ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (7 :18-25a)
(മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് ആരെന്നെ മോചിപ്പിക്കും?)
സഹോദരരേ, എന്നിൽ, അതായത്, ശരീരത്തിൽ, എന്റെ നൻമ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നൻമ ഇച്ഛിക്കാൻ എനിക്കു സാധിക്കും; എന്നാൽ, പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നൻമയല്ല, ഇച്ഛിക്കാത്ത തിൻമയാണു ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതു ഞാൻ ചെയ്യുന്നെങ്കിൽ, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്. അങ്ങനെ, നൻമ ചെയ്യാനാഗ്രഹിക്കുന്ന എന്നിൽത്തന്നെ തിൻമയുണ്ട് എന്നൊരു തത്ത്വം ഞാൻ കാണുന്നു. എന്റെ അന്തരംഗത്തിൽ ഞാൻ ദൈവത്തിന്റെ നിയമമോർത്ത് ആഹ്ലാദിക്കുന്നു. എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്‌സിൻെറ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാൻ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു. ഞാൻ ദുർഭഗനായ മനുഷ്യൻ! മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ ആരു മോചിപ്പിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്തോത്രം!
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (119 : 66+68, 76-77, 93-94)
കർത്താവേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!
അങ്ങയുടെ കല്‌പനകളിൽ ഞാൻ വിശ്വസിക്കുന്നതുകൊണ്ട് അറിവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ! അവിടന്ന് നല്ലവനും നൻമ ചെയ്യുന്നവനുമാണ്; അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!
കർത്താവേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!
ഈ ദാസന് അങ്ങു നല്‌കിയ വാഗ്ദാനമനുസരിച്ച് അങ്ങയുടെ കാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ! ഞാൻ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ! അങ്ങയുടെ നിയമത്തിലാണ് എന്റെ ആനന്ദം.
കർത്താവേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!
ഞാൻ അങ്ങയുടെ കല്‌പനകൾ ഒരിക്കലും മറക്കുകയില്ല; അവ വഴിയാണ് അവിടന്ന് എനിക്കു ജീവൻ തന്നത്. ഞാൻ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! എന്തെന്നാൽ, ഞാൻ അങ്ങയുടെ നിയമങ്ങൾ അന്വേഷിച്ചു.
കർത്താവേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (മത്താ 11:25).
അല്ലേലൂയാ!
അല്ലേലൂയാ! ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (12:54-59)
(ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്?)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതുകണ്ടാൽ മഴ വരുന്നു എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കൻ കാറ്റടിക്കുമ്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ, വഴിയിൽ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടുകൊള്ളുക: അല്ലെങ്കിൽ അവൻ നിന്നെ ന്യായാധിപന്റെ അടുത്തേക്കുകൊണ്ടുപോവുകയും ന്യായാധിപൻ നിന്നെ കാരാഗൃഹപാലകനെ ഏല്‌പിക്കുകയും അവൻ നിന്നെ തടവിലാക്കുകയും ചെയ്യും. അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.




