ഒക്ടോബർ 26 തിങ്കൾ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുവിൻ)
സഹോദരരേ, ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ. വത്സലമക്കളെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിൻ. ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുവിൻ. അവിടന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നത്തന്നെ ദൈവത്തിനു സമർപ്പിച്ചു. നിങ്ങളുടെയിടയിൽ വ്യഭിചാരത്തിന്റെയും ഒരുവിധ അശുദ്‌ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേൾക്കരുത്. അങ്ങനെ വിശുദ് ധർക്കു യോഗ്യമായ രീതിയിൽ വർത്തിക്കുവിൻ. ക്ലേച്ഛതയും വ്യർഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം, കൃതജ്‌ഞതാസ്തോത്രമാണ് ഉചിതം. വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്തുവിന്റെറയും രാജ്യത്തിൽ അവകാശമില്ലെന്നു നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ. ആരും അർഥശൂന്യമായ വാക്കുകൾ കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേൽ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു. അതിനാൽ, അവരുമായി സമ്പർക്കമരുത്. ഒരിക്കൽ നിങ്ങൾഅന്‌ധകാരമായിരുന്നു. ഇന്നു നിങ്ങൾ കർത്താവിൽ പ്രകാശമായിരിക്കുന്നു. പ്രകാശത്തിൻ്റെ മക്കളെപ്പോലെ വർത്തിക്കുവിൻ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
വത്സലമക്കളെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിൻ.
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ. അവൻറെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവൻ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
വത്സലമക്കളെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിൻ.
നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്‌ഷംപോലെയാണ് അവൻ; അവന്റെ പ്രവൃത്തികൾ സഫലമാകുന്നു.
വത്സലമക്കളെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിൻ.
ദുഷ്‌ടർ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവർ. കർത്താവു നീതിമാൻമാരുടെ മാർഗം അറിയുന്നു; ദുഷ്ടരുടെമാർഗം നാശത്തിൽ അവസാനിക്കും.
വത്സലമക്കളെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിൻ.
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 17:17b). കർത്താവേ, അങ്ങയുടെ വചന മാണ് സത്യം. സത്യത്താൽ ഞങ്ങളെ വിശുദ്‌ധീകരിക്കണമേ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അബ്രാഹത്തിന്റെ ഈ മകളെ സാബത്തുദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ?)
ഒരു സാബത്തിൽ യേശു ഒരു സിനഗോഗിൽ പഠിപ്പിച്ചു കൊണ്ടിരുന്നു. പതിനെട്ടു വർഷമായി ഒരു ആത്മാവു ബാധിച്ച് രോഗിണിയായി നിവർന്നു നില്ക്കാൻ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവൾ അവിടെയുണ്ടായിരുന്നു. യേശു അവളെ കണ്ടപ്പോൾ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നു നീ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. അവൻ അവളുടെമേൽ കൈകൾ വച്ചു. തത്ക്ഷണം അവൾ നിവർന്നുനില്ക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. യേശു സാബത്തിൽ രോഗം സുഖപ്പെടുത്തിയതിൽ കോപിച്ച് സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവസങ്ങൾ ഉണ്ട്. ആ ദിവസങ്ങളിൽ വന്ന് രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല. അപ്പോൾ കർത്താവുപറഞ്ഞു: കപടനാട്യക്കാരേ, നിങ്ങൾ ഓരോരുത്തരും സാബത്തിൽ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നഴിച്ച് വെള്ളം കുടിപ്പിക്കാൻ കൊണ്ടുപോകുന്നില്ലേ? പതിനെട്ടുവർഷം സാത്താൻ ബന്‌ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിന്റെ ഈ മകളെ സാബത്തുദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ? ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാൽ, ജനക്കൂട്ടം മുഴുവൻ അവൻ ചെയ്‌തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.



