സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിൽ നവാഭിഷിക്തരായ മെത്രാന്മാർക്ക് വത്തിക്കാനിൽ നൽകിവരുന്ന പരിശീലനം സെപ്റ്റംബർ 3 മുതൽ 11 വരെ വത്തിക്കാനിൽ നടക്കുകയാണ്. നെയ്യാറ്റിൻകര രൂപതാ സഹമെത്രാൻ ബിഷപ്പ് ഡി.സെൽവരാജനും ഈ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ അന്തോണിയോ താഗ്ലെ ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയിൽ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുമായി അടുത്തിടെ നിയമിതരായ 192 മെത്രാന്മാർ സംബന്ധിക്കുന്നുണ്ട്. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയും, മെത്രാന്മാർക്കായുള്ള ഡിക്കസ്റ്ററിയും ചേർന്നാണ് ഈ പരിശീലന കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്.
“സഭയിലൂടെ, പ്രത്യേകിച്ച് പരിശുദ്ധ പിതാവിലൂടെ, നിങ്ങളിൽ പൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുന്ന ദൈവമാണ് മെത്രാന്മാരായി നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും നമ്മെ നിയമിക്കുന്നത് പരിശുദ്ധാത്മാവാണെന്നത് ഒരിക്കലും വിസ്മരിക്കരുതെന്നും” കർദിനാൾ അന്തോണിയോ താഗ്ലെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. അപ്പസ്തോലിക പിന്തുടർച്ച എന്നത് ആദരവ് നേടുവാനുള്ളതല്ലതെന്നും അത് നമ്മുടെ യോഗ്യതയല്ല, മറിച്ച് പരിമിതരും, ദുർബലരുമായ മനുഷ്യർക്ക് വേണ്ടി നമ്മെ നിയമിക്കുന്നത് പരിശുദ്ധാത്മാവാണെന്നും അത് മറന്നുപോകുവാനുള്ള പ്രലോഭനത്തെ ജാഗ്രതയോടെ കരുതിയിരിക്കുവാനും കർദിനാൾ ഓർമ്മപ്പെടുത്തി. കൂടാതെ, മെത്രാന്മാർ ഉടമകളെ പോലെ പെരുമാറരുതെന്നും മറിച്ച്, വൈദികരുമായും സമർപ്പിതരുമായും ദൈവ ജനവുമായുമുള്ള ബന്ധത്തിൽ അടിസ്ഥാനപ്പെടുത്തി സഭാഭരണം നിർവ്വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിക്കസ്റ്ററിയുടെ സുവിശേഷവൽക്കരണത്തിന്റെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള വിഭാഗത്തിന്റെ പ്രോ- പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനോ ഫിസിക്കേല്ല ആമുഖ പ്രഭാഷണം നടത്തി. സുവിശേഷവൽക്കരണത്തിന്റെ പ്രവർത്തനം, പുതിയ ഡിജിറ്റൽ സംസ്കാരത്തിന്റെ ഭൂപ്രകൃതിയും, കൃത്രിമബുദ്ധിയുടെ സമീപകാല വികസനവും കണക്കിലെടുക്കാൻ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും എന്നാൽ ഇവ സത്യവും സ്വാതന്ത്ര്യവുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തണമെന്നു അദ്ദേഹം ഓർമ്മപ്പെടുത്തി.




