Word of God

തിരുപിറവികാലം ജനുവരി 07 വചനവായന

ജനുവരി 07 ബുധൻ

വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും)

പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കിൽ നാമും പരസ്‌പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ, നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും. അവിടത്തെ സ്നേഹം നമ്മിൽ പൂർണമാവുകയും ചെയ്യും. ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാൽ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു. പിതാവു തന്റെ  പുത്രനെ ലോകരക്‌ഷകനായി അയച്ചു എന്നു ഞങ്ങൾ അറിഞ്ഞിരിക്കുന്നു; ഞങ്ങൾ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനിൽ ദൈവം വസിക്കുന്നു; അവൻ ദൈവത്തിലും വസിക്കുന്നു.

ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. വിധിദിനത്തിൽ നമുക്ക് ആത്മധൈര്യമുണ്ടാകുന്നതിന് സ്നേഹം നമ്മിൽ പൂർണതപ്രാപിച്ചിരിക്കുന്നു. എന്തെന്നാൽ, ഈ ലോകത്തിൽത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു. സ്നേഹത്തിൽ ഭയത്തിന് ഇടമില്ല; പൂർണമായ സ്നേഹം ഭയം ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

 കർത്താവേ, എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ.

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകു മാരന് അങ്ങയുടെ ധർമനിഷ്‌ഠയും നല്കണമേ! അവൻ അങ്ങയുടെ ജനത്തെ ധർമനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!

കർത്താവേ, എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ.

താർഷീഷിലെയും ദ്വീപുകളിലെയും രാജാക്കൻമാർ അവനു കപ്പംകൊടുക്കട്ടെ! ഷേബായിലെയും സേബായിലെയും രാജാക്കൻമാർ അവനു കാഴ്‌ചകൾകൊണ്ടുവരട്ടെ!

കർത്താവേ, എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ.

നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്‌സഹായനായ ദരിദ്രനെയും അവൻ മോചിപ്പിക്കും. ദുർബലനോടും പാവപ്പെട്ടവനോടും അവൻ കരുണകാണിക്കുന്നു. അഗതികളുടെ ജീവൻ അവൻ രക്‌ഷിക്കും.

കർത്താവേ, എല്ലാ ജനതകളും അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ.

അല്ലേലൂയാ !

അല്ലേലൂയാ!  ജനപദങ്ങളുടെ ഇടയിൽ പ്രഘോഷിക്കപ്പെട്ട കർത്താവേ, അങ്ങേയ്ക്കു മഹത്ത്വം; ലോകത്തിൽ വിശ്വസിക്കപ്പെട്ട കർത്താവേ, അങ്ങേക്കു മഹത്ത്വം അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(യേശു കടലിനുമീതേ നടക്കുന്നത് അവർ കണ്ടു)

അക്കാലത്ത്, താൻ ജനക്കൂട്ടത്തെ പിരിച്ചുവിടുമ്പോഴേക്കും വഞ്ചിയിൽ കയറി തനിക്കുമുമ്പേ മറുകരയിലുള്ള ബേത്സയ്‌ദായിലേക്കു പോകാൻ അവൻ ശിഷ്യൻമാരെ നിർബന്‌ധിച്ചു. ആളുകളോടു യാത്രപറഞ്ഞശേഷം അവൻ പ്രാർഥിക്കാൻ മലയി ലേക്കു പോയി. വൈകുന്നേരമായപ്പോൾ വഞ്ചി നടുക്കടലിലായിരുന്നു; അവൻ തനിച്ചു കരയിലും. അവർ വഞ്ചി തുഴഞ്ഞ് അവശരായി എന്ന് അവൻ മനസ്‌സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാംയാമത്തിൽ അവൻ കടലിനുമീതേനടന്ന് അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാൻ ഭാവിച്ചു. അവൻ കടലിനു മീതേ നടക്കുന്നതുകണ്ട്, അത് ഒരു ഭൂതമായിരിക്കുമെന്നു കരുതി അവർ നിലവിളിച്ചു. അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനേ അവൻ അവരോടു സംസാരിച്ചു: ധൈര്യത്തോടെയിരിക്കുവിൻ, ഞാനാണ്; ഭയപ്പെടേണ്ടാ. അവൻ വഞ്ചിയിൽ കയറി. അപ്പോൾ കാറ്റുശമിച്ചു. അവർ ആശ്ചര്യഭരിതരായി. കാരണം, അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.