മെയ് 28 വ്യാഴം
ഒന്നാം വായന
വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്)
സഹോദരരേ, രക്ഷയിലേക്കു വളർന്നുവരേണ്ടതിന് നിങ്ങൾ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളംപൈതങ്ങളെപ്പോലെ ദാഹിക്കുവിൻ. കർത്താവ് നല്ലവനാണെന്നു നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ. അതിനാൽ, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യർ തിരസ്കരിച്ചതും ദൈവം തിരഞ്ഞെടുത്തതുമായ അമൂല്യശിലയാണ് അവൻ. നിങ്ങൾ സജീവശിലകൾകൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയർത്തപ്പെടട്ടെ. യേശുക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളർപ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിതജനമാവുകയും ചെയ്യട്ടെ.
എന്നാൽ, നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാൽ, അന്ധകാരത്തിൽനിന്ന് തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നൻമകൾ പ്രകീർത്തിക്കണം. മുമ്പു നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോൾ നിങ്ങൾ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങൾക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു. പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനെതിരായി പോരാടിക്കൊണ്ടിരിക്കുന്ന ശാരീരിക പ്രവണതകളിൽനിന്ന് പരദേശികളും വിപ്രവാസികളുമെന്നനിലയിൽ, ഒഴിഞ്ഞുനില്ക്കാൻ നിങ്ങളോടു ഞാൻ അപേക്ഷിക്കുന്നു. വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങൾ ദുഷ്കർമികളാണെന്ന് നിങ്ങൾക്കെതിരായി പറയുന്നവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് പ്രത്യാഗമനദിവസം ദൈവത്തെ സ്തുതിക്കട്ടെ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സന്തോഷത്തോടെ കർത്താവിൻ്റെ സന്നിധിയിൽ വരുവിൻ
ഭൂമി മുഴുവൻ കർത്താവിന്റെ മുൻപിൽ ആനന്ദഗീതം ഉതിർക്കട്ടെ. സന്തോഷത്തോടെ കർത്താവിനു ശുശ്രൂഷ ചെയ്യുവിൻ; ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.
സന്തോഷത്തോടെ കർത്താവിൻ്റെ സന്നിധിയിൽ വരുവിൻ
കർത്താവു ദൈവമാണെന്ന് അറിയുവിൻ; അവിടന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടത്തേതാണ്; നാം അവിടത്തെ ജനവും അവിടന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
സന്തോഷത്തോടെ കർത്താവിൻ്റെ സന്നിധിയിൽ വരുവിൻ
കൃതജ്ഞതാഗീതത്തോടെ അവിടത്തെ കവാടങ്ങൾ കടക്കുവിൻ; സ്തുതികൾ ആലപിച്ചുകൊണ്ട് അവിടത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ. അവിടത്തേക്കു നന്ദിപറയുവിൻ; അവിടത്തെ നാമം വാഴ്ത്തുവിൻ.
സന്തോഷത്തോടെ കർത്താവിൻ്റെ സന്നിധിയിൽ വരുവിൻ
കർത്താവു നല്ലവനാണ്, അവിടത്തെ കാരുണ്യം ശാശ്വതമാണ്; അവിടത്തെ വിശ്വസ്തത തലമുറകളോളം നിലനില്ക്കും.
സന്തോഷത്തോടെ കർത്താവിൻ്റെ സന്നിധിയിൽ വരുവിൻ
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 8 : 12). കർത്താവ് അരുൾചെയ്യുന്നു: ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം)
അക്കാലത്ത്, യേശു ജറീക്കോയിലെത്തി. അവൻ ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോൾ തിമേയൂസിൻ്റെ പുത്രനായ ബർതിമേയൂസ് എന്ന അന്ധയാചകൻ വഴിയരികിൽ ഇരിപ്പുണ്ടായിരുന്നു. നസറായനായ യേശുവാണു പോകുന്നതെന്നറിഞ്ഞപ്പോൾ അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ദാവീദിൻെറ പുത്രനായ യേശുവേ, എന്നിൽ കനിയണമേ! നിശ്ശബ്ദദനായിരിക്കാൻ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാൽ, അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! യേശു പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവർ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്ക്കുക; യേശു നിന്നെ വിളിക്കുന്നു. അവൻ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി യേശുവിന്റെ അടുത്തെത്തി. യേശു ചോദിച്ചു: ഞാൻ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധൻ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നീ പൊയ്ക്കൊള്ളുക, നിൻെറ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവൻ യേശുവിനെ അനുഗമിച്ചു.




