ഫെബ്രുവരി 06 വെള്ളി
ഒന്നാം വായന
പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന്
(അവൻ പൂർണഹ്യദയത്തോടെ സൃഷ്ടാവിനെ സ്നേഹിക്കുകയും അവിടത്തേക്ക് സ്തുതിപാടുകയും ചെയ്തു)
സമാധാനബലിയിൽ വിശിഷ്‌ടമായ കൊഴുപ്പെന്നപോലെ ഇസ്രായേൽ ജനത്തിൽനിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു. അവൻ കോലാട്ടിൻകുട്ടികളോടുകൂടെ എന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിൻകുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും കളിയാടി, അവൻ, യൗവനത്തിൽ കവിണയിൽ കല്ലുചേർത്ത് കരം ഉയർത്തിയപ്പോൾ ഗോലിയാത്തിൻ്റെ അഹങ്കാരം തകർത്തില്ലേ? ആ മല്ലനെ കൊന്ന് അവൻ ജനത്തിന്റെ അപമാനം നീക്കിയില്ലേ? അവൻ അത്യുന്നതായ കർത്താവിനോട് അപേക്ഷിച്ചു; തന്റെ ജനത്തിന്റെ ശക്തി വർധിപ്പിക്കുന്നതിനുവേണ്ടി ഒരു യുദ്‌ധവീരനെ കൊല്ലുന്നതിന് അവിടന്ന് അവന്റെ വലത്തുകരം ശക്തമാക്കി. പതിനായിരങ്ങളുടെമേൽ വിജയംവരിച്ചവൻ എന്ന് ആർത്തുവിളിച്ചുകൊണ്ട് അവർ അവനെ മഹത്ത്വത്തിന്റെ കിരീടം അണിയിച്ചു; കർത്താവിന്റെ അനുഗ്രഹങ്ങളെപ്രതി അവർ അവനെ സ്‌തുതിച്ചു. ചുറ്റുമുള്ള ശത്രുക്കളെ അവൻ തുടച്ചുമാറ്റി; എതിരാളികളായ ഫിലിസ്ത്യരെ അവൻ നശിപ്പിച്ചു;ഇന്നും അവർ ശക്‌തിയറ്റവരായിക്കഴിയുന്നു. തന്റെ എല്ലാ പ്രവൃത്തികളിലും അവൻ അത്യുന്നതന്റെ മഹത്ത്വം പ്രകീർത്തിച്ച് പരിശുദ്‌ധനായ ദൈവത്തിനു കൃതജ്‌ഞതയർപ്പിച്ചു അവൻ പൂർണ ഹൃദയത്തോടെ സ്രഷ്‌ടാവിനെ സ്നേഹിക്കുകയും അവിടത്തേക്ക് സ്തുതിപാടുകയും ചെയ്തു. ബലിപീഠത്തിനു മുമ്പിൽ മധുരമായ ഗാനം ആലപിക്കാൻ അവൻ ഗായകസംഘത്തെ നിയോഗിച്ചു. അവൻ ഉത്സവങ്ങൾക്കു മനോഹാരിത പകരുകയും അവയുടെ കാലം നിശ്ചയിക്കുകയും ചെയ്തു. അവർ ദൈവത്തിന്റെ വിശുദ്‌ധനാമം സ്‌തുതിച്ചപ്പോൾ അവരുടെ സ്‌തുതിഗീതങ്ങളാൽ ഉദയത്തിനു മുമ്പുതന്നെ വിശുദ്‌ധസ്‌ഥലം മുഖരിതമായി. കർത്താവ് അവൻ്റെ പാപം നീക്കിക്കളയുകയും അവന്റെ അധികാരം എന്നേക്കും ഉറപ്പിക്കുകയും ചെയ്‌തു; അവിടന്ന് അവന് രാജത്വവും ഇസ്രായേലിൽ മഹത്ത്വത്തിൻ്റ സിംഹാസനവും ഉടമ്പടിവഴി നല്‌കി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
എന്റെ രക്ഷയുടെ ദൈവം സ്‌തുതിക്കപ്പെടട്ടെ.
ദൈവത്തിന്റെ മാർഗം അവികലമാണ്; കർത്താവിന്റെ വാഗ്ദാനം നിറവേറും; തന്നിൽ അഭയം തേടുന്നവർക്ക് അവിടന്നു പരിചയാണ്.
എന്റെ രക്ഷയുടെ ദൈവം സ്‌തുതിക്കപ്പെടട്ടെ.
