ഒന്നാം വായന
മലാക്കി പ്രവാചകൻറെ പുസ്‌തകത്തിൽ നിന്ന് (3 : 13–4:2a)
(ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു)
കർത്താവ് അരുൾചെയ്യുന്നു; എനിക്കെതിരേയുള്ള നിങ്ങളുടെ വാക്കുകൾ കഠിനമായിരിക്കുന്നു. എന്നിട്ടും ഞങ്ങൾ അങ്ങേക്കെതിരായി എങ്ങനെ സംസാരിച്ചു എന്ന് നിങ്ങൾ ചോദിക്കുന്നു. നിങ്ങൾ പറഞ്ഞു: ദൈവത്തെ സേവിക്കുന്നതു വ്യർഥമാണ്, അവിടത്തെ കല്‌പനകൾ അനുസരിക്കുന്നതുകൊണ്ടും സൈന്യങ്ങളുടെ കർത്താവിന്റെ മുൻപിൽ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം? ഇനിമേൽ അഹങ്കാരികളാണു ഭാഗ്യവാൻമാർ എന്നു ഞങ്ങൾ കരുതും. ദുഷ്‌കർമികൾ അഭിവൃദ്‌ധിപ്പെടുക മാത്രമല്ല, ദൈവത്തെ പരീക്ഷിക്കുമ്പോൾ അവർ രക്‌ഷപ്പെടുകയും ചെയ്യുന്നു. അന്നു കർത്താവിനെ ഭയപ്പെട്ടിരുന്നവർ പരസ്പരം സംസാരിച്ചു; അവർ പറഞ്ഞത് കർത്താവ് ശ്രദ്‌ധിച്ചുകേട്ടു. കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ നാമം ധ്യാനിക്കുകയും ചെയ്യുന്നവരെ ഓർമിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടത്തെ മുൻപിൽ എഴുതപ്പെട്ടു. സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു. അവർ എന്റേതായിരിക്കും. ഞാൻ പ്രവർത്തിക്കുന്ന ദിവസം അവർ എന്റെ പ്രത്യേക അവകാശമായിരിക്കും. പിതാവ് തന്നെ സേവിക്കുന്ന പുത്രനെയെന്നപോലെ ഞാൻ അവരെ രക്ഷിക്കും. അപ്പോൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം നിങ്ങൾ ഒരിക്കൽക്കൂടി തിരിച്ചറിയും.
സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടൻമാരും വയ്ക്കോൽ പോലെയാകും. ആ ദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാൽ, എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (1 : 1-2, 3, 4+6)
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
ദുഷ്‌ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ
വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവൻ ഭാഗ്യവാൻ. അവന്റെ
ആനന്ദം കർത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവൻ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല
കൊഴിയാത്തതുമായ വൃക്‌ഷം പോലെയാണ് അവൻ;
അവന്റെ പ്രവൃത്തികൾ സഫലമാകുന്നു.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
ദുഷ്‌ടർ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവർ.
കർത്താവു നീതിമാൻമാരുടെ മാർഗം അറിയുന്നു;
ദുഷ്‌ടരുടെ മാർഗം നാശത്തിൽ അവസാനിക്കും.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (Cf. അപ്പ 16:14b).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവേ, അങ്ങയുടെ പുത്രന്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്ക ണമേ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (11:5-13)
(ചോദിക്കുവിൻ; നിങ്ങൾക്കു ലഭിക്കും)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അർധരാത്രി അവന്റെ അടുത്തുചെന്ന് അവൻ പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്‌പ തരുക. ഒരു സ്നേഹിതൻ യാത്രാ മധ്യേ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവനു കൊടുക്കാൻ എനിക്കൊന്നുമില്ല. അപ്പോൾ, അവന്റെ സ്നേഹിതൻ അകത്തു നിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാൻ സാധിക്കുകയില്ല. ഞാൻ നിങ്ങളോടു പറയുന്നു, അവൻ സ്നേഹിതനാണ് എന്നതിന്റെ പേരിൽ അവന് ഒന്നും കൊടുക്കുകയില്ലെങ്കിൽത്തന്നെ, നിർബന്‌ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‌കും. ഞാൻ നിങ്ങളോടു പറയുന്നു: ചോദിക്കുവിൻ; നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ; നിങ്ങൾക്കു തുറന്നുകിട്ടും. എന്തെന്നാൽ ചോദിക്കുന്ന ആർക്കും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതു പിതാവാണ് മകൻ മീൻ ചോദിച്ചാൽ, പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ, പകരം തേളിനെ കൊടുക്കുക? മക്കൾക്കു നല്ല ദാനങ്ങൾ നല്കാൻ ദുഷ്‌ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‌കുകയില്ല!




