സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിൽ നവാഭിഷിക്തരായ മെത്രാന്മാർക്കായി സംഘടിപ്പിച്ച രൂപീകരണ കോഴ്സ് പൂർത്തിയാക്കിയും ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയും ബിഷപ്പ് ഡി.സെൽവരാജൻ. ബിഷപ്പ് ഡി.സെൽവരാജൻ പരിശുദ്ധ പിതാവിന്റെ നേരിൽക്കണ്ട് സംസാരിക്കുകയും ആശംസകളടങ്ങിയ മൊമെന്റോ കൈമാറുകയും ചെയ്തു. നവാഭിഷിക്തരായ മെത്രാന്മാരുടെ രൂപീകരണ കോഴ്സിൽ നിന്നും ലഭിച്ച ഉൾക്കാഴ്ച്ചയോടും, പരിശുദ്ധ പിതാവിൽ നിന്നും ലഭിച്ച നിർലോഭമായ പ്രോത്സാഹനത്തിന്റെ തീക്ഷണതയോടുമാണ് നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാൻ രൂപതാ സാരഥ്യം ഏറ്റെടുക്കുവാനായി തിരിച്ചുവരിക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നവാഭിഷിക്തരായ 198 മെത്രാന്മാർ പങ്കെടുത്ത പരിശീലന പരിപാടിയുടെ വിഷയം “പ്രത്യാശയിലേക്കുള്ള ഒരു പാത തുറക്കൽ: ജൂബിലി സാഹചര്യത്തിൽ എപ്പിസ്കോപ്പസിയിലേക്ക് വിളിക്കപ്പെട്ടു” എന്നതായിരുന്നു. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയും, മെത്രാന്മാർക്കായുള്ള ഡിക്കസ്റ്ററിയും ചേർന്നാണ് ഈ പരിശീലന കോഴ്സ് സംഘടിപ്പിച്ചത്.
ലെയോ പതിനാലാമൻ പാപ്പയെ കാണുവാനും വ്യക്തിപരമായി ആശയവിനിമയം നടത്തുവാനുമുള്ള അവസരവും ബിഷപ്പുമാർക്ക് ലഭിച്ചു. മെത്രാന്മാരുടെ ശുശ്രൂഷയുടെ കാതൽ സുവിശേഷത്തിനും ദൈവജനത്തിനുമുള്ള എളിമയുടെ സേവനമാണെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. ഇന്നത്തെ വെല്ലുവിളികളെ ധൈര്യത്തോടെയും നീതിയോടെയും കാരുണ്യത്തോടെയും നേരിടാനും, നമ്മുടെ ലോകത്ത് പാലങ്ങൾ പണിയുന്നവരും പ്രത്യാശയുടെ വാഹകരുമാകുവാനും പാപ്പാ നവാഭിഷിക്തരായ മെത്രാന്മാരെ പ്രോത്സാഹിപ്പിച്ചു.
സെപ്റ്റംബർ 7 ഞായറാഴ്ച, കാർളോ അക്യുട്ടിസിനെയും പിയർ ജോർജിയോ ഫ്രാസാത്തിയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പരിശുദ്ധ പിതാവിനൊപ്പം നവാഭിഷിക്തരായ മെത്രാന്മാരും പങ്കുചേർന്നിരുന്നു.




