Word of God

ആണ്ടുവട്ടം എട്ടാം വാരം ശനി വചനവായന

മെയ് 30 ശനി

ഒന്നാം വായന

വി. യുദാസ് എഴുതിയ ലേഖനത്തിൽനിന്ന്

(പാപത്തിൽ വീഴാതെ തന്റെ മഹത്വമേറിയ സന്നിധിയിൽ നിങ്ങളെ കളങ്കമില്ലാതെ സൂക്ഷിക്കാൻ ദൈവത്തിനു കഴിയുന്നു)

എന്റെ പ്രിയപ്പെട്ടവരേ, നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പസ്തോലൻമാരാൽ മുൻകൂട്ടി പറയപ്പെട്ട വചനങ്ങൾ ഓർക്കുവിൻ. നിങ്ങൾ പരിശുദ്‌ധാത്മാവിൽ പ്രാർഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവ്യദ്‌ധി പ്രാപിക്കുവിൻ. നിത്യജീവിതത്തിനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യം ഉറ്റുനോക്കിക്കൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ. ചഞ്ചല ചിത്തരോട് അനുകമ്പ കാണിക്കുവിൻ. അഗ്നിയിൽ അകപ്പെട്ട വരെ പിടിച്ചുകയറ്റുവിൻ. മാംസദാഹത്താൽ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിൻ.

വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്ത്വത്തിന്റെ സന്നിധിയിൽ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള നമ്മുടെ കർത്താവായ യേശു ക്രിസ്തുവഴി നമ്മുടെ രക്ഷ‌കനായ ഏകദൈവത്തിനു സ്തുതിയും മഹത്ത്വവും ശക്തിയും ആധിപത്യവും സർവകാലത്തിനു മുൻപും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേൻ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവമേ, അവിടന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു.

ദൈവമേ, അവിടന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മ‌മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങി വരണ്ട ഭൂമിയെന്നപോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

ദൈവമേ, അവിടന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു.

അങ്ങയുടെ ശക്ത്തിയും മഹത്ത്വവും ദർശിക്കാൻ ഞാൻ വിശുദ്ധ മന്ദിരത്തിൽ വന്നു. അങ്ങയുടെ കാരുണ്യം ജീവനെക്കാൾ കാമ്യമാണ്; എൻ്റെ അധരങ്ങൾ അങ്ങയെ സ്‌തുതിക്കും.

ദൈവമേ, അവിടന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു.

എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ പുകഴ്ത്തും. ഞാൻ കൈകളുയർത്തി അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കും. ഞാൻ മജ്ജയും മേദസ്സും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു. എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.

ദൈവമേ, അവിടന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! (Cf. കൊളോ 3 : 16a, 17c). ക്രിസ്തുവിന്റെ വചനം നിങ്ങളിൽ സമൃദ്ധമായി വസിക്കട്ടെ; ക്രിസ്‌തുവിലൂടെ പിതാ വായ ദൈവത്തിന് കൃതജ്ഞത പ്രകാശിപ്പിക്കുവിൻ. അല്ലേലൂയാ!

സുവിശേഷം

മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്?)

അക്കാലത്ത്, യേശുവും ശിഷ്യൻമാരും വീണ്ടും ജറുസലേമിൽ വന്നു. അവൻ ദേവാലയത്തിലൂടെ നടക്കുമ്പോൾ പ്രധാന പുരോഹിതൻമാരും നിയമജ്‌ഞരും ജനപ്രമാണികളും അവന്റെ അടുത്തെത്തി. അവർ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവർത്തിക്കുന്നതിന് ആരാണ് നിനക്ക് അധികാരം നല്‌കിയത്? യേശു പറഞ്ഞു: ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിൻ. എന്തധികാരത്താലാണ് ഞാൻ ഇവ ചെയ്യുന്നതെന്ന് അപ്പോൾ പറയാം. യോഹന്നാന്റെ ജ്‌ഞാനസ്‌നാനം സ്വർഗത്തിൽ നിന്നോ മനുഷ്യരിൽ നിന്നോ? ഉത്തരം പറയുവിൻ. അവർ പരസ്‌പരം ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നുപറഞ്ഞാൽ, പിന്നെ എന്തുകൊണ്ട് നിങ്ങൾ അവനെ വിശ്വസിച്ചില്ല എന്ന് അവൻ ചോദിക്കും. മനുഷ്യരിൽനിന്ന് എന്നുപറയാൻ അവർക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാൻ യഥാർഥത്തിൽ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു. അതിനാൽ, അവർ യേശുവിനോടു പറഞ്ഞു: ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അപ്പോൾ യേശു പറഞ്ഞു: എന്തധികാരത്താലാണ് ഞാൻ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.