ഒന്നാം വായന
രാജാക്കന്മാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന്
(ആ മനുഷ്യൻ ഒരു ദൈവപുരുഷനാണ്)
ഒരിക്കൽ എലീഷാ ഷുനേമിൽ ചെന്നപ്പോൾ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്‌ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവൻ ഭക്‌ഷണത്തിന് ആ വീട്ടിൽ ചെല്ലുക പതിവായി. അവൾ ഭർത്താവിനോടു പറഞ്ഞു: ഇതിലേ പോകാറുള്ള ആ മനുഷ്യൻ ഒരു ദൈവപുരുഷനാണ്. നമുക്കു മട്ടുപ്പാവിൽ ചെറിയ ഒരു മുറിയുണ്ടാക്കി അതിൽ കിടക്കയും മേശയും കസേരയും വിളക്കും വയ്ക്കാം. വരുമ്പോഴൊക്കെ അവന് അവിടെ വിശ്രമിക്കാമല്ലോ. ഒരിക്കൽ അവൻ അവിടെ വിശ്രമിക്കുകയായിരുന്നു. എലീഷാ പറഞ്ഞു: അവൾക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? ഗഹസി പറഞ്ഞു: അവൾക്കു മക്കളില്ല, ഭർത്താവ് വൃദ്‌ധനുമാണ്. അവൻ പറഞ്ഞു: അവളെ വിളിക്കുക. വിളിച്ചപ്പോൾ അവൾ വാതില്ക്കൽ വന്നുനിന്നു. എലീഷാ പറഞ്ഞു: അടുത്തവർഷം ഈ സമയത്ത് നീ ഒരു പുത്രനെ താലോലിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും; എൻ്റെ അധരങ്ങൾ തലമുറകളോട് അങ്ങയുടെ വിശ്വസ്‌തത പ്രഘോഷിക്കും. എന്തെന്നാൽ, അങ്ങയുടെ കൃപ എന്നേക്കും നിലനില്ക്കുന്നു; അങ്ങയുടെ വിശ്വസ്‌തത ആകാശംപോലെ സുസ്‌ഥിരമാണ്.
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.
ഉത്സവഘോഷത്താൽ അങ്ങയെ സ്തുതിക്കുന്നവർ ഭാഗ്യവാൻമാർ; കർത്താവേ, അവർ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ നടക്കുന്നു. അവർ നിത്യം അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു; അങ്ങയുടെ നീതി പുകഴ്ത്തുന്നു.
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.
അങ്ങാണ് അവരുടെ ശക്‌തിയും മഹത്ത്വവും; അങ്ങയുടെ പ്രസാദംകൊണ്ടാണു ഞങ്ങളുടെ കൊമ്പ് ഉയർന്നുനില്ക്കുന്നത്. കർത്താവാണു ഞങ്ങളുടെ പരിച; ഇസ്രായേലിന്റെ പരിശുദ്‌ധനാണു ഞങ്ങളുടെ രാജാവ്;
കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ജ്ഞാനസ്നാനത്താൽ നാം അവനോടുകൂടെ സംസ്‌കരിക്കപ്പെട്ടു. നാമും പുതിയ ജീവിതം നയിക്കണം)
സഹോദരരേ, യേശുക്രിസ്‌തുവിനോട് ഐക്യപ്പെടാൻ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്‌ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? അങ്ങനെ, അവൻ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താൽ നാം അവനോടൊത്തു സംസ്ക്‌കരിക്കപ്പെട്ടു. ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിൻ്റ മഹത്ത്വത്തിൽ ഉയിർത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്.
നാം ക്രിസ്തുവിനോടുകൂടെ മരിച്ചെങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു നാം വിശ്വസിക്കുന്നു. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത ക്രിസ്‌തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്റെ മേൽ ഇനി അധികാരമില്ല. അവൻ മരിച്ചു; പാപത്തെ സംബന്‌ധിച്ചിടത്തോളം എന്നേക്കുമായി അവൻ മരിച്ചു. അവൻ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവൻ ജീവിക്കുന്നു. അതുപോലെ, നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്‌തുവിൽ ദൈവത്തിനു വേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിൻ.
കർത്താവിന്റെ വചനം.
അല്ലേലുയാ !
അല്ലേലൂയാ! (1 Pet 2:9) നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാൽ, അന്ധകാരത്തിൽ നിന്ന് തന്റെ അദ്‌ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകൾ പ്രകീർത്തിക്കണം. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല. നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു)
അക്കാലത്ത്, യേശു തൻ്റെ അപ്പസ്തോലന്മാരോട് അരുൾ ചെയ്തു: എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല. സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെപ്രതി സ്വന്തം ജീവൻ നഷ്‌ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും.
നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു. ഈ ചെറിയവരിൽ ഒരുവന്, ശിഷ്യന് എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.



