Word of God

ആണ്ടുവട്ടം പതിനഞ്ചാം വാരം തിങ്കൾ വചനവായന

ജൂലൈ 13 തിങ്കൾ

ഒന്നാം വായന

ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ നിങ്ങളുടെ ദുഷ്കർമങ്ങൾ എന്റെ സന്നിധിയിൽ നിന്നു നീക്കിക്കളയുവിൻ)

സോദോമിന്റെ അധിപതികളേ, കർത്താവിൻ്റെ വചനം ശ്രവിക്കുവിൻ. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങൾ ശ്രദ്ധിക്കുവിൻ, കർത്താവ് അരുൾചെയ്യുന്നു: നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്‌സും എനിക്കു മതിയായി. കാളകളുടെയോ ആട്ടിൻകുട്ടികളുടെയോ മുട്ടാടിന്റെയോ രക്തം കൊണ്ടു ഞാൻ പ്രസാദിക്കുകയില്ല. എന്റെ സന്നിധിയിൽ വരാൻ, എൻെറ അങ്കണത്തിൽ കാലുകുത്താൻ, ഇവ വേണമെന്ന് ആരു നിങ്ങളോടു പറഞ്ഞു? വ്യർഥമായ കാഴ്ചകൾ ഇനിമേൽ അർപ്പിക്കരുത്. ധൂപം എനിക്കു ശ്ലേച്ഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞ ഉത്‌സവങ്ങൾ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാൻ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീർന്നിരിക്കുന്നു. നിങ്ങൾ കരങ്ങളുയർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്നു മുഖം മറയ്ക്കും. നിങ്ങൾ എത്ര പ്രാർഥിച്ചാലും ഞാൻ കേൾക്കുകയില്ല, നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നിങ്ങളുടെ ദുഷ്കർമങ്ങൾ എന്റെ സന്നിധിയിൽ നിന്നു നീക്കിക്കളയുവിൻ. നിങ്ങളുടെ അക്യത്യങ്ങൾ അവസാനിപ്പിക്കുവിൻ. നൻമ പ്രവർത്തിക്കാൻ ശീലിക്കുവിൻ. നീതി അന്വേഷിക്കുവിൻ. മർദനം അവസാനിപ്പിക്കുവിൻ, അനാഥരോടു നീതി ചെയ്യുവിൻ. വിധവകൾക്കു വേണ്ടി വാദിക്കുവിൻ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

നേരായ മാർഗത്തിൽ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

നിന്റെ ബലികളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ദഹനബലികൾ നിരന്തരം എന്റെ മുൻപിലുണ്ട്. നിന്റെ വീട്ടിൽനിന്നു കാളയെയോ നിൻെറ ആട്ടിൻപറ്റത്തിൽ നിന്നു മുട്ടാടിനെയോ ഞാൻ സ്വീകരിക്കുകയില്ല.

നേരായ മാർഗത്തിൽ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

എന്റെ നിയമങ്ങൾ ഉരുവിടാനോ എൻ്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം? നീ ശിക്ഷണം വെറുക്കുന്നു; എന്റെ വചനം നീ അവഗണിക്കുന്നു.

നേരായ മാർഗത്തിൽ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

നീ ഇതെല്ലാം ചെയ്തിട്ടും ഞാൻ മൗനം ദീക്‌ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; ബലിയായി കൃതജ്ഞത അർപ്പിക്കുന്നവൻ എന്നെ ബഹുമാനിക്കുന്നു; നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിൻ്റെ രക്‌ഷ ഞാൻ കാണിച്ചു കൊടുക്കും.

നേരായ മാർഗത്തിൽ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

അല്ലേലൂയാ !

അല്ലേലൂയാ! (മത്താ 5: 10). നീതിക്കുവേണ്ടി പീഡനമേല്ക്കു ന്നവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(സമാധാനമല്ല, വാളാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത്)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു. ഭൂമിയിൽ സമാധാനമാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങൾ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാൽ, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെ‌തിരായും ഭിന്നിപ്പിക്കാനാണു ഞാൻ വന്നിരിക്കുന്നത്. സ്വന്തം കുടുംബത്തിൽപ്പെട്ടവർ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കൾ. എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല. സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തു ന്നവൻ അതു കണ്ടെത്തും.നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകൻ്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു. ഈ ചെറിയവരിൽ ഒരുവന്, ശിഷ്യന് എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. യേശു പന്ത്രണ്ടു ശിഷ്യൻമാർക്കും നിർദേശങ്ങൾ നല്കിയശേഷം, അവരുടെ പട്ടണങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.