Word of God

ആണ്ടുവട്ടം: മുപ്പത്തിരണ്ടാം വാരം : വ്യാഴം നവംബർ – 12 വചന വായന

ഒന്നാം വായന

ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (7 : 22 – 8 : 1)

(നിത്യതേജസ്‌സിൻ്റെ പ്രതിഫലനമാണവൾ, ദൈവത്തിന്റെ പ്രവർത്തനങ്ങളുടെ നിർമലദർപ്പണം.)

സകലതും രൂപപ്പെടുത്തുന്ന ജ്‌ഞാനമാണ് എന്നെ അഭ്യസിപ്പിച്ചത്. അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും ബഹുമുഖവും സൂക്‌ഷമവും ചലനാത്മകവും സ്പഷ്ടവും നിർമലവും വ്യതിരിക്‌തവും ക്‌ഷതമേല്പിക്കാനാവാത്തതും നൻമയെ സ്നേഹിക്കുന്നതും തീക്ഷ്‌ണവും അപ്രതിരോധ്യവും ഉപകാരപ്രദവും ആർദ്രവും സ്‌ഥിരവും ഭദ്രവും ഉത്കൺഠയിൽനിന്നു മുക്‌തവും സർവശക്‌തവും സകലത്തെയും നിയന്ത്രിക്കുന്നതും ബുദ്‌ധിയും നൈർമല്യവും സൂക്‌ഷ്മതയുമുള്ള ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്. എല്ലാ ചലനങ്ങളെയുംകാൾ ചലനാത്മകമാണ് ജ്‌ഞാനം; അവൾ തന്റെ നിർമലതയാൽ എല്ലാറ്റിലും വ്യാപിക്കുന്നു; ചൂഴ്ന്നിറങ്ങുന്നു. അവൾ ദൈവശക്‌തിയുടെ ശ്വാസവും സർവശക്‌തന്റെ മഹത്ത്വത്തിന്റെ ശുദ്‌ധമായ നിസ്‌സരണവുമാണ്. മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല; നിത്യതേജസ്‌സിന്റെ പ്രതിഫലനമാണവൾ, ദൈവത്തിന്റെ പ്രവർത്തനങ്ങളുടെ നിർമലദർപ്പണം, അവിടത്തെ നൻമയുടെ പ്രതിരൂപം. ഏകയെങ്കിലും സകലതും അവൾക്കു സാധ്യമാണ്, മാറ്റത്തിന് അധീനയാകാതെ അവൾ സർവവും നവീകരിക്കുന്നു, ഓരോ തലമുറയിലുമുള്ള വിശുദ്ധ ചേതനകളിൽ പ്രവേശിക്കുന്നു; അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുന്നു. ദൈവം എന്തിനെയുംകാളുപരി ജ്ഞാനികളെ സ്നേഹിക്കുന്നു. ജ്ഞാനത്തിനു സൂര്യനെക്കാൾ സൗന്ദര്യമുണ്ട്. അവൾ നക്‌ഷത്രരാശിയെ അതിശയിക്കുന്നു. പ്രകാശത്തോടു തുലനം ചെയ്യുമ്പോൾ അവൾ തന്നെ ശ്രേഷ്‌ഠ; കാരണം, പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്ഞാനത്തിനെതിരേ തിൻമ ബലപ്പെടുകയില്ല. ഭൂമിയിൽ ഒരറ്റം മുതൽ മറ്റേ അറ്റംവരെ ജ്‌ഞാനം, സ്വാധീനം ചെലുത്തുന്നു. അവൾ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (119 : 89–90, 91+130, 135+175)

കർത്താവേ, അങ്ങയുടെ വചനം എന്നേക്കും സുസ്ഥാപിതമാണ്.

കർത്താവേ, അങ്ങയുടെ വചനം സ്വർഗത്തിൽ എന്നേക്കും സുസ്‌ഥാപിതമാണ്.
അങ്ങയുടെ വിശ്വസ്‌തത തലമുറകളോളം നിലനില്ക്കുന്നു;
അവിടന്നു ഭൂമിയെ സ്‌ഥാപിച്ചു; അതു നിലനില്ക്കുന്നു.

കർത്താവേ, അങ്ങയുടെ വചനം എന്നേക്കും സുസ്ഥാപിതമാണ്.

അവിടന്നു നിശ്ചയിച്ച പ്രകാരം ഇന്നും എല്ലാം നിലനില്ക്കുന്നു;
എന്തെന്നാൽ, സകലതും അങ്ങയെ സേവിക്കുന്നു.
അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം പരക്കുന്നു;
എളിയവർക്ക് അത് അറിവു പകരുന്നു.

കർത്താവേ, അങ്ങയുടെ വചനം എന്നേക്കും സുസ്ഥാപിതമാണ്.

ഈ ദാസന്റെമേൽ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ,
അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!
അങ്ങയെ സ്തുതിക്കാൻവേണ്ടി ഞാൻ ജീവിക്കട്ടെ!
അങ്ങയുടെ നിയമങ്ങൾ എനിക്കു തുണയായിരിക്കട്ടെ!

കർത്താവേ, അങ്ങയുടെ വചനം എന്നേക്കും സുസ്ഥാപിതമാണ്.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (യോഹ 15:5).

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾ ചെയ്യുന്നു: ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (17:20-25)

(ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്)

അക്കാലത്ത്, ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്നു ഫരിസേയർ ചോദിച്ചതിന്, യേശു മറുപടി പറഞ്ഞു: പ്രത്യക്ഷമായ അടയാളങ്ങളോടുകൂടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്ന് ആരും പറയുകയുമില്ല. എന്തെന്നാൽ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്. അവൻ ശിഷ്യരോടു പറഞ്ഞു: മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്ന സമയം വരും. എന്നാൽ, നിങ്ങൾ കാണുകയില്ല. അതാ അവിടെ, ഇതാ ഇവിടെ എന്ന് അവർ നിങ്ങളോടു പറയും. നിങ്ങൾ പോകരുത്. അവരെ നിങ്ങൾ അനുഗമിക്കുകയുമരുത്. ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽപ്പിണർ പ്രകാശിക്കുന്നതുപോലെ, യായിരിക്കും തന്റെ ദിവസത്തിൽ മനുഷ്യപുത്രനും. എന്നാൽ, ആദ്യമേ അവൻ വളരെ കഷ്‌ടതകൾ സഹിക്കുകയും ഈ തല മുറയാൽ ഉപേക്‌ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.