ജനുവരി 31 ശനി
ഒന്നാം വായന
സാമുവലിന്റെ രണ്ടാം പുസ്തകത്തിൽനിന്ന്
(ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി)
അക്കാലത്ത്, കർത്താവ് നാഥാൻ പ്രവാചകനെ ദാവീദിൻ്റ അടുക്കലേക്കയച്ചു. അവൻ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തിൽ രണ്ടാളുകളുണ്ടായിരുന്നു; ഒരുവൻ ധനവാനും അപരൻ ദരിദ്രനും. ധനവാന് വളരെയധികം ആടുമാടുകളുണ്ടായിരുന്നു. ദരിദ്രനോ, താൻ വിലയ്ക്കുവാങ്ങിയ ഒരു പെണ്ണാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവൻ അതിനെ വളർത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളർന്നു. അവന്റെ ഭക്ഷണത്തിൽനിന്ന് അതു തിന്നു; അവന്റെ പാനീയത്തിൽനിന്ന് അതു കുടിച്ചു; അത് അവന്റെ മടിയിൽ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു. അങ്ങനെയിരിക്കേ, ധനവാൻെറ ഭവനത്തിൽ ഒരു യാത്രക്കാരൻ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെ കൊന്നു ഭക്ഷണമൊരുക്കാൻ ധനവാനു മനസ്സില്ലായിരുന്നു. അവൻ ദരിദ്രന്റെ ആട്ടിൻകുട്ടിയെ പിടിച്ച് തൻെറ അതിഥിക്കു ഭക്ഷണമൊരുക്കി.
ഇതു കേട്ടപ്പോൾ ക്രുദ്ധനായി ദാവീദ് പറഞ്ഞു: കർത്താവാണേ, ഇതു ചെയ്തവൻ മരിക്കണം. അവൻ നിർദയം ഇതു ചെയ്തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം. നാഥാൻ പറഞ്ഞു: ആ മനുഷ്യൻ നീ തന്നെ
ഇസ്രായേലിൻെറ ദൈവമായ കർത്താവ് അരുൾചെയ്യുന്നു.ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. സാവൂളിൽനിന്നു നിന്നെ രക്ഷിച്ചു. എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തിൽനിന്ന് വാൾ ഒഴിയുകയില്ല. കർത്താവ് അരുൾ ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തിൽനിന്നുതന്നെ നിനക്കു ഞാൻ ഉപദ്രവമുണ്ടാക്കും. നിന്റെ കൺമുൻപിൽ വച്ച് ഞാൻ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകൽ അവൻ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ് തു. ഞാനിത് ഇസ്രായേലിന്റെ മുഴുവൻ മുൻപിൽ വച്ച് പട്ടാപ്പകൽ ചെയ്യിക്കും.
ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി, ദാവീദു പറഞ്ഞു. നാഥാൻ പറഞ്ഞു: കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും, ഈ പ്രവൃത്തി കൊണ്ട് നീ കർത്താവിനെ അവഹേളിച്ചതിനാൽ, നിന്റെ കുഞ്ഞു മരിച്ചുപോകും. നാഥാൻ വീട്ടിലേക്കു മടങ്ങി. ഊറിയായുടെ ഭാര്യ പ്രസവിച്ച ദാവീദിന്റെ കുഞ്ഞിന് കർത്താവിന്റെ പ്രഹരമേറ്റു. അതിനു രോഗം പിടിപെട്ടു. കുഞ്ഞിനുവേണ്ടി ദാവീദ് ദൈവ ത്തോടു പ്രാർഥിച്ചു. അവൻ ഉപവസിച്ചു. രാത്രി മുഴുവൻ മുറിയിൽ നിലത്തുകിടന്നു. കൊട്ടാരത്തിലെ ശ്രേഷ്ഠൻമാർ അവനെ നിലത്തുനിന്ന് എഴുന്നേല്പിക്കാൻ ശ്രമിച്ചു; അവൻ അതു കൂട്ടാക്കിയില്ല; അവരോടൊത്തു ഭക്ഷണം കഴിച്ചുമില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ!
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ
അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ! അപ്പോൾ അതിക്രമികളെ ഞാൻ അങ്ങയുടെ വഴി പഠിപ്പിക്കും: പാപികൾ അങ്ങിലേക്കു തിരിച്ചുവരും.
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ
ദൈവമേ, എൻ്റെ രക്ഷയുടെ ദൈവമേ, രക്തപാതകത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ! ഞാൻ അങ്ങയുടെ രക്ഷ ഉച്ചത്തിൽ പ്രകീർത്തിക്കും. കർത്താവേ, എന്റെ അധരങ്ങൾ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്തുതികൾ ആലപിക്കും.
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ
അല്ലേലൂയാ !
അല്ലേലൂയാ! അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഇവൻ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!)
അക്കാലത്ത്, അന്നു സായാഹ്നമായപ്പോൾ യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കുപോകാം. അവർ ജനക്കൂട്ടത്തെ വിട്ട്, അവൻ ഇരുന്ന വഞ്ചിയിൽത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. അപ്പോൾ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിയിലേക്ക് ആഞ്ഞടിച്ചുകയറി. വഞ്ചിയിൽ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവർ അവനെ വിളിച്ചുണർത്തി പറഞ്ഞു: ഗുരോ, ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? അവൻ ഉണർന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറ ഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. അവൻ അവരോടു ചോദിച്ചു: നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്കു വിശ്വാസമില്ലേ? അവർ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവൻ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!




