Word of God

ആണ്ടുവട്ടം ഇരുപത്തേഴാം വാരം : തിങ്കൾ ഒക്‌ടോബർ – 06 വചന വായന

ഒന്നാം വായന

യോനാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (1 : 1-2: 1, 11)

(കർത്താവിന്റെ സന്നിധിയിൽനിന്ന് ഒളിച്ചോടാൻ യോനാ ഒരുങ്ങി)

അമിത്തായിയുടെ പുത്രൻ യോനായ്ക്ക് കർത്താവിന്റെ അരുളപ്പാടുണ്ടായി: നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയിൽ ച്ചെന്ന് അതിനെതിരേ വിളിച്ചുപറയുക. എന്തെന്നാൽ, അവരുടെ ദുഷ്‌ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു. എന്നാൽ, യോനാ താർഷീഷിലേക്ക് ഓടി കർത്താവിന്റെ സന്നിധിയിൽ നിന്നു മറയാനൊരുങ്ങി. അവൻ ജോപ്പായിലെത്തി. അവിടെ താർഷീഷിലേക്കു പോകുന്ന ഒരു കപ്പൽകണ്ട് യാത്രക്കൂലി കൊടുത്ത് അവൻ അതിൽ കയറി. അങ്ങനെ താർഷീഷിൽ ചെന്ന് കർത്താവിൻ്റെ സന്നിധിയിൽനിന്ന് ഒളിക്കാമെന്ന് അവൻ കരുതി.

എന്നാൽ, കർത്താവ് കടലിലേക്ക് ഒരു കൊടുങ്കാറ്റ് അയച്ചു ; കടൽക്ഷോഭത്തിൽ കപ്പൽ തകരുമെന്നായി. കപ്പൽ യാത്രക്കാർ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവൻമാരെ വിളിച്ചപേക്ഷിച്ചു. ഭാരം കുറയ്ക്കാൻവേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവർ കടലിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ, യോനാ കപ്പലിന്റെ ഉള്ളറയിൽ കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ കപ്പിത്താൻ അടുത്തുവന്ന് അവനോടു ചോദിച്ചു: നീ ഉറങ്ങുന്നോ? എന്താണ് ഇതിന്റെ അർഥം? എഴുന്നേറ്റ് നിൻ്റെ ദൈവത്തെ വിളിച്ചപേക്‌ഷിക്കുക. നമ്മൾ നശിക്കാതിരിക്കാൻ, ഒരുപക്ഷേ, അവിടന്ന് നമ്മെ ഓർത്തേക്കും. അനന്തരം അവർ പരസ്‌പരം പറഞ്ഞു: ആരു നിമിത്തമാണ് നമുക്ക് ഈ അനർഥം ഭവിച്ചതെന്നറിയാൻ നമുക്കു നറുക്കിടാം. അവർ നറുക്കിട്ടു. യോനായ്ക്കു നറുക്കുവീണു. അപ്പോൾ അവർ അവനോടു ചോദിച്ചു: പറയു, ആരു നിമിത്തമാണ് ഈ അനർഥം നമ്മുടെമേൽ വന്നത്? നിന്റെ തൊഴിൽ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ നാടേതാണ്? നീ ഏതു ജനതയിൽപ്പെടുന്നു? അവൻ പറഞ്ഞു: ഞാൻ ഒരു ഹെബ്രായനാണ്. കടലും കരയും സൃഷ്‌ടിച്ച, സ്വർഗസ്‌ഥനായ ദൈവമായ കർത്താവിനെ ആണ് ഞാൻ ആരാധിക്കുന്നത്. അപ്പോൾ അവർ അത്യധികം ഭയപ്പെട്ട് അവനോടു പറഞ്ഞു: നീ എന്താണ് ഈ ചെയ്തത്? അവൻ കർത്താവിന്റെ സന്നിധിയിൽനിന്ന് ഓടി യൊളിക്കുകയാണെന്ന്, അവൻതന്നെ പറഞ്ഞ് അവർ അറിഞ്ഞു. അവർ അവനോടു പറഞ്ഞു: കടൽ ശാന്തമാകേണ്ടതിന് ഞങ്ങൾ നിന്നെ എന്തുചെയ്യണം? കടൽ കൂടുതൽ കൂടുതൽ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നു. അവൻ അവരോടു പറഞ്ഞു: എന്നെ എടുത്തു കടലിലേക്കെറിയുക. അപ്പോൾ കടൽ ശാന്തമാകും. എന്തെന്നാൽ, ഞാൻ നിമിത്തമാണ് ഈ വലിയ കൊടുങ്കാറ്റ് നിങ്ങൾക്കെതിരേ ഉണ്ടായിരിക്കുന്നതെന്നു ഞാൻ മനസ്‌സിലാക്കുന്നു.

