുവിൻ. എന്തെന്നാൽ, അത് മറ്റു ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളെ ജ്‌ഞാനികളും വിവേകികളുമാക്കും. അവർ ഈ കല്പനകളെപ്പറ്റി കേൾക്കുമ്പോൾ, മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവർതന്നെ എന്നുപറയും. നാം വിളിച്ചപേക്‌ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കർത്താവ് നമുക്കു സമീപസ്‌ഥനായിരിക്കുന്നതുപോലെ, ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്? ഞാൻ ഇന്നു നിങ്ങളുടെ മുൻപിൽ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്‌തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്? നിങ്ങളുടെ കണ്ണുകൾ കണ്ട കാര്യങ്ങൾ മറക്കാതിരിക്കാനും ജീവിതകാലം മുഴുവൻ അവ ഹൃദയത്തിൽ നിന്നു മായാതിരിക്കാനും ശ്രദ്‌ധിക്കുവിൻ; ജാഗരൂകരായിരിക്കുവിൻ. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ജറുസലേമേ, കർത്താവിനെ സ്തുതിക്കുക.

ജറുസലേമേ, കർത്താവിനെ സ്‌തുതിക്കുക; സീയോനേ, നിൻറെ ദൈവത്തെ പുകഴ്ത്തുക. നിൻറ കവാടങ്ങളുടെ ഓടാമ്പലുകൾ അവിടന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ട യ്ക്കുള്ളിലുള്ള മക്കളെ അവിടന്ന് അനുഗ്രഹിക്കുന്നു.

ജറുസലേമേ, കർത്താവിനെ സ്തുതിക്കുക.

അവിടന്നു ഭൂമിയിലേക്കു കല്‌പന അയയ്ക്കുന്നു; അവിടുത്തെ വചനം പാഞ്ഞുവരുന്നു. അവിടന്ന് ആട്ടിൻരോമംപോലെ മഞ്ഞുപെയ്യിക്കുന്നു; ചാരംപോലെ ഹിമധൂളി വിതറുന്നു.

ജറുസലേമേ, കർത്താവിനെ സ്തുതിക്കുക.

അവിടന്ന് യാക്കോബിന് തന്റെ കല്‌പനയും ഇസ്രായേലിനു തന്റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇങ്ങനെ ചെയ്തിട്ടില്ല ; അവിടത്തെ പ്രമാണങ്ങൾ അവർക്ക് അജ്‌ഞാതമാണ്.

ജറുസലേമേ, കർത്താവിനെ സ്തുതിക്കുക.

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ്തു‌തിയും

കർത്താവേ, അങ്ങയുടെ വാക്കുകൾ ആത്മാവും ജീവനുമാണ്; നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്.

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ്‌തുതിയും

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു നിയമത്തെയോ പ്രവാചകൻമാരെയോ അസാധുവാക്കാനാണു ഞാൻ വന്നതെന്ന് നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തിൽനിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാൽ, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.