ജനുവരി 2 വെളളി
ഒന്നാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(ആരംഭം മുതൽ നിങ്ങൾ ശ്രവിച്ചത് നിങ്ങളിൽ നിലനില്ക്കട്ടെ)
യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളംപറയുന്നവൻ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും. ആരംഭം മുതൽ നിങ്ങൾ ശ്രവിച്ചത് .നിങ്ങളിൽ നിലനില്ക്കട്ടെ. അതു നിങ്ങളിൽ നിലനില്ക്കുമെങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും നിലനില്ക്കും. അവൻ നമുക്കു നല്കിയിരിക്കുന്ന വാഗ്ദാനം ഇതാണ് – നിത്യജീവൻ നിങ്ങളെ വഴിതെറ്റിക്കുന്നവർ നിമിത്തമാണ് ഇതു ഞാൻ . നിങ്ങൾക്കെഴുതുന്നത്.
ക്രിസ്തുവിൽനിന്നു നിങ്ങൾ സ്വീകരിച്ച അഭിഷേകം നിങ്ങളിൽ നിലനില്ക്കുന്നു. അതിനാൽ, മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യങ്ങളെയും കുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്, വ്യാജമല്ല. അവൻ നിങ്ങളെ പഠിപ്പിച്ചതനുസരിച്ച് നിങ്ങൾ അവനിൽ വസിക്കുവിൻ, കുഞ്ഞുമക്കളേ, അവൻ പ്രത്യക്ഷനാകുമ്പോൾനമുക്ക് ആത്മധൈര്യമുണ്ടായിരിക്കാനും അവൻ മുമ്പിൽ ലജ്ജിക്കാതിരിക്കാനും വേണ്ടി അവനിൽ വസിക്കുവിൻ.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു.
കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ, അവിടന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്ത്തിരിക്കുന്നു. അവിടത്തെ കരവും വിശുദ്ധഭുജവും വിജയംനേടിയിരിക്കുന്നു.
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു; അവിടുന്നു തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി. ഇസ്രായേൽഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും അവിടന്ന് അനുസ്മരിച്ചു.
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു. ഭൂമി മുഴുവൻ കർത്താവിന് ആനന്ദഗീതം ആലപക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടത്തെ സ്തുതിക്കുവിൻ
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു
അല്ലേലൂയാ
നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രവാചകന്മാർവഴി വിവിധഘട്ടങ്ങളിലും വിവിധരീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട് എന്നാൽ ഈ അവസാനനാളുകളിൽ പുത്രൻവഴി അവിടന്നു നമ്മോടു സംസാരി ച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്റെ പിന്നാലെ വരുന്ന അവൻ്റെ ചെരിപ്പിന്റെ വാറഴിക്കാൻപോലും ഞാൻ യോഗ്യനല്ല)
അക്കാലത്ത്, നീ ആരാണ് എന്നു ചോദിക്കാൻ യഹൂദർ ജറുസലേമിൽനിന്നു പുരോഹിതൻമാരെയും ലേവ്യരെയും അയച്ചപ്പോൾ യോഹന്നാൻ്റെ സാക്ഷ്യം ഇതായിരുന്നു: ഞാൻ ക്രിസ്തുവല്ല, അവൻ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അവർ ചോദിച്ചു: എങ്കിൽപ്പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവൻ പ്രതിവചിച്ചു. അവർ വീണ്ടും ചോദിച്ചു: എങ്കിൽ, നീ പ്രവാചകനാണോ? അല്ല എന്ന് അവൻ മറുപടി നല്കി. അവർ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കിൽ നീ ആരാണ്, ഞങ്ങളെ അയച്ചവർക്കു ഞങ്ങൾ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തു പറയുന്നു? അവൻ പറഞ്ഞു: ഏശയ്യാദീർഘദർശി പ്രവചിച്ചതുപോലെ, കർത്താവിന്റെ വഴികൾ നേരേയാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാൻ. ഫരിസേയരാണ് അവരെ അയച്ചത്. അവർ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കിൽ, പിന്നെ സ്നാനം നല്കാൻ കാരണമെന്ത്? യോഹന്നാൻ പറഞ്ഞു: ഞാൻ ജലംകൊണ്ടു സ്നാനം നല്കുന്നു. എന്നാൽ, നിങ്ങൾ അറിയാത്ത ഒരുവൻ നിങ്ങളുടെ മധ്യേ നില്പ്പുണ്ട്. എന്റെ പിന്നാലേ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കാൻപോലും ഞാൻ യോഗ്യനല്ല. യോഹന്നാൻ സ്നാനം നല്കിക്കൊണ്ടിരുന്ന ജോർദാൻ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.




