Word of God

പെസഹകാലം മൂന്നാം വാരം : വ്യാഴം വചനവായന

ഏപ്രിൽ 23 വ്യാഴം

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ഇതാ വെള്ളം, എന്നെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?)

അക്കാലത്ത്, കർത്താവിന്റെ ഒരു ദൂതൻ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടുനടന്ന്, ജറുസലേമിൽ നിന്ന് ഗാസായിലേക്കുള്ള പാതയിലെത്തുക. അത് ഒരു വിജന മായ പാതയായിരുന്നു. അവൻ എഴുന്നേറ്റ് യാത്രതിരിച്ചു. അപ്പോൾ എത്യോപ്യാക്കാരനായ ഒരു ഷൺഡൻ, എത്യോപ്യാ രാജ്‌ഞിയായ കൻദാക്കെയുടെ ഭൺഡാരവിചാരിപ്പുകാരൻ, ജറുസലേമിൽ ആരാധിക്കാൻ പോയിട്ടു തിരിച്ചുവരുകയായിരുന്നു. രഥത്തിലിരുന്ന് അവൻ ഏശയ്യായുടെ പ്രവചനം വായിച്ചു കൊണ്ടിരുന്നു. ആത്‌മാവ് പീലിപ്പോസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടു ചേർന്നു നടക്കുക. പീലിപ്പോസ് അവന്റെയടുക്കൽ ഓടിയെത്തി; അവൻ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ട്, ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്‌സിലാകുന്നുണ്ടോ? അവൻ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാൻ മനസ്‌സിലാക്കുക? രഥത്തിൽക്കയറി തന്നോടുകൂടെയിരിക്കാൻ പീലിപ്പോസിനോട് അവൻ അപേക്‌ഷിച്ചു. അവൻ വായിച്ചുകൊണ്ടിരുന്ന വിശുദ്‌ധഗ്രന്‌ഥഭാഗം ഇതാണ്: കൊലയ്ക്കുകൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പിൽ മുകനായി നില്ക്കുന്ന ആട്ടിൻകുട്ടിയെപ്പോലെയും അവൻ തന്റെ വായ് തുറന്നില്ല. അപമാനിതനായ അവന് നീതിനിഷേധിക്കപ്പെട്ടു. അവന്റെ പിൻതലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാൽ, ഭൂമിയിൽനിന്ന് അവന്റെ ജീവൻ അപഹരിക്കപ്പെട്ടു.

ഷൺഡൻ പീലിപ്പോസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് പ്രവാചകൻ ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ? അപ്പോൾ പീലിപ്പോസ് സംസാരിക്കാൻ തുടങ്ങി. ഷൺഡൻ വായിച്ച വിശുദ്‌ധഗ്രന്ഥഭാഗത്തുനിന്ന് ആരംഭിച്ച്, അവനോട് യേശുവിന്റെ സുവിശേഷം പ്രസംഗിച്ചു. അവർ പോകുമ്പോൾ ഒരു ജലാശയത്തിങ്കലെത്തി. അപ്പോൾ ഷൺഡൻ പറഞ്ഞു: ഇതാ വെള്ളം; എന്നെ ജ്ഞാനസ്നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?

രഥംനിർത്താൻ അവൻ ആജ്‌ഞാപിച്ചു. അവർ ഇരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷൺഡന് സ്‌നാനം നല്കി. അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്‌മാവ് പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷൺഡൻ അവനെ പിന്നീടു കണ്ടില്ല. സന്തോഷഭരിതനായി അവൻ യാത്രതുടർന്നു. താൻ അസോത്തൂസിൽ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റി സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ച് അവൻ കേസറിയായിലെത്തി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ. (അല്ലെങ്കിൽ അല്ലേലൂയാ!)

ജനതകളേ, കർത്താവിനെ വാഴ്ത്തുവിൻ! അവിടത്തെ സ്തുതിക്കുന്ന സ്വരംഉയരട്ടെ! അവിടന്നു നമ്മുടെ ജീവൻ കാത്തുപാലിക്കുന്നു. നമ്മുടെ കാലിടറാൻ അവിടന്നു സമ്മതിക്കുകയില്ല.

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

ദൈവഭക്തരേ, വന്നു കേൾക്കുവിൻ, അവിടന്ന് എനിക്കു വേണ്ടി ചെയ്ത‌തെല്ലാം ഞാൻ വിവരിക്കാം. ഞാൻ അവിടത്തോട് ഉച്ചത്തിൽ വിളിച്ചപേക്ഷിച്ചു; എന്റെ നാവുകൊണ്ടു ഞാൻ അവിടത്തെ പുകഴ്ത്തി.

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

ദൈവം വാഴ്ത്തപ്പെടട്ടെ! അവിടന്ന് എന്റെ പ്രാർഥന തള്ളിക്കളഞ്ഞില്ല; അവിടത്തെ കാരുണ്യം എന്നിൽനിന്ന് എടുത്തുകളഞ്ഞില്ല.

ഭൂവാസികളേ, ആഹ്ളാദത്തോടെ ദൈവത്തിന് ആർപ്പുവിളിക്കുവിൻ

അല്ലേലൂയാ !

അല്ലേലൂയാ! (യോഹ 6 : 51). കർത്താവ് അരുൾചെയ്യുന്നു: സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(സ്വർഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്)

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾ ചെയ്തു: എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാൻ സാധിക്കുകയില്ല. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കും. അവരെല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്‌ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു. പിതാവിൽനിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കൽ വരുന്നു. ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനർഥം. ദൈവത്തിൽനിന്നുള്ളവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാൻ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കൻമാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവർ മരിച്ചു. ഇതാകട്ടെ, മനുഷ്യൻ ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗത്തിൽനിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്‌ഷിക്കുന്നവൻ മരിക്കുകയില്ല. സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നല്‌കുന്ന അപ്പം എന്റെ ശരീരമാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.