സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാധ്യക്ഷൻ റൈറ്റ് റവ.ഡോ.വിന്‍സെന്റ് സാമുവല്‍ വിരമിച്ചു. ബിഷപ്പിന് 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ലിയോ പതിനാലാമന്‍ പാപ്പക്ക് വിരമിക്കാനുളള സന്നദ്ധത അറിയിച്ച് നല്‍കിയ കത്ത് സ്വീകരിച്ചതോടെയാണ് പ്രഖ്യാപനം. ശനിയാഴ്ച (ഒക്ടോബർ 18) ഉച്ചതിരിഞ്ഞ് 3 മണിക്ക് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ചേർന്ന യോഗത്തിൽ, ബിഷപ് ഡോ.വിൻസെന്റ് സാമുവലിന്റെ രാജി സ്വീകരിച്ച കാര്യവും പിൻഗാമിയായി പിന്തുടർച്ചാവകാശമുള്ള ബിഷപ്പായ ഡോ.ഡി. സെൽവരാജനെ നിയമിച്ച കാര്യവും പാപ്പായുടെ ഇന്ത്യയിലെ പ്രതിനിധി ന്യുൺഷ്യോ ആർച്ച്ബിഷപ് ജിയോ പോൾദോ ജിറേലിയുടെ കത്തിലൂടെ അറിയിക്കുകയായിരുന്നു.
2025 ഫെബ്രുവരി 8 നാണ് ഫ്രാന്‍സിസ് പാപ്പ ഡോ.ഡി. സെല്‍വരാജനെ നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി നിയമിച്ചത്. തുടര്‍ന്ന്, മാര്‍ച്ച് 25 ന് നെയ്യാറ്റിനന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് സ്ഥാനാരോഹണം നടന്നു. ഇപ്പോൾ, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷനായി ബിഷപ്പ് ഡി. സെല്‍വരാജനെ നിയമിച്ചിരിക്കുന്നത് ലിയോ പതിനാലാമന്‍ പാപ്പയാണ്.
വത്തിക്കാനിൽ ഈ അറിയിപ്പ് പ്രസിദ്ധപ്പെടുത്തിയ പ്രാദേശിക സമയത്ത് തന്നെയാണ് രൂപതാ ചാൻസലർ റവ.ഡോ.ജോസ് റാഫേൽ ന്യുൺഷ്യോയുടെ കത്ത് യോഗത്തിൽ വായിച്ചതും. തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ, മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, ശുശ്രൂഷാ കോർഡിനേറ്റർ മോൺ. വി.പി. ജോസ്, റവ. ഡോ. രാജദാസ് ഞാനമുത്തൻ, മോൺ. അൽഫോൺസ് ലിഗോരി, ഫാ. ജോയ് സാബു, പാസ്റ്റർ കൗൺസിൽ സെക്രട്ടറി പി.ആർ.പോൾ തുടങ്ങിയവരും രൂപതയിലെ വൈദികരും സന്യസ്തരും അല്‌മായ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.