കർത്താവു ജീവിക്കുന്നു; എൻ്റെ രക്‌ഷാശില വാഴ്ത്തപ്പെടട്ടെ; എന്റെ രക്ഷയുടെ ദൈവം സ്‌തുതിക്കപ്പെടട്ടെ. ആകയാൽ കർത്താവേ, ജനതകളുടെമധ്യേ ഞാൻ അങ്ങേക്കു കൃതജ്‌ഞതാസ്തോത്രം ആലപിക്കും; അങ്ങയുടെ നാമം പാടി സ്‌തുതിക്കും.
എന്റെ രക്ഷയുടെ ദൈവം സ്‌തുതിക്കപ്പെടട്ടെ.
തൻെറ രാജാവിന് അവിടന്നു വൻവിജയം നല്‌കുന്നു: തന്റെ അഭിഷിക്തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു; ദാവീദിനോടും അവന്റെ സന്തതിയോടും തന്നെ.
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
അല്ലേലുയാ !
അല്ലേലൂയാ! ദൈവത്തിന്റെ വചനം കേട്ട് ഉത്കൃഷ്ടവും നിർമലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവർ അനുഗൃഹീതർ. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ ശിരഛേദം ചെയ്ത യോഹന്നാൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു)
അക്കാലത്ത്, ഹേറോദേസ് രാജാവ് യേശുവിനെപ്പറ്റി കേട്ടു. യേശുവിന്റെ പേര് പ്രസിദ്‌ധമായിക്കഴിഞ്ഞിരുന്നു. ചിലർ പറഞ്ഞു സ്‌നാപകയോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അദ്‌ഭുതകരമായ ഈ ശക്തികൾ ഇവനിൽ പ്രവർത്തിക്കുന്നത്. മറ്റുചിലർ പറഞ്ഞു: ഇവൻ ഏലിയാ ആണ്, വേറെ ചിലർ പറഞ്ഞു: പ്രവാചകരിൽ ഒരുവനെപ്പോലെ ഇവനും ഒരു പ്രവാചകനാണ്. എന്നാൽ, ഇതെല്ലാം കേട്ടപ്പോൾ ഹേറോദേസ് പ്രസ്‌താവിച്ചു: ഞാൻ ശിരശ്‌ഛേദം ചെയ്തയോഹന്നാൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗ്യഹത്തിൽ ബന്‌ധിക്കയും ചെയ്‌തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിൻ്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെ ചെയ്‌തത്. അവൻ അവളെ വിവാഹം ചെയ്‌തിരുന്നു. യോഹന്നാൻ ഹേറോദേസിനോടു പറഞ്ഞു: സഹോദരൻ്റ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്‌ധമാണ്. തൻമൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അവൾക്കു സാധിച്ചില്ല. എന്തെന്നാൽ, യോഹന്നാൻ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്. ഹേറോദേസ് അവനെ ഭയപ്പെട്ട് സംരക്ഷണം നല്കിപ്പോന്നു. അവന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും അവൻ പറയുന്നതെല്ലാം സന്തോഷത്തോടെ കേൾക്കുമായിരുന്നു.
ഹേറോദേസ് തന്റെ ജൻമദിനത്തിൽ രാജസേവകൻമാർക്കും സഹസ്രാധിപൻമാർക്കും ഗലീലിയിലെ പ്രമാണികൾക്കും വിരുന്നു നല്കിയപ്പോൾ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേർന്നു. അവളുടെ മകൾ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെൺകുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാൻ നിനക്കു തരും. അവൻ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും, ഞാൻ നിനക്കു തരും. അവൾ പോയി അമ്മയോടു ചോദിച്ചു: ഞാൻ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്‌നാപകയോഹന്നാൻെറ ശിരസ്സ്. അവൾ ഉടനേ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോൾത്തന്നെ സ്‌നാപകയോഹന്നാൻെറ ശിരസ്‌സ് ഒരു തളികയിൽ വച്ച് എനിക്കു തരണമെന്നു ഞാൻ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെ പ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാൻ അവനു തോന്നിയില്ല. അവന്റെ തല കൊണ്ടുവരാൻ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനേ അയച്ചു. അവൻ കാരാഗൃഹത്തിൽ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയിൽ വച്ചു കൊണ്ടുവന്ന് പെൺകുട്ടിക്കു കൊടുത്തു. അവൾ അത് അമ്മയെ ഏല്പിച്ചു. ഈ വിവരം അറിഞ്ഞ യോഹന്നാന്റെ ശിഷ്യൻമാർ വന്ന് മൃതദേഹം കല്ലറയിൽ സംസ്കരിച്ചു.




