റിനു എസ്. ജസ്റ്റസ്
പേയാട്: പെരുകാവ് സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിൽ ഈ വർഷത്തെ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളിന് കൊടിയിറങ്ങി. നവംബർ 2 രാവിലെ 10 മണിക്ക് നടന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ബിഷപ്പ് എമെരിത്തൂസ് റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുനാൾ ദിവ്യബലിക്ക് ശേഷം ശേഷം ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമനിക്ക് ഈ വർഷത്തെ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്കി.
തിരുനാൾ സമാപന ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ സമൂഹ ദിവ്യബലിയിൽ സെന്റ് സേവ്യേഴ്സ് സെമിനാരി പ്രീഫെക്ട് ഫാ.ജിനു വി. ഒ. സഹകാർമ്മികനായി. സെന്റ് ജൂഡ് മതബോധന യൂണിറ്റ് അംഗങ്ങളും, ജനറൽ ബോഡി അംഗങ്ങളുമാണ് തിരുകർമ്മ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.
സെന്റ് ജൂഡ് ഇടവക കൗൺസിൽ സെക്രട്ടറി ജയകുമാർ വിൻസെന്റ് സാമുവൽ പിതാവിന് ആശംസകൾ അർപ്പിച്ചു, സമ്മാനങ്ങൾ നൽകി. തുടർന്ന്, പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും, വിവിധ സമിതികൾ നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും, നെയ്യാറ്റിൻകര രൂപതയിൽ സമ്മാനാർഹമായ ദൈവദാസൻ ഫാ. അദെയോദാത്തൂസ് ഒ. സി. ഡിയെ കുറിച്ചുള്ള പുതിയ ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനവും, സ്നേഹ വിരുന്നും ഉണ്ടായിരുന്നു.



