Word of God

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ വചനവായന

ഒക്ടോബർ 25 ഞായർ

ഒന്നാം വായന

പുറപ്പാടിന്റെ പുസ്തകത്തിൽനിന്ന്

(വിധവകളെയോ അനാഥക്കുട്ടികളെയോ ഉപദ്രവിച്ചാൽ, എന്റെ കോപം നിങ്ങൾക്കെതിരായി ജ്വലിക്കും)

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: നിങ്ങൾ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങൾ ഈജിപ്തിൽ പരദേശികളായിരുന്നല്ലോ. വിധവയെയോ അനാഥനെയോ നിങ്ങൾ പീഡിപ്പിക്കരുത്. നിങ്ങൾ അവരെ ഉപദ്രവിക്കുകയും അവർ എന്നെ വിളിച്ചുകരയുകയും ചെയ്താൽ നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കും. എന്റെ കോപം ജ്വലിക്കുകയും നിങ്ങളെ ഞാൻ വാൾ കൊണ്ടു വധിക്കുകയും ചെയ്യും. അപ്പോൾ നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ മക്കൾ അനാഥരുമായിത്തീരും. നിന്നോടൊന്നിച്ചു വസിക്കുന്ന എന്റെ ജനത്തിൽ ദരിദ്രരായ ആർക്കെങ്കിലും നീ വായ്പ കൊടുത്താൽ, പലിശയ്ക്കു കടംകൊടുക്കുന്നവനെപ്പോലെ പെരുമാറരുത്. അവരിൽനിന്നു പലിശ ഈടാക്കുകയുമരുത്. അയല്ക്കാരന്റെ മേലങ്കി പണയം വാങ്ങിയാൽ സൂര്യാസ്തമയത്തിനു മുൻപ് അതു തിരിയെക്കൊടുക്കണം. എന്തെന്നാൽ, അതുമാത്രമാണ് അവനുള്ള പുതപ്പ്. തന്റെ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോൾ പുതയ്ക്കാൻ മറ്റെന്തുണ്ട്? അവൻ എന്നെ വിളിച്ചു കരഞ്ഞാൽ ഞാൻ അതു കേൾക്കും; ഞാൻ കരുണയുള്ളവനാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, എൻ്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

കർത്താവേ, എന്റെ ശക്‌തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങാണ് എന്റെ രക്‌ഷാശിലയും കോട്ടയും വിമോചകനും.

കർത്താവേ, എൻ്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

എൻ്റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും എന്റെ പരിചയും രക്‌ഷാശൃംഗവും അഭയകേന്ദ്രവും. സ്‌തുത്യർഹനായ കർത്താവിനെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; അവിടന്ന് എന്നെ ശത്രുക്കളിൽനിന്നു രക്ഷിക്കും.

കർത്താവേ, എൻ്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

കർത്താവു ജീവിക്കുന്നു; എൻ്റെ രക്‌ഷാശില വാഴ്ത്തപ്പെടട്ടെ; എൻ്റെ രക്‌ഷയുടെ ദൈവം സ്‌തുതിക്കപ്പെടട്ടെ. തന്റെ രാജാവിന് അവിടന്ന് വൻവിജയം നല്‌കുന്നു: തന്റെ അഭിഷിക്‌തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു.

കർത്താവേ, എൻ്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ തെസസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(വിഗ്രഹങ്ങളെ ഉപേക്ഷിക്കുകയും ദൈവത്തെ സേവിക്കുകയും അവിടത്തെ പുത്രനെ കാത്തിരിക്കുകയും ചെയ്യുവിൻ)

സഹോദരരേ, നിങ്ങളുടെയിടയിൽ നിങ്ങൾക്കുവേണ്ടി എങ്ങനെയാണു ഞങ്ങൾ വർത്തിച്ചിരുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ ഞങ്ങളെയും കർത്താവിനെയും അനുകരിക്കുന്നവരായി. കാരണം, വളരെ ക്ലേശങ്ങൾക്കിടയിലും പരിശുദ്ധാത്മാവാൽ പ്രചോദിതമായ ആനന്ദത്തോടെ നിങ്ങൾ വചനം സ്വീകരിച്ചു. അങ്ങനെ നിങ്ങൾ മക്കെദോനിയായിലും അക്കായിയായിലുമുള്ള വിശ്വാസികൾക്കെല്ലാം മാതൃകയായിരിക്കുന്നു. എന്തെന്നാൽ, നിങ്ങളിൽനിന്നു കർത്താവിന്റെ വചനം മക്കെദോനിയായിലും അക്കായിയായിലും പ്രതിധ്വനിക്കുക മാത്രമല്ല, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം എല്ലായിടത്തും ചെന്നെത്തുകയും ചെയ്തിരിക്കുന്നു. തൻമൂലം, അതെക്കുറിച്ച് കൂടുതലായി ഒന്നുംതന്നെ ഞങ്ങൾ പറയേണ്ടതില്ല. ഞങ്ങൾക്ക് ഏതു വിധത്തിലുള്ള സ്വാഗതമാണു നിങ്ങളിൽനിന്നു ലഭിച്ചതെന്നും ജീവിക്കുന്ന സത്യദൈവത്തെ സേവിക്കുന്നതിനും അവിടന്ന് മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തിൽ നിന്നു നമ്മെ മോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടത്തെ പുത്രനെ സ്വർഗത്തിൽനിന്നു പ്രതീക്‌ഷിക്കുന്നതിനും വേണ്ടി വിഗ്രഹങ്ങളിൽനിന്ന് നിങ്ങൾ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവർ ഞങ്ങളോടു വിവരിച്ചു.

കർത്താവിന്റെ വചനം.
അല്ലേലൂയാ !

അല്ലേലൂയാ! (Jn. 14:23) കർത്താവ് അരുൾചെയ്യുന്നു; എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്തു വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിൻ്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുക; നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെയും സ്നേഹിക്കുക)

അക്കാലത്ത്, യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോൾ ഫരിസേയർ ഒന്നിച്ചുകൂടി. അവരിൽ ഒരു നിയമപണ്ഡിതൻ അവനെ പരീക്‌ഷിക്കാൻ ചോദിച്ചു: ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്പ‌ന ഏതാണ്? അവൻ പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസോടുംകൂടെ സ്നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്‌പന. രണ്ടാമത്തെ കല്പ്പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക. ഈ രണ്ടു കല്പനകളിൽ സമസ്ത നിയമവും പ്രവാചകൻമാരും അധിഷ്ഠിതമായിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.