ജൂലൈ 07 ചൊവ്വ
ഒന്നാം വായന
ഹോസിയാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(അവർ കാറ്റു വിതയ്ക്കുന്നു; കൊടുങ്കാറ്റ് കൊയ്യും)
കർത്താവ് അരുൾചെയ്യുന്നു: ഇസ്രായേൽ, രാജാക്കൻമാരെ വാഴിച്ചു; എന്നാൽ, എന്റെ ആഗ്രഹമനുസരിച്ചല്ല അവർ അധികാരികളെ നിയമിച്ചത്, എന്റെ അറിവുകൂടാതെയാണ്. തങ്ങളുടെ വെള്ളിയും സ്വർണവുംകൊണ്ട് അവർ വിഗ്രഹങ്ങൾ നിർമിച്ചു. അത് അവരെ നാശത്തിലെത്തിച്ചു. സമരിയാ, നിൻെറ കാളകുട്ടിയെ ഞാൻ തട്ടിത്തെറിപ്പിച്ചു; എന്റെ കോപം അവർക്കെതിരേ ആളിക്കത്തുന്നു. തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ ഇനിയും അവർ എത്ര വൈകും? അത് ഇസ്രായേലിലെ ഒരു ശില്പി ഉണ്ടാക്കിയതാണ്, അത് ദൈവമല്ല, സമരിയായുടെ കാളക്കുട്ടിയെ കഷണങ്ങളായി ഞാൻ തകർക്കും. അവർ കാറ്റു വിതയ്ക്കുന്നു; കൊടുങ്കാറ്റ് കൊയ്യും. വളർന്നുനില്ക്കുന്ന ചെടികളിൽ കതിരില്ല; അതു ധാന്യം നല്കുകയില്ല. നല്കിയാൽത്തന്നെ അത് അന്യർ വിഴുങ്ങും.
എഫ്രായിം, പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വർധിപ്പിച്ചു. അത് അവനു പാപം ചെയ്യാനുള്ള പീഠങ്ങളായി. ഞാൻ അവന് ആയിരം പ്രമാണങ്ങൾ എഴുതിക്കൊടുത്തിരുന്നെങ്കിൽ ത്തന്നെയും അവന് അവ അപരിചിതമായിത്തോന്നുമായിരുന്നു. അവർ ബലികൾ ഇഷ്ടപ്പെടുന്നു. അവർ മാംസം അർപ്പിക്കുന്നു; അതു ഭക്ഷിക്കുന്നു. എന്നാൽ, കർത്താവ് അവരിൽ സംപ്രീത നാവുകയില്ല. അവിടന്ന് അവരുടെ അകൃത്യങ്ങൾ ഓർക്കും. അവരുടെ പാപങ്ങൾക്ക് അവരെ ശിക്ഷിക്കും. അവർ ഈജിപ്തിലേക്കു മടങ്ങും.
കർത്താവിന്റെ വചനം
പ്രതിവചനസങ്കീർത്തനം
ഇസ്രായേലേ, കർത്താവിൽ ആശ്രയിക്കുവിൻ (അല്ലെങ്കിൽ: അല്ലേലൂയാ!)
നമ്മുടെ ദൈവം സ്വർഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടന്നു ചെയ്യുന്നു. അവരുടെ വിഗ്രഹങ്ങൾ സ്വർണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകൾ മാത്രം!
ഇസ്രായേലേ, കർത്താവിൽ ആശ്രയിക്കുവിൻ
അവയ്ക്കു വായുണ്ട്. എന്നാൽ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാൽ കാണുന്നില്ല. അവയ്ക്കു കാതുണ്ട്, എന്നാൽ കേൾക്കുന്നില്ല. മൂക്കുണ്ട്, എന്നാൽ മണത്തറിയുന്നില്ല.
ഇസ്രായേലേ, കർത്താവിൽ ആശ്രയിക്കുവിൻ
അവയ്ക്കു കൈയുണ്ട്, എന്നാൽ സ്പർശിക്കുന്നില്ല; കാലുണ്ട്, എന്നാൽ നടക്കുന്നില്ല; അവ നിർമിക്കുന്നവർ അവയെപ്പോലെയാണ്; അവയിൽ ആശ്രയിക്കുന്നവരും അതു പോലെതന്നെ.
ഇസ്രായേലേ, കർത്താവിൽ ആശ്രയിക്കുവിൻ
ഇസ്രായേലേ, കർത്താവിൽ ആശ്രയിക്കുവിൻ, അവിടന്നാണു നിങ്ങളുടെ സഹായവും പരിചയും. അഹറോനോവ ഭവനമേ, കർത്താവിൽ ശരണം വയ്ക്കുവിൻ; അവിടന്നാണു നിങ്ങളുടെ സഹായവും പരിചയും.
ഇസ്രായേലേ, കർത്താവിൽ ആശ്രയിക്കുവിൻ
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 10 : 14) കർത്താവ് അരുൾചെയ്യുന്നു. ഞാൻ നല്ല ഇടയനാണ്. ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(വിളവധികം; വേലക്കാരോ ചുരുക്കം)
അക്കാലത്ത്, പിശാചുബാധിതനായ ഒരു ഊമയെ ജനങ്ങൾ യേശുവിന്റെയടുക്കൽ കൊണ്ടുവന്നു. അവൻ പിശാചിനെ പുറത്താക്കിയപ്പോൾ ആ ഊമ സംസാരിച്ചു. ജനങ്ങൾ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇതുപോലൊരു സംഭവം ഇസ്രായേലിൽ ഒരിക്കലും കണ്ടിട്ടില്ല. എന്നാൽ, ഫരിസേയർ പറഞ്ഞു: അവൻ പിശാചുക്കളുടെ തലവനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്. യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകമ്പതോന്നി. അവർ ഇടയനില്ലാത്ത ആടുകളെ പ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവൻ ശിഷ്യൻമാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോടു പ്രാർഥിക്കുവിൻ.




