വിജയനാഥ്
ഇറയാംകോട്: ഇറയാംകോട് മൈലം തിരുകുടുംബ പള്ളിയിൽ കെ. സി. വൈ. എം യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 5 ഞായറാഴ്ച വൈകുന്നേരം നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. പ്രദീപ് ആന്റോ മുഖ്യകാർമികനായി. യൂണിറ്റ് പ്രസിഡന്റ് റിജു. എസ്. പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന്, യൂണിറ്റ് പ്രസിഡന്റ് റിജുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം നെയ്യാറ്റിൻകര ലത്തീൻ രൂപത പ്രസിഡന്റ് അരുൺ രാജ് സി. എസ്. ഉദ്ഘാടനം ചെയ്തു. കെ. സി. വൈ. എം. നെടുമങ്ങാട് റീജിയൻ കോർഡിനേറ്ററും ഇടവക വികാരിയുമായ ഫാ. പ്രദീപ് ആന്റോ ആമുഖ സന്ദേശം നൽകി. മുൻ കെ. സി. വൈ. എം. രൂപത പ്രസിഡന്റ് എസ്. ആർ. സന്തോഷ്, നെടുമങ്ങാട് ഫെറോന പ്രസിഡന്റ് ഡൊമിനിക്ക് ദാസ്, സെക്രട്ടറി ആദർശ്, യൂണിറ്റ് സെക്രട്ടറി അമിത്ര, ആർഷ എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഘടനയിലേക്ക് പുതിയതായി വന്ന യുവജനങ്ങളെ സ്വാഗതം ചെയ്തതിനെ തുടർന്ന് യുവജനങ്ങൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികളോടുകൂടെ ആഘോഷങ്ങൾക്ക് സമാപനമായി.




