ഒന്നാം വായന
യോനാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (4 : 1-11)
(നിനക്കു ചെടിയോട് അനുകമ്പ തോന്നുന്നുവെങ്കിൽ, എനിക്ക് മഹാനഗരമായ നിനെവേയോട് അനുകമ്പ തോന്നരുതെന്നോ?)
ദൈവം നിനെവേനഗരത്തോട് സഹതാപം കാണിച്ചതിൽ യോനാ അത്യധികം അസംതൃപ്‌തനും കുപിതനുമായി. അവൻ കർത്താവിനോടു പ്രാർഥിച്ചുകൊണ്ടു പറഞ്ഞു: ഞാൻ എന്റെ ദേശത്തായിരുന്നപ്പോൾ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണ് ഞാൻ താർഷീഷിലേക്ക് ഓടിപ്പോകാൻ ശ്രമിച്ചത്. അവിടന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്നേഹനിധിയും ശിക്ഷിക്കുന്നതിൽ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു. കർത്താവേ, എന്റെ ജീവൻ എടുത്തുകൊള്ളുക എന്നു ഞാൻ അപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്ക് നല്ലത്. കർത്താവ് ചോദിച്ചു: നിനക്കു കോപിക്കാൻ എന്തു കാര്യം? യോനാ പുറത്തിറങ്ങി നഗരത്തിന്റെ കിഴക്കുഭാഗത്തു പോയി ഇരുന്നു. അവിടെ അവൻ തനിക്കുവേണ്ടി ഒരു കൂടാരം നിർമിച്ചു. നഗരത്തിന് എന്തു സംഭവിക്കുമെന്നു കാണാനായി കൂടാരത്തിന്റെ കീഴിൽ ഇരുന്നു. യോനായ്ക്കു തണലും ആശ്വാസവും നല്‌കുന്നതിന് ദൈവമായ കർത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു. പിറ്റേന്നു പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോൾ ദൈവം അത്യുഷ്ണമുള്ള കിഴക്കൻ കാറ്റിനെ നിയോഗിച്ചു. തലയിൽ സൂര്യന്റെ ചുടേറ്റ് യോനാ തളർന്നു. മരിക്കാൻ ആഗ്രഹിച്ചുകൊണ്ട് അവൻ പറഞ്ഞു: ജീവിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്. ദൈവം യോനായോടു ചോദിച്ചു: ആ ചെടിയെച്ചൊല്ലി കോപിക്കാൻ നിനക്കെന്തു കാര്യം? അവൻ പറഞ്ഞു: കോപിക്കാൻ എനിക്കു കാര്യമുണ്ട്, മരണംവരെ കോപിക്കാൻ. കർത്താവ് പറഞ്ഞു: ഈ ചെടി ഒരു രാത്രികൊണ്ട് വളരുകയും അടുത്തരാത്രി നശിക്കുകയും ചെയ്തു. നീ അതിന്റെ വളർച്ചയ്ക്കുവേണ്ടി അധ്വാനിച്ചിട്ടില്ല. എന്നിട്ടും നിനക്കതിനോട് അനുകമ്പ തോന്നുന്നു. എങ്കിൽ, ഇടംവലം തിരിച്ചറിയാൻ കഴിവില്ലാത്ത ഒരുലക്‌ഷത്തി ഇരുപതിനായിരത്തിൽപരം ആളുകളും അസംഖ്യം മൃഗങ്ങളും വസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (86 : 3-4, 5-6, 9–10)
കർത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.
കർത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ! കർത്താവേ, ഞാൻ അങ്ങയിലേക്ക് എന്റെ മനസ്‌സിനെ ഉയർത്തുന്നു.
കർത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.
കർത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നവരോട് അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. കർത്താവേ, എൻ്റെ പ്രാർഥന കേൾക്കണമേ! എൻ്റെ യാചനയുടെ സ്വരം ശ്രദ്‌ധിക്കണമേ!
കർത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.
കർത്താവേ, അങ്ങു സൃഷ്‌ടിച്ച ജനതകൾ വന്ന് അങ്ങയെ കുമ്പിട്ട് ആരാധിക്കും; അവർ അങ്ങയുടെ നാമം മഹത്ത്വപ്പെ ടുത്തും. എന്തെന്നാൽ, അങ്ങു വലിയവനാണ്. വിസ്‌മയകരമായ കാര്യങ്ങൾ അങ്ങു നിർവഹിക്കുന്നു; അങ്ങു മാത്രമാണു ദൈവം.
കർത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (റോമാ 8:15bc).
അല്ലേലൂയാ!
അല്ലേലൂയാ! പുത്രസ്വീകാരത്തിന്റെ ആത്മാ വിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂല മാണ് നാം അബാ-പിതാവേ-എന്നുവിളിക്കുന്നത്. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (11: 1-4)
(കർത്താവേ, ഞങ്ങളെ പ്രാർഥിക്കാൻ പഠിപ്പിക്കുക)
അക്കാലത്ത്, യേശു ഒരിടത്തു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർഥിച്ചുകഴിഞ്ഞപ്പോൾ ശിഷ്യൻമാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കുക. അവൻ അരുൾചെയ്‌തു: നിങ്ങൾ ഇങ്ങനെ പ്രാർഥിക്കുവിൻ. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്കു നല്കണമേ. ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാൽ, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ.




