സ്വന്തം ലേഖകൻ
തേവൻപാറ: നെയ്യാറ്റിൻകര രൂപതക്കാരനും തിരുവനന്തപുരം അതിരൂപതയിലെ വൈദീകനുമായ മുതിർന്ന വൈദീകൻ ഫാ.ഡി.തോമസ് നിര്യാതനായി, 75 വയസായിരുന്നു. ഇന്ന് രാവിലെ 9.30-ന് ജൂബിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുറെ നാളുകളായി ചികിത്സയിലായിരുന്നു.
നെയ്യാറ്റിൻകര രൂപതയിലെ തേവൻപാറ ഫാത്തിമമാതാ പള്ളിയംഗമായി, തൊളിക്കോട് പച്ചമലയിൽ എസ്.എച്ച്.ഹൌസിൽ 1950 ഏപ്രിൽ 10 ന് ദാസൻ കെ., ജെമ്മ എസ്. ദമ്പതികളുടെ എട്ട് മക്കളിൽ നാലാമത്തെ മകനായി ജനനം. പൗലോസ് ഡി., ലിസി (late), ജോസഫ് ഡി. (late), ജോൺസൻ ഡി., എലിസബത്ത്, ജോർജ്, ജസീന്ത എന്നിവരാണ് സഹോദരങ്ങൾ.
1964- ല്‍ പാളയം സെന്‍റ് വിന്‍സെന്റ് സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പഠനം ആരംഭിക്കുകയും, 1976 മെയ് 27-ന് അഭിവന്ദ്യ പീറ്റർ ബർണാഡ് പെരേര പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. തേവൻപാറ ഇടവകയുടെ പ്രഥമ വൈദീകനാണ് ഫാ.ഡി.തോമസ്. തുടർന്ന്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം അതിരൂപതകളിലെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു. കൂടാതെ, തിരുവനന്തപുരം രൂപതയിൽ അജപാലന ശുശ്രൂഷാ ഡയറക്ടറായും, വൈദീക സെനറ്റ് സെക്രട്ടറിയായും, ഫൊറോനാ വികാരിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
അച്ചന്റെ മൃതദേഹം ഇന്ന് (12/09/2025) വൈകിട്ട് 4 മണിക്ക് കുമാരപുരത്തുള്ള പ്രീസ്റ്റ് ഹോമിൽ കൊണ്ടുവരികയും 5 മണിക്കുള്ള ദിവ്യബലിയർപ്പണത്തിന് ശേഷം വികാസ് നഗറിലേക്ക് കൊണ്ട് പോകും. നാളെ (13/09/25) രാവിലെ 09.30 ന് തേവൻപാറ ഫാത്തിമമാതാ പള്ളിയില്‍ മൃതസംസ്കാര ശുശ്രൂഷകൾ നടക്കും.
നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍, സഹമെത്രാൻ ബിഷപ്പ് സെല്‍വരാജന്‍, വികാരി ജനറല്‍ മോണ്‍.വിൻസെന്റ് കെ.പീറ്റർ, എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍.വി പി ജോസ്, മോണ്‍.റൂഫസ് പയസലിന്‍, മോണ്‍. അല്‍ഫോണ്‍സ് ലിഗോരി, മോൺ.ജി.ക്രിസ്തുദാസ് തുടങ്ങിയവര്‍ അനുശോചിച്ചു.




