സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: കട്ടയ്ക്കോട് സെയിന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ വിശ്വാസ പരിശീലന സമിതിയും ലിറ്റിൽ വേയും സംയുക്തമായി വാർഷികം സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച വൈകുന്നേരം 6-ന് ആരംഭിച്ച വാർഷിക പൊതുയോഗം ഫാ.ഡയനീഷ്യസ് ആർ.ബി. ഉദ്ഘാടനം ചെയ്തു.
വിശ്വാസ പരിശീലന സമിതി ഹെഡ്മാസ്റ്റർ സുരേഷ് എൽ. ബി.യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇടവക വികാരി ഫാ. ജോയി സാബു വൈ. അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR, മദർ സുപ്പീരിയർ സിസ്റ്റർ സോഫി തോമസ്, ഡീക്കൻ പ്രശാന്ത്, വിശ്വാസ പരിശീലന സമിതി ലീഡർ റിനോ എസ്., ലിറ്റിൽ വേ പ്രസിഡന്റ് ഹനോക് എസ്. ആർ. എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന്, ഫൊറോന തലത്തിൽ മികച്ച വിശ്വാസ പരിശീലന സമിതിയായി തെരഞ്ഞെടുക്കപ്പെട്ട കട്ടയ്ക്കോട് വിശ്വാസ പരിശീലന സമിതിക്കുള്ള മൊമെന്റോ ഫാ.ഡയനീഷ്യസിൽ നിന്ന് അധ്യാപകർ ഏറ്റുവാങ്ങി. ഫാ.ജോയ് സാബു സ്ഥലം മാറ്റം ലഭിച്ച പി.ജി. ക്ലാസ്സ് അധ്യാപിക സിസ്റ്റർ റോസ് കീലത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. രൂപത വിശ്വാസ പരിശീലന സമിതി നടത്തിയ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനി അലീഷ എ. ജോസിക്കും, രൂപത ലിറ്റിൽ വേ അസോസിയേഷൻ നടത്തിയ ഉപന്യാസ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർത്ഥിനി ജെസ്നയ്ക്കും അനുമോദനം നൽകി.
വിശ്വാസ പരിശീലന സമിതി സെക്രട്ടറി റാണി ടീച്ചർ വാർഷിക റിപ്പോർട്ടും, ആനിമേറ്റർ സിമി സെൽവിസ്റ്റർ ലിറ്റിൽ വേയുടെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. വാർഷിക യോഗത്തിന് ദീപ ടീച്ചർ സ്വാഗതവും ബ്യൂല ടീച്ചർ നന്ദിയും ആശംസിച്ചു. തുടർന്ന്, കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരുന്നു, സമ്മാനദാനത്തോടെ വാർഷികം സമാപിച്ചു.




