ജൂൺ 17 ബുധൻ
ഒന്നാം വായന
രാജാക്കൻമാരുടെ രണ്ടാം പുസ്തകത്തിൽനിന്ന്
(ആഗ്നേയരഥം വന്നു; തത്ക്ഷണം ഏലിയാ സ്വർഗത്തിലേക്ക് ഉയർന്നു)
കർത്താവ് ഏലിയായെ സ്വർഗത്തിലേക്ക് ചുഴലിക്കാറ്റിലുടെ എടുക്കാൻ സമയമായപ്പോൾ, ഏലിയായും എലീഷായും ഗിൽ ഗാലിൽനിന്നു വരുകയായിരുന്നു. അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കർത്താവ് എന്നെ ജോർദാനിലേക്ക് അയച്ചിരിക്കുന്നു. അവൻ പറഞ്ഞു: കർത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു, ഞാൻ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരും യാത്ര തുടർന്നു. അവർ ഇരുവരും ജോർദാനു സമീപം എത്തിയപ്പോൾ പ്രവാചകഗണത്തിൽപ്പെട്ട അമ്പതുപേർ അല്പം അകലെ വന്നുനിന്നു. ഏലിയാ മേലങ്കിയെടുത്ത് ചുരുട്ടി വെള്ളത്തിൽ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടെ അക്കരെ കടന്നു. മറുകരെ എത്തിയപ്പോൾ ഏലിയാ എലീഷായോടു പറഞ്ഞു: നിന്നിൽനിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാൻ എന്താണു ചെയ്തുതരേണ്ടത്? എലീഷാ പറഞ്ഞു: അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപങ്ക് എനിക്കു ലഭിക്കട്ടെ. അവൻ പറഞ്ഞു: ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്. എങ്കിലും ഞാൻ എടുക്കപ്പെടുന്നതു നീ കാണുകയാണെങ്കിൽ, നിനക്ക് അതു ലഭിക്കും. കണ്ടില്ലെങ്കിൽ, ലഭിക്കുകയില്ല. അവർ സംസാരിച്ചുകൊണ്ടു പോകുമ്പോൾ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേർപെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റിൽസ്വർഗത്തിലേക്ക് ഉയർന്നു. എലീഷാ അതു കണ്ട് നിലവിളിച്ചു. എന്റെ പിതാവേ, എന്റെ പിതാവേ! ഇസ്രായേലിൻ്റെ രഥങ്ങളും സാരഥികളും! പിന്നെ അവൻ ഏലിയായെ കണ്ടില്ല. അവൻ വസ്ത്രം കീറി.
അവൻ ഏലിയായിൽനിന്നു വീണുകിട്ടിയ മേലങ്കിയുമായി ജോർദാന്റെ കരയിൽ ചെന്നുനിന്നു. അവൻ അതു വെള്ളത്തിൻ മേൽ അടിച്ചുകൊണ്ടു പറഞ്ഞു: ഏലിയായുടെ ദൈവമായ കർത്താവ് എവിടെ? അവൻ വെള്ളത്തിൻമേൽ അടിച്ചപ്പോൾ വെള്ളം ഇരുവശത്തേക്കും മാറി. അവൻ കടന്നുപോയി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ കാത്തിരിക്കുന്നവരേ, ദുർബലരാകാതെ ധൈര്യം അവലംബിക്കുവിൻ.
കർത്താവേ, അങ്ങയുടെ അനുഗ്രഹങ്ങൾ എത്ര വിപുലമാണ്! തന്റെ ഭക്തർക്കുവേണ്ടി അവിടന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങിൽ അഭയം തേടുന്നവർക്ക് അവ പരസ്യമായി നല്കുന്നു.
കർത്താവിനെ കാത്തിരിക്കുന്നവരേ, ദുർബലരാകാതെ ധൈര്യം അവലംബിക്കുവിൻ.
അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽനിന്നു രക്ഷിക്കാൻ അങ്ങയുടെ സാന്നിധ്യത്തിന്റെ മറവിൽ ഒളിപ്പിച്ചു. നിന്ദാവചനങ്ങൾ ഏല്ക്കാതെ അങ്ങയുടെ കൂടാരത്തിൽ അവരെ മറച്ചുവച്ചു.
കർത്താവിനെ കാത്തിരിക്കുന്നവരേ, ദുർബലരാകാതെ ധൈര്യം അവലംബിക്കുവിൻ.
കർത്താവിന്റെ വിശുദ്ധരേ, അവിടത്തെ സ്നേഹിക്കുവിൻ; അവിടന്ന് വിശ്വസ്തതരെ പരിപാലിക്കുന്നു; അഹങ്കാരികളെ കഠിനമായി ശിക്ഷിക്കുന്നു.
കർത്താവിനെ കാത്തിരിക്കുന്നവരേ, ദുർബലരാകാതെ ധൈര്യം അവലംബിക്കുവിൻ.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 14:23). കർത്താവ് അരുൾചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെയ ടുത്ത് വരുകയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(രഹസ്യങ്ങൾ അറിയുന്ന നിൻ്റെ പിതാവ് നിനക്കു പ്രതിഫലം നല്കും)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു: മറ്റുളളവരെ കാണിക്കാൻവേണ്ടി അവരുടെ മുമ്പിൽ വച്ച് നിങ്ങളുടെ സത്കർമങ്ങൾ അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ, അല്ലെങ്കിൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിങ്കൽ നിങ്ങൾക്കു പ്രതിഫലമില്ല. മറ്റുള്ളവരിൽനിന്നു പ്രശംസ ലഭിക്കാൻ കപടനാട്യക്കാർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ മുമ്പിൽ കാഹളം മുഴക്കരുത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ധർമദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തു കൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും.
നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻവേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാർഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാൽ, നീ പ്രാർഥിക്കുമ്പോൾ നിൻ്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യത്തിൽ നിന്റെ പിതാവിനോടു പ്രാർഥിക്കുക; രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും.
നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻവേണ്ടി അവർ മുഖം വിക്യതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ, നീ ഉപവസിക്കുന്നത് അദ്യശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും.




