ഡിസംബർ 30 ചൊവ്വ
ഒന്നാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
കുഞ്ഞുമക്കളേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു. അവന്റെ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. പിതാക്കൻമാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു. ആദിമുതലുള്ളവനെ നിങ്ങളറിയുന്നു: യുവാക്കൻമാരേ,ഞാൻ നിങ്ങൾക്കെഴുതുന്നു : ദുഷ്ടനെ നിങ്ങൾ ജയിച്ചിരിക്കുന്നു. കുഞ്ഞുങ്ങളേ, ഞാൻ നിങ്ങൾക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കൻമാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങൾ അറിയുന്നു. യുവാക്കൻമാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു: നിങ്ങൾ ശക്തൻമാരാണ്.
ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു; നിങ്ങൾ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു. ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ, പിതാവിന്റെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ, ജഡത്തിൻറ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്. ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവർത്തിക്കുന്നവനാകട്ടെ, എന്നേക്കും നിലനില്ക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ
ജനപദങ്ങളേള ഉദ്ഘോഷിക്കുവിൻ; മഹത്ത്വവും ശക്തിയും കർത്താവിന്റേതെന്ന് ഉദ്ഘോഷിക്കുവിൻ കർത്താവിന്റെ നാമത്തിനു ചേർന്നവിധം അവിടത്തെ മഹത്ത്വപ്പെടുത്തുവിൻ
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ
കാഴ്ചകളുമായി അവിടത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടത്തെ ആരാധിക്കുവിൻ ഭൂമി മുഴുവൻ അവിടത്തെമുൻപിൽ ഭയന്നുവിറയ്ക്കട്ടെ!
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ
ജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ കർത്താവു വാഴു ന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു. അതിന് ഇളക്കം തട്ടുകയില്ല. അവിടന്ന് ജനതകളെ നീതിപൂർവം വിധിക്കും
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ
അല്ലേലൂയാ !
അല്ലേലൂയാ! വിശുദ്ധദിനം ഉദയം ചെയ്തിരിക്കുന്നു; ജനപദങ്ങളേ, വരുവിൻ; കർത്താവിനെ ആരാധിക്കുവിൻ എന്തുകൊണ്ടെന്നാൽ, ഇന്ന് ദിവ്യജ്യോതിസ്സ് ഭൂതലത്തിൽ അവതരിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
അക്കാലത്ത്, ഫനുവേലിന്റെ പുത്രിയും ആഷേർവംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവൾ കന്യകപ്രായം മുതൽ ഏഴുവർഷം ഭർത്താവിനോടൊത്തു ജീവിച്ചു. എൺപത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകൽ ദൈവത്തെ സ്തുതിച്ചു കൊണ്ട് ഉപവാസത്തിലും പ്രാർഥനയിലും കഴിയുകയായിരുന്നു. അവൾ അപ്പോൾത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലേമിൽ രക്ഷപ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
കർത്താവിന്റെ നിയമപ്രകാരം എല്ലാം നിവർത്തിച്ചശേഷം അവർ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവൻ മേൽ ഉണ്ടായിരുന്നു.




