സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിലെ പ്രഥമ തദ്ദേശീയ വൈദീകനായ മോൺ.മാനുവൽ അൻപുടയാൻ്റെ 35-ാമത് അനുസ്മരണം ഒക്‌ടോബർ 11-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിൽ നടന്നു. നെയ്യാറ്റിൻകര രൂപതാ സഹമെത്രാൻ റൈറ്റ്. റവ.ഡോ. ഡി. സെൽവരാജൻ മുഖ്യകാർമികനായി പൊന്തിഫിക്കൽ ദിവ്യബലിയർപ്പിച്ചു. റവ.ഡോ.ഗ്രിഗറി ആർ. ബി., റവ.ഡോ.രാജാദാസ് ,ഫാ.ജോസഫ് രാജേഷ്, ഇടവക വികാരി ഫാ. ജോയ് സാബു വൈ., സഹവികാരി ഫാ.അനു സി. കലിസ്റ്റസ് എന്നിവർ സഹകാർമികരായി.
ഫാ. ഗ്രിഗറി ആർ. ബി. രചിച്ച മോൺ. മാനുവൽ അൻപുടയോനെ കുറിച്ചുള്ള “വിശ്വാസ ജീവിതവും മോൺ. അൻപുടയാൻ്റെ പ്രേക്ഷിത ചൈതന്യവും” എന്ന പുസ്തകത്തിൻ്റെ പരിഷ്കരിച്ച പതിപ്പിൻ്റെ പ്രകാശനം സെൽവരാജൻ പിതാവ് നിർവഹിച്ചു, ഇടവക വികാരി ഫാ. ജോയ് സാബു പുസ്തകം ഏറ്റുവാങ്ങി.
മാനുവൽ അൻപുടയോൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അൻപുടയോൻ ക്വിസ്സ് മത്സര വിജയികൾക്ക് മെമെൻ്റോയും ക്യാഷ് അവാർഡും നൽകി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പരി. വേളാങ്കണ്ണി മാതാ ബി.സി.സി. യൂണിറ്റിലെ സോണി വിൽഫ്രഡും, നന്ദിത എസ്. മനോജും പിതാവിൽ നിന്നും എവർ റോളിംഗ് ട്രോഫികൾ ഏറ്റുവാങ്ങി. കൂടാതെ, കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു.
റൈറ്റ്.റവ. ഡോ. സെൽവരാജൻ സഹമെത്രാനായി അഭിഷിക്തനായ ശേഷം ആദ്യമായി ഇടവക സന്ദർശിച്ചതിനാൽ പാരിഷ് കൗൺസിലിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.




