ഒന്നാം വായന
ജോയേൽ പ്രവാചകന്റെ പുസ്‌തകത്തിൽ നിന്ന് (3 : 12-21)
(അരിവാൾ എടുക്കുവിൻ, വിളവു പാകമായിരിക്കുന്നു)
കർത്താവ് അരുൾചെയ്യുന്നു: ജനതകൾ ഉണർന്നു യഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാൻ ഞാൻ ന്യായാസനത്തിൽ ഉപവിഷ്ടനാകും. അരിവാൾ എടുക്കുവിൻ; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിൻ; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികൾ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്‌ടത അത്രയ്ക്കു വലുതാണ്. വിധിയുടെ താഴ്വരയിൽ, അതാ, ജനസഞ്ചയം. വിധിയുടെ താഴ്വരയിൽ, കർത്താവിന്റെ ദിനം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങൾ തങ്ങളുടെ പ്രകാശം മറച്ചുവയ്ക്കുന്നു.
കർത്താവ് സീയോനിൽനിന്നു ഗർജിക്കുന്നു; ജറുസലേമിൽ നിന്ന് അവിടത്തെ ശബ്ദം മുഴങ്ങുന്നു; ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളുന്നു. എന്നാൽ, കർത്താവ് തന്റെ ജനത്തിന് അഭയമാണ്; ഇസ്രായേൽജനത്തിനു ശക്തിദുർഗം. എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്ന, നിങ്ങളുടെ ദൈവമായ കർത്താവാണു ഞാൻ എന്നു നിങ്ങൾ അറിയും. ജറുസലേം വിശുദ്‌ധമായിരിക്കും. അന്യർ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല. അന്നു പർവതങ്ങളിൽനിന്നു മധുരവീഞ്ഞ് ഇറ്റുവീഴും; കുന്നുകളിൽനിന്നു പാൽ ഒഴുകും. യൂദായിലെ അരുവികളിൽ ജലം നിറയും. കർത്താവിന്റെ ആലയത്തിൽനിന്ന് ഒരു നീരുറവ പുറപ്പെട്ട് ഷിത്തിം താഴ്‌വര നനയ്ക്കും. യൂദായിലെ ജനത്തോട് അക്രമം പ്രവർത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിഷ്‌കളങ്കരക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്ത് ശൂന്യമാകുകയും ഏദോം നിർജനഭൂമിയാവുകയും ചെയ്യും. എന്നാൽ, യൂദായും ജറുസലേമും തലമുറകളോളം അധി വസിക്കപ്പെടും. അവരുടെ രക്തത്തിനു ഞാൻ പ്രതികാരം ചെയ്യും. കുറ്റവാളികളെ ഞാൻ വെറുതെ വിടുകയില്ല. കർത്താവു സീയോനിൽ വസിക്കുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (97 : 1-2, 5–6, 11-12)
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
കർത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങൾ ആനന്ദിക്കട്ടെ! മേഘങ്ങളും കൂരിരുട്ടും അവിടത്തെ ചുറ്റുമുണ്ട്; നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
കർത്താവിന്റെ മുൻപിൽ, ഭൂമി മുഴുവന്റെയും അധിപനായ കർത്താവിന്റെ മുൻപിൽ, പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു. ആകാശം അവിടത്തെ നീതി പ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടത്തെ മഹത്ത്വം ദർശിക്കുന്നു.
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
നീതിമാൻമാരുടെമേൽ പ്രകാശം ഉദിച്ചിരിക്കുന്നു; പരമാർഥ ഹൃദയർക്കു സന്തോഷമുദിച്ചിരിക്കുന്നു. നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ, അവിടത്തെ വിശുദ്‌ധനാമത്തിന് കൃതജ്ഞതയർപ്പിക്കുവിൻ.
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 11:28).
അല്ലേലൂയാ!
അല്ലേലൂയാ! ദൈവവചനം കേട്ട് അതു പാലിക്കുന്നവർ ഭാഗ്യവാൻമാർ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (11: 27-28)
(നിന്നെ വഹിച്ച ഉദരം ഭാഗ്യമുള്ളത്; ദൈവവചനം കേട്ട് അതു പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്‌തുകൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവൻ പറഞ്ഞു: ദൈവവചനം കേട്ട്, അതുപാലിക്കുന്നവർ കൂടുതൽ ഭാഗ്യവാൻമാർ.




