മെയ് 01 വെള്ളി
ഒന്നാം വായന
ഉത്പത്തിപ്പുസ്‌തകത്തിൽനിന്ന്
( പെരുകി വർധിക്കുവിൻ ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ)
ദൈവം അരുൾചെയ്‌തു: നമുക്കു നമ്മുടെ ഛായയിലും സാദ്യശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവർക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിൽ ഇഴയുന്ന സർവ ജീവികളുടെയുംമേൽ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സ്യഷ്‌ടിച്ചു. ദൈവത്തിന്റെ ഛായയിൽ അവിടന്ന് അവനെ സ്യഷ്‌ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു.
ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽനിറഞ്ഞ് അതിനെ കീഴടക്കുവിൻ. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയുംമേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. ദൈവം അരുൾചെയ്തു: ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുൾക്കൊള്ളുന്ന പഴങ്ങൾ കായ്ക്കുന്ന എല്ലാ വ്യക്‌ഷങ്ങളും ഞാൻ നിങ്ങൾക്കു ഭക്ഷണത്തിനായി തരുന്നു, ഭൂമിയിലെ മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഇഴജന്തുക്കൾക്കും ജീവശ്വാസമുള്ള സകലതിനും – ആഹാരമായി ഹരിതസസ്യങ്ങൾ ഞാൻ നല്‌കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു. താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്‌ധ്യയായി, പ്രഭാതമായി ആറാം ദിവസം.
അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂർണമായി. ദൈവം തന്റെ ജോലി ഏഴാംദിവസം പൂർത്തിയാക്കി. താൻ തുടങ്ങിയ പ്രവൃത്തിയിൽനിന്നു വിരമിച്ച്, ഏഴാം ദിവസം അവിടന്നു വിശ്രമിച്ചു. സൃഷ്‌ടികർമം പൂർത്തിയാക്കി, തന്റെ പ്രവൃത്തികളിൽനിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി.
കർത്താവിന്റെ വചനം.
അല്ലെങ്കിൽ
വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് കൊളോസോസ്
(നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല. ദൈവത്തെ സേവിക്കുന്നതുപോലെ ഹ്യദയപരമാർഥതയോടെ ചെയ്യുവിൻ)
സഹോദരരേ, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്‌ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ. ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹ്യദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങൾ ഏകശരീരമായി വിളി ക്കപ്പെട്ടത്. അതിനാൽ, നിങ്ങൾ കൃതജ്‌ഞതാനിർഭരമായിരിക്കുവിൻ. നിങ്ങൾ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കർത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്‌ഞതയർപ്പിച്ചുകൊണ്ട് അവന്റെ നാമത്തിൽ ചെയ്യുവിൻ. നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർഥതയോടെ ചെയ്യുവിൻ. നിങ്ങൾക്കു പ്രതിഫലമായി കർത്താവിൽ നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിൻ. കർത്താവായ ക്രിസ്‌തുവിനെത്തന്നെയാണല്ലോ നിങ്ങൾ ശുശ്രൂഷിക്കുന്നത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ഞങ്ങളുടെ പ്രവൃത്തികൾ സുസ്‌ഥിരമാക്കണമേ! (അല്ലെങ്കിൽ അല്ലേലൂയാ!)
പർവതങ്ങൾക്കു രൂപം നല്‌കുന്നതിനുമുൻപ്, ഭൂമിയും ലോകവും അങ്ങു നിർമിക്കുന്നതിനുമുൻപ്, അനാദി മുതൽ അനന്തതവരെ അവിടന്നു ദൈവമാണ്.
കർത്താവേ, ഞങ്ങളുടെ പ്രവൃത്തികൾ സുസ്‌ഥിരമാക്കണമേ!
മനുഷ്യനെ അവിടന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു. മനുഷ്യമക്കളേ, തിരിച്ചുപോകുവിൻ എന്ന് അങ്ങു പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്‌ടിയിൽ, കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.
കർത്താവേ, ഞങ്ങളുടെ പ്രവൃത്തികൾ സുസ്‌ഥിരമാക്കണമേ!
ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്‌ഞാനപൂർണമാകട്ടെ! കർത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാൾ വൈകും? അങ്ങയുടെ ദാസരോട് അലിവു തോന്നണമേ!
കർത്താവേ, ഞങ്ങളുടെ പ്രവൃത്തികൾ സുസ്‌ഥിരമാക്കണമേ!
പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ. അങ്ങയുടെ ദാസർക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കൾക്ക് അങ്ങയുടെ മഹത്ത്വവും വെളിപ്പെടുമാറാകട്ടെ!
കർത്താവേ, ഞങ്ങളുടെ പ്രവൃത്തികൾ സുസ്‌ഥിരമാക്കണമേ!
അല്ലേലൂയാ !
അല്ലേലൂയാ! (സങ്കീ 68:19). അനുദിനം നമ്മെ താങ്ങുന്ന കർ ത്താവു വാഴ്ത്തപ്പെടട്ടെ! ദൈവമാണു നമ്മുടെ രക്ഷ്. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഇവൻ ആ തച്ചൻ്റെ മകനല്ലേ?)
അക്കാലത്ത്, യേശു സ്വദേശത്തു വന്ന്, അവരുടെ സിനഗോഗിൽ പഠിപ്പിച്ചു. അവർ വിസ്‌മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്‌ഞാനവും ശക്‌തിയും എവിടെനിന്ന്? ഇവൻ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ, ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോൻ, യൂദാസ് എന്നിവരല്ലേ, ഇവന്റെ സഹോദരൻമാർ? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്? അവർക്ക് അവനിൽ ഇടർച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ അധികം അദ്ഭുതങ്ങൾ പ്രവർത്തിച്ചില്ല.




