സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പാറശ്ശാല ഫൊറോനയിൽ; അയിര വിശുദ്ധ കുരിശിന്റെ പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് സെപ്തംബർ 07 ഞായറാഴ്ച വൈകുന്നേരം 6.30-ന് ഇടവക വികാരി ഫാ. ഇമ്മാനുവേൽ ജോൺ ഒ.സി.ഡി. തിരുനാൾ കൊടിയേറ്റികൊണ്ട് തുടക്കം കുറിച്ചു. തുടന്ന് ആഘോഷമായ ദിവ്യബലിയ്ക്ക് ഫാ.ജെറിൻ ജോസഫ് ഒ.സി.ഡി. മുഖ്യകാർമ്മികനായി, ഫാ.ജോയി മുസ്സോളിനി ഒ.സി.ഡി. വചനപ്രഘോഷണം നൽകി. സെപ്തംബർ 14 ഞായറഴ്ചയോടെയാണ് തിരുനാൾ സമാപിക്കുക.
തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം ജപമാല, ലിറ്റിനി, നൊവേന തുടർന്ന് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിനമായ സെപ്തംബർ 13 ശനിയാഴ്ച രാവിലെ പരേതാനുസ്മരണ ദിവ്യബലിയും ഭവനങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ കല്ലറകളിൽ പ്രാർഥനയും ഉണ്ടായിരിക്കും. അന്നേദിനം വൈകുന്നേരം ദിവ്യബലിയും തുടർന്ന്, രൂപതാ നിർദേശങ്ങൾ അനുസരിച്ചുള്ള ഭക്തി നിർഭരമായ തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
സെപ്തംബർ 14 ഞായറാഴ്ചത്തെ ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് ഫാ. പോൾ ആൽബി ഒ.സി.ഡി. മുഖ്യർമ്മികനാവും ഫാ. ഹെൻസിലിൻ ഒ.സി.ഡി വചനപ്രഘോഷണം നൽകുകയും ചെയ്യും. ദിവ്യബലിയെ തുടർന്ന് നടക്കുന്ന തിരുനാൾ കൊടിയിറക്കോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകുക.




