ഏപ്രിൽ 24 വെള്ളി
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പിൽ എൻ്റെ നാമം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ)
അക്കാലത്ത്, സാവൂൾ കർത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. അവൻ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്‌തുമാർഗം സ്വീകരിച്ച സ്ത്രീപുരുഷൻമാരിൽ ആരെക്കണ്ടാലും അവരെ ബന്‌ധനസ്‌ഥരാക്കി ജറുസലേമിലേക്കുകൊണ്ടുവരാൻ ദമാസ്‌കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങൾ ആവശ്യപ്പെട്ടു. അവൻ യാത്ര ചെയ്ത് ദമാസ്കസിനെ സമീപിച്ചപ്പോൾ, പെട്ടെന്ന് ആകാശത്തിൽനിന്ന് ഒരു മിന്നലൊളി അവൻെമേൽ പതിച്ചു. അവൻ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു: സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? അവൻ ചോദിച്ചു: കർത്താവേ, അങ്ങ് ആരാണ്? അപ്പോൾ ഇങ്ങനെ മറുപടിയുണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ. എഴുന്നേറ്റ് നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും. അവനോടൊപ്പം യാത്ര ചെയ്‌തിരുന്നവർ സ്വരംകേട്ടെങ്കിലും ആരെയും കാണായ്‌കയാൽ സ്‌തബ്‌ധരായി നിന്നുപോയി.
സാവൂൾ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകൾ തുറന്നിരുന്നിട്ടും ഒന്നും കാണാൻ അവനു കഴിഞ്ഞില്ല. തൻമൂലം, അവർ അവനെ കൈക്കുപിടിച്ച് ദമാസ്‌കസിലേക്കു കൊണ്ടു പോയി. മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവൻ ഒന്നും ഭക്‌ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.
അനനിയാസ് എന്നു പേരുള്ള ഒരു ശിഷ്യൻ ദമാസ്കസിലുണ്ടായിരുന്നു. ദർശനത്തിൽ കർത്താവ് അവനെ വിളിച്ചു: അനനിയാസ്; അവൻ വിളികേട്ടു: കർത്താവേ, ഇതാ ഞാൻ! കർത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവിൽച്ചെന്ന് യൂദാസിന്റെ ഭവനത്തിൽ താർ സോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവൻ ഇതാ, പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്. അനനിയാസ് എന്നൊരുവൻ വന്ന് തനിക്ക് വീണ്ടും കാഴ്‌ച ലഭിക്കാൻ തൻമേൽ കൈകൾ വയ്ക്കുന്നതായി അവന് ഒരു ദർശനം ഉണ്ടായിരിക്കുന്നു. അനനിയാസ് പറഞ്ഞു: കർത്താവേ, അവിടത്തെ വിശുദ്‌ധർക്കെതിരായി അവൻ ജറുസലേമിൽ എത്രമാത്രം തിൻമകൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് വളരെപ്പേരിൽനിന്നു ഞാൻ കേട്ടിട്ടുണ്ട്. ഇവിടെയും അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുന്ന സകലരെയും ബന്ധനസ്‌ഥരാക്കുന്നതിനുള്ള അധികാരം പുരോഹിതപ്രമുഖൻമാരിൽ നിന്ന് അവൻ സമ്പാദിച്ചിരിക്കുന്നു. കർത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കൻമാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പിൽ എന്റെനാമം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ. എൻ്റെ നാമത്തെപ്രതി അവൻ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാൻ കാണിച്ചുകൊടുക്കും.അനനിയാസ് ചെന്ന് ആ ഭവനത്തിൽ പ്രവേശിച്ച് അവൻ മേൽ കൈകൾവച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂൾ, മാർഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്‌ധാത്മാവാൽ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു. ഉടൻതന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവൻ്റെ കണ്ണുകളിൽനിന്ന് അടർന്നുവീഴുകയും അവനു കാഴ്‌ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എഴുന്നേറ്റ് ജ്‌ഞാനസ്‌നാനം സ്വീകരിച്ചു.
അനന്തരം, അവൻ ഭക്‌ഷണം കഴിച്ചു ശക്‌തിപ്രാപിക്കുകയും ദമാസ്ക്കസിലെ ശിഷ്യൻമാരോടുകൂടെ കുറെ ദിവസം താമസിക്കുകയും ചെയ്തു. അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവൻ സിനഗോഗുകളിൽ പ്രഘോഷിക്കാൻ തുടങ്ങി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ (അല്ലെങ്കിൽ: അല്ലേലൂയാ!)
ജനതകളേ, കർത്താവിനെ സ്‌തുതിക്കുവിൻ; ജനപദങ്ങളേ, അവിടത്തെ പുകഴ്ത്തുവിൻ.
നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ
നമ്മോടുള്ള അവിടത്തെ കാരുണ്യം ശക്തമാണ്; കർത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്ക്കുന്നു.
നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 6 : 56). കർത്താവ് അരുൾചെയ്യുന്നു. എന്റെ ശരീരം യഥാർഥഭക്ഷണമാണ്. എന്റെ ശരീരം ഭക്ഷിക്കു കയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എൻ്റെ ശരീരം യഥാർഥഭക്ഷണമാണ്. എൻ്റെ രക്തം യഥാർഥപാനീയവുമാണ്)
അക്കാലത്ത്, യഹൂദർക്കിടയിൽ തർക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്‌ഷണമായിത്തരാൻ ഇവന് എങ്ങനെ കഴിയും എന്ന് അവർ ചോദിച്ചു. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്ക് ജീവനുണ്ടായിരിക്കുകയില്ല. എൻ്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ, എന്റെ ശരീരം യഥാർഥ ഭക്ഷ്ണമാണ്. എന്റെ രക്തം യഥാർഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാൻ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. ഇത് സ്വർഗത്തിൽനിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കൻമാർ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്‌ഷിക്കുന്നവൻ എന്നേക്കും ജീവിക്കും. കഫർണാമിലെ സിനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൻ ഇതു പറഞ്ഞത്.