കപ്പൽ കരയ്ക്ക് അടുപ്പിക്കുന്നതിനായി അവർ ശക്തി പൂർവം തണ്ടുവലിച്ചു. എന്നാൽ, അവർക്കു സാധിച്ചില്ല. എന്തെന്നാൽ, കടൽ അവർക്കെതിരേ പൂർവാധികം ക്ഷോഭിക്കുകയായിരുന്നു. അതുകൊണ്ട്, അവർ കർത്താവിനോടു നിലവിളിച്ചു. കർത്താവേ, ഈ മനുഷ്യന്റെ ജീവൻ നിമിത്തം ഞങ്ങൾ നശിക്കാനിടയാകരുതേ! നിഷ്‌കളങ്കരക്‌തം ചിന്തി എന്ന കുറ്റം ഞങ്ങളുടെമേൽ ചുമത്തരുതേ! കർത്താവേ, അവിടത്തെ ഹിതമനുസരിച്ചാണല്ലോ ഇപ്രകാരം സംഭവിച്ചത്. അനന്തരം, അവർ യോനായെ എടുത്തു കടലിലേക്കെറിഞ്ഞു. ഉടനേ കടൽ ശാന്തമായി. അപ്പോൾ അവർ കർത്താവിനെ അത്യധികം ഭയപ്പെടുകയും അവിടത്തേക്കു ബലിയർപ്പിക്കുകയും നേർച്ചനേരുകയും ചെയ്തു.

യോനായെ വിഴുങ്ങാൻ കർത്താവ് ഒരു വലിയ മത്സ്യത്തെ നിയോഗിച്ചു. യോനാ മൂന്നുരാവും മൂന്നുപകലും ആ മത്സ്യത്തിന്റെ ഉദരത്തിൽ കഴിഞ്ഞു. മത്സ്യത്തിന്റെ ഉദരത്തിൽ വച്ചു യോനാ തന്റെ ദൈവമായ കർത്താവിനോടു പ്രാർഥിച്ചു. കർത്താവ് മത്സ്യത്തോടു കല്‌പിച്ചു. അതു യോനായെ കരയിലേക്കു ഛർദിച്ചിട്ടു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (യോനാ 2: 2, 3, 4, 7)

കർത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തിൽ നിന്നു പൊക്കിയെടുത്തു.

എന്റെ കഷ്‌ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തിൽ നിന്നു ഞാൻ നിലവിളിച്ചു; അവിടന്ന് എന്റെ നിലവിളി കേട്ടു.

കർത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തിൽ നിന്നു പൊക്കിയെടുത്തു.

അവിടന്ന് എന്നെ ആഴത്തിലേക്ക്, സമുദ്രമധ്യത്തിലേക്കു വലിച്ചെറിഞ്ഞു. പ്രവാഹം എന്നെ വളഞ്ഞു. അങ്ങയുടെ തിരമാലകൾ എന്റെ മുകളിലൂടെ കടന്നുപോയി.

കർത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തിൽ നിന്നു പൊക്കിയെടുത്തു.

അങ്ങയുടെ സന്നിധിയിൽനിന്നു ഞാൻ നിഷ്കാസിതനായിരിക്കുന്നു. അങ്ങയുടെ വിശുദ്‌ധ മന്ദിരത്തിലേക്ക്, ഇനി ഞാൻ എങ്ങനെ നോക്കും?

കർത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തിൽ നിന്നു പൊക്കിയെടുത്തു.

എന്റെ ജീവൻ മരവിച്ചപ്പോൾ, ഞാൻ കർത്താവിനെ ഓർത്തു. എന്റെ പ്രാർഥന അങ്ങയുടെ അടുക്കൽ, അങ്ങയുടെ വിശുദ്ധ മന്ദിരത്തിൽ, എത്തി.

കർത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തിൽ നിന്നു പൊക്കിയെടുത്തു.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (യോഹ 13:34).

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: ഞാൻ പുതിയൊരു കല്പ്‌പന നിങ്ങൾക്കു നല്‌കുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്നേഹിക്കുവിൻ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (10: 25-37)

(ആരാണ് എൻ്റെ അയല്ക്കാരൻ?)

അക്കാലത്ത്, ഒരു നിയമജ്‌ഞൻ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്‌ഷിക്കാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവൻ ഉത്തരം പറഞ്ഞു: നീ നിൻ്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്‌മാവോടും പൂർണശക്തിയോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയല്ക്കാരനെ നിന്നെപ്പോലെയും. അവൻ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവർത്തിക്കുക; നീ ജീവിക്കും. എന്നാൽ അവൻ തന്നെത്തന്നെ സാധുകരിക്കാൻ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്റെ അയല്ക്കാരൻ? യേശു പറഞ്ഞു: ഒരുവൻ ജറുസലേമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവൻ കവർച്ചക്കാരുടെ കൈയിൽപ്പെട്ടു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അർധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതൻ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോൾ, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാൽ, ഒരു സമരിയാക്കാരൻ യാത്രാമധ്യേ അവൻ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്നു പരിചരിച്ചു. അടുത്തദിവസം അവൻ സത്രം സൂക്‌ഷിപ്പുകാരൻ്റെ കൈയിൽ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം. കവർച്ചക്കാരുടെ കൈയിൽപ്പെട്ട ആ മനുഷ്യന് ഈ മൂവരിൽ ആരാണ് അയല്ക്കാരനായി വർത്തിച്ചത്? അവനോടു കരുണ കാണിച്ചവൻ എന്ന് ആ നിയമജ്‌ഞൻ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതു പോലെ ചെയ്യുക.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.