ഫെബ്രുവരി 11 ബുധൻ
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന്
(ഷേബാ രാജ്ഞി സോളമൻ്റെ സർവവിജ്ഞാനവും കണ്ടു)
അക്കാലത്ത്, സോളമൻ്റെ കീർത്തിയെപ്പറ്റി കേട്ട ഷേബാ രാജ്ഞി അവനെ പരീക്ഷിക്കാൻ കുറെ കടംകഥകളുമായി വന്നു.
ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലയേറിയ രത്നങ്ങളുമായി വലിയൊരു പരിവാരത്തോടുകൂടെയാണ് അവൾ ജറുസലേമിലെത്തിയത്. സോളമനെ സമീപിച്ച് ഉദ്ദേശിച്ചതെല്ലാം അവൾ പറഞ്ഞു. അവളുടെ എല്ലാ ചോദ്യങ്ങൾക്കും സോളമൻ മറുപടി നല്കി. വിശദീകരിക്കാൻ വയ്യാത്ത വിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല. സോളമന്റെ ജ്ഞാനം, അവൻ പണിയിച്ച ഭവനം, മേശയിലെ വിഭവങ്ങൾ, സേവകൻമാർക്കുള്ള പീഠങ്ങൾ, ഭൃത്യൻമാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകർ, ദേവാലയത്തിൽ അവൻ അർപ്പിച്ച ദഹനബലികൾ എന്നിവ കണ്ടപ്പോൾ ഷേബാരാജ്ഞി അന്ധാളിച്ചുപോയി. അവൾ രാജാവിനോടു പറഞ്ഞു: അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി ഞാൻ എൻ്റെ ദേശത്തു കേട്ടത് എത്രയോ വാസ്തവം! നേരിൽക്കാണുന്നതുവരെ ഒന്നും ഞാൻ വിശ്വസിച്ചിരുന്നില്ല. യാഥാർഥ്യത്തിന്റെ പകുതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും സമ്പത്തും ഞാൻ കേട്ടതിനെക്കാൾ എത്രയോ വിപുലമാണ്! അങ്ങയുടെ ഭാര്യമാർ എത്രയോ ഭാഗ്യവതികൾ! അങ്ങയുടെ സന്നിധിയിൽ സദാ കഴിച്ചുകൂട്ടുകയും ജ്ഞാനം ശ്രവിക്കുകയും ചെയ്യുന്ന അങ്ങയുടെ ദാസൻമാർ എത്ര ഭാഗ്യവാൻമാർ! അങ്ങിൽ പ്രസാദിച്ച് ഇസ്രായേലിന്റെ രാജാസനത്തിൽ അങ്ങയെ ഇരുത്തിയ അങ്ങയുടെ ദൈവമായ കർത്താവ് വാഴ്ത്തപ്പെടട്ടെ! കർത്താവ് ഇസ്രായേലിനെ അനന്തമായി സ്നേഹിച്ചതിനാൽ, നീതിയും ന്യായവും നടത്താൻ അങ്ങയെ രാജാവാക്കി. അവൾ രാജാവിനു നൂറ്റിയിരുപതുതാലന്തു സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും കൊടുത്തു. ഷേബാരാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നീതിമാന്റെ അധരങ്ങൾ ജ്ഞാനം സംസാരിക്കുന്നു.
നിന്റെ ജീവിതം കർത്താവിനു ഭരമേല്പിക്കുക, കർത്താവിൽ വിശ്വാസമർപ്പിക്കുക; അവിടന്നു നോക്കിക്കൊള്ളും. അവിടന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും; മധ്യാഹ്നം പോലെ നിൻ്റെ അവകാശവും.
നീതിമാന്റെ അധരങ്ങൾ ജ്ഞാനം സംസാരിക്കുന്നു.
നീതിമാന്റെ അധരങ്ങൾ ജ്ഞാനം സംസാരിക്കുന്നു; അവൻെറ നാവിൽനിന്ന്, നീതി ഉതിരുന്നു. ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തിൽ കുടികൊള്ളുന്നു; അവൻ്റെ കാലടികൾ വഴുതുന്നില്ല.
നീതിമാന്റെ അധരങ്ങൾ ജ്ഞാനം സംസാരിക്കുന്നു.
നീതിമാൻമാരുടെ രക്ഷ കർത്താവിൽ നിന്നാണ്; കഷ്ടകാ ത്ത് അവരുടെ അഭയകേന്ദ്രം അവിടന്നാണ്, കർത്താവ് അവരെ സഹായിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടന്ന് അവരെ ദുഷ്ടരിൽനിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും; കർത്താവിലാണ് അവർ അഭയം തേടിയത്.
നീതിമാന്റെ അധരങ്ങൾ ജ്ഞാനം സംസാരിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവേ, അവിടത്തെ വചനമാണ് സത്യം. ഞങ്ങളെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഒരുവന്റെ ഉള്ളിൽനിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്)
അക്കാലത്ത്, ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് യേശു പറഞ്ഞു: നിങ്ങളെല്ലാവരും എൻ്റെ വാക്കു കേട്ടു മനസ്സിലാക്കുവിൻ. പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
അവൻ ജനങ്ങളെ വിട്ട് ഭവനത്തിലെത്തിയപ്പോൾ ഈ ഉപമയെക്കുറിച്ച് ശിഷ്യൻമാർ ചോദിച്ചു. അവൻ പറഞ്ഞു: നിങ്ങളും വിവേചനശക്തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ സാധിക്കയില്ലെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ? കാരണം, അവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവേശിക്കുന്നില്ല. പിന്നെയോ, ഉദരത്തിലേക്കു കടക്കുകയും വിസർജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാർഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവൻ പ്രഖ്യാപിച്ചു. അവൻ തുടർന്നു: ഒരുവന്റെ ഉള്ളിൽനിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാൽ, ഉള്ളിൽനിന്നാണ്, മനുഷ്യന്റെ ഹ്യദയത്തിൽനിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദുഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. ഈ തിൻമകളെല്ലാം ഉള്ളിൽനിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.




