ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (8 :1-11)
(യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു.)
സഹോദരരേ, ഇപ്പോൾ യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവർക്കു ശിക്‌ഷാവിധിയില്ല. എന്തെന്നാൽ, യേശുക്രി സ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. ശരീരത്താൽ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്‌തു. അവിടന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തിൽ ശിക്ഷവിധിച്ചു. ഇത് ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്ന നമ്മിൽ നിയമത്തിന്റെ അനുശാസനം സഫലമാകുന്നതിനുവേണ്ടിയാണ്. എന്തെന്നാൽ, ജഡികമായി ജീവിക്കുന്നവർ ജഡികകാര്യങ്ങളിൽ മനസ്സുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയകാര്യങ്ങളിൽ മനസ്സുവയ്ക്കുന്നു. ജഡികാഭിലാഷങ്ങൾ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങൾ ജീവനിലേക്കും സമാധാനത്തിലേക്കും. ജഡികതാത്പര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിനു കീഴ്പ്പെടുന്നില്ല; കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. ജഡികപ്രവണതകളനുസരിച്ചു ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവത്തിന്റെ ആത്‌മാവ് യഥാർഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല, ആത്‌മീയരാണ്. ക്രിസ്‌തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല. എന്നാൽ, നിങ്ങളുടെ ശരീരം പാപം നിമിത്തം മൃതമാണെങ്കിലും ക്രിസ്‌തു നിങ്ങളിലുണ്ടെങ്കിൽ നിങ്ങളുടെ ആത്മാവ് നീതിനിമിത്തം ജീവനുള്ളതായിരിക്കും. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുണ്ടെങ്കിൽ, യേശുക്രിസ്‌തുവിനെ ഉയിർപ്പിച്ചവൻ നിങ്ങളുടെ മർത്ത്യശരീരങ്ങൾക്കും നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവാൽ ജീവൻ പ്രദാനം ചെയ്യും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (24 : 1-2, 3-4ab, 5-6)
ദൈവമേ, ഇത് അവിടത്തെ അന്വേഷിക്കുന്നവരുടെ തല മുറയാകുന്നു.
ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും ഭൂതലവും അതിലെ നിവാസികളും കർത്താവിന്റേതാണ്. സമുദ്രങ്ങൾക്കു മുകളിൽ അതിന്റെ അടിസ്‌ഥാനമുറപ്പിച്ചതും നദിക്കു മുകളിൽ അതിനെ സ്‌ഥാപിച്ചതും അവിടന്നാണ്.
ദൈവമേ, ഇത് അവിടുത്തെ അന്വേഷിക്കുന്നവരുടെ തല മുറയാകുന്നു.
കർത്താവിന്റെ മലയിൽ ആരു കയറും? അവിടത്തെ വിശുദ്ധസ്ഥലത്ത് ആരു നില്ക്കും? കളങ്കമറ്റ കൈകളും നിർമലമായ ഹൃദയവും ഉള്ളവൻ, മിഥ്യയുടെമേൽ മനസ്‌സു പതിക്കാത്തവൻ.
ദൈവമേ, ഇത് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറയാകുന്നു.
അവന്റെമേൽ കർത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.
ദൈവമേ, ഇത് അവിടത്തെ അന്വേഷിക്കുന്നവരുടെ തല മുറയാകുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (എസെ 33:11).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു. ദുഷ്ടൻ മരിക്കുന്നതിലല്ല, അവൻ ദുഷ്ടമാർഗത്തിൽനിന്ന് പിന്തിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (13:1-9)
(പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും)
അക്കാലത്ത്, ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളിൽ അവരുടെ രക്‌തം കൂടി പീലാത്തോസ് കലർത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ അവനെ അറിയിച്ചു. അവൻ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരെയുംകാൾ കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞു വീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേർ, അന്നു ജറുസലേമിൽ വസിച്ചിരുന്ന എല്ലാവരെയുംകാൾ കുറ്റക്കാരായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അവൻ ഈ ഉപമ പറഞ്ഞു: ഒരുവൻ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്‌ഷം നട്ടുപിടിപ്പിച്ചു. അതിൽ പഴമുണ്ടോ എന്നു നോക്കാൻ അവൻ വന്നു; എന്നാൽ ഒന്നും കണ്ടില്ല. അപ്പോൾ അവൻ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വർഷമായി ഞാൻ ഈ അത്തിവൃക്‌ഷത്തിൽനിന്ന് ഫലം അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരൻ അവനോടു പറഞ്ഞു: യജമാനനേ, ഈ വർഷംകൂടെ അതു നില്ക്കട്ടെ. ഞാൻ അതിന്റെ ചുവടുകിളച്ച് വളമിടാം. മേലിൽ അതു ഫലം നല്കിയേക്കാം. ഇല്ലെങ്കിൽ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.




