Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം ചൊവ്വ വചനവായന

സെപ്റ്റംബർ 01 ചൊവ്വ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(ലൗകികമനുഷ്യൻ ദൈവാത്മാവിൻ്റെ ഉപദേശം സ്വീകരിക്കുന്നില്ല.ആത്മീയമനുഷ്യൻ എല്ലാം ശരിയായി വിധിക്കുന്നു)

സഹോദരരേ, ആത്‌മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങൾപോലും, അന്വേഷിച്ചു കണ്ടെത്തുന്നു. മനുഷ്യന്റെ അന്തർഗതങ്ങൾ അവന്റെ ആത്‌മാവല്ലാതെ മറ്റാരാണറിയുക? അതുപോലെതന്നെ, ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാർക്കും സാധ്യമല്ല. നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്‌മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വർഷിക്കുന്ന ദാനങ്ങൾ മനസ്‌സിലാക്കാൻവേണ്ടി ദൈവത്തിന്റെ ആത്‌മാവിനെയാണ്. തന്നിമിത്തം, ഞങ്ങൾ ഭൗതികവിജ്‌ഞാനത്തിൻ്റെ വാക്കുകളിൽ പ്രസംഗിക്കുകയല്ല, ആത്‌മാവു ഞങ്ങളെ പഠിപ്പിച്ചതനുസരിച്ച് ആത്‌മാവിൻ്റെ ദാനങ്ങൾ പ്രാപിച്ചവർക്കുവേണ്ടി ആത്മീയസത്യങ്ങൾ വ്യാഖ്യാനിക്കുകയാണു ചെയ്യുന്നത്. ലൗകികമനുഷ്യന് ദൈവാത്‌മാവിൻ്റെ ദാനങ്ങൾ ഭോഷത്തമാകയാൽ അവൻ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങൾ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാൽ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല. ആത്‌മീയമനുഷ്യൻ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാൻ ആർക്കും സാധിക്കുകയുമില്ല. കർത്താവിനെ പഠിപ്പിക്കാൻ തക്കവിധം
അവിടത്തെ മനസ്‌സ് അറിഞ്ഞവൻ ആരുണ്ട്? ഞങ്ങളാകട്ടെ, ക്രിസ്‌തുവിന്റെ മനസ്‌സ് അറിയുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിന്റെ വഴികൾ നീതിനിഷ്ഠമാണ്.

കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്. കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവസൃഷ്‌ടിയുടെയുംമേൽ അവിടന്നു കരുണ ചൊരിയുന്നു.

കർത്താവിന്റെ വഴികൾ നീതിനിഷ്ഠമാണ്.

കർത്താവേ, അവിടത്തെ എല്ലാ സൃഷ്‌ടികളും അവിടത്തേക്കു കൃതജ്‌ഞതയർപ്പിക്കും; അങ്ങയുടെ വിശുദ്‌ധർ അങ്ങയെ വാഴ്ത്തും. അവിടുത്തെ രാജ്യത്തിൻെറ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും; അവിടത്തെ ശക്‌തിയെ അവർ വർണിക്കും.

കർത്താവിന്റെ വഴികൾ നീതിനിഷ്ഠമാണ്.

അവിടത്തെ ശക്തതമായ പ്രവൃത്തികളും അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപൂർണമായ പ്രതാപവും മനുഷ്യമക്കളെ അവർ അറിയിക്കും. അവിടത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു.

കർത്താവിന്റെ വഴികൾ നീതിനിഷ്ഠമാണ്.

കർത്താവു വാഗ്ദാനങ്ങളിൽ വിശ്വസ്‌തനും പ്രവൃത്തികളിൽ കാരുണ്യവാനുമാണ്. കർത്താവ് വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു.

കർത്താവിന്റെ വഴികൾ നീതിനിഷ്ഠമാണ്.

അല്ലേലൂയാ!

അല്ലേലൂയാ! (ലൂക്കാ 7:16). ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അങ്ങ് ദൈവത്തിൻ്റെ പരിശുദ്ധനാണെന്ന് എനിക്കറിയാം)

അക്കാലത്ത്, യേശു ഗലീലിയിലെ ഒരു പട്ടണമായ കഫർണാമിൽ എത്തി സാബത്തിൽ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്റെ പ്രബോധനത്തിൽ അവർ വിസ്മയഭരിതരായി. കാരണം, അധികാരത്തോടുകൂടിയതായിരുന്നു അവന്റെ വചനം. അവിടെ സിനഗോഗിൽ അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ഉണ്ടായിരുന്നു. അവൻ ഉറക്കെ നിലവിളിച്ചു പറഞ്ഞു: നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധൻ. യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടശേഷം അവനെ വിട്ടുപോയി. എല്ലാവരും അദ്ഭുതപ്പെട്ട് പരസ്‌പരം പറഞ്ഞു: എന്തൊരു വചനമാണിത്! ഇവൻ അധികാരത്തോടും ശക്തിയോടും കൂടെ അശുദ്ധാത്മാക്കളോടു കല്‌പിക്കുകയും അവ വിട്ടുപോവുകയും ചെയ്യുന്നുവല്ലോ. അവന്റെ കീർത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.