Word of God

ആണ്ടുവട്ടം ഇരുപത്തെട്ടാം വാരം : വെളളി ഒക്‌ടോബർ – 17 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (4 : 1-8)

(അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു)

സഹോദരരേ, ജഡപ്രകാരം നമ്മുടെ പൂർവപിതാവായ അബ്രാഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്? അബ്രാഹം പ്രവൃത്തികളാലാണു നീതിമത്കരിക്കപ്പെട്ടതെങ്കിൽ അവന് അഭിമാനത്തിനു വകയുണ്ട് – ദൈവസന്നിധിയിലല്ലെന്നുമാത്രം. വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു. ജോലി ചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായല്ല, അവകാശമായാണ്. പ്രവൃത്തികൾ കൂടാതെതന്നെ പാപിയെ നീതിമത്കരിക്കുന്നവനിൽ വിശ്വസിക്കുന്നവൻ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു. പ്രവൃത്തികൾനോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവൻ ഭാഗ്യം ദാവീദ് വർണിക്കുന്നു: അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ. കർത്താവ് കുറ്റം ചുമത്താത്തവൻ ഭാഗ്യവാൻ.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (32 : 1-2, 5, 11)

കർത്താവേ, അവിടന്ന് എൻ്റെ അഭയമാണ്; രക്ഷകൊണ്ട് അവിടന്നെന്നെ പൊതിയുന്നു.

അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ.
കർത്താവു കുറ്റം ചുമത്താത്തവനും ഹൃദയത്തിൽ വഞ്ചനയില്ലാത്തവനും ഭാഗ്യവാൻ.

കർത്താവേ, അവിടന്ന് എൻ്റെ അഭയമാണ്; രക്ഷകൊണ്ട് അവിടന്നെന്നെ പൊതിയുന്നു.

എൻ്റെ പാപം അവിടത്തോടു ഞാൻ ഏറ്റു പറഞ്ഞു;
എൻ്റെ അകൃത്യം ഞാൻ മറച്ചുവച്ചില്ല;
എൻ്റെ അതിക്രമങ്ങൾ കർത്താവിനോടു ഞാൻ
ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു;
അപ്പോൾ എൻ്റെ പാപം അവിടന്നു ക്ഷമിച്ചു.

കർത്താവേ, അവിടന്ന് എൻ്റെ അഭയമാണ്; രക്ഷകൊണ്ട് അവിടന്നെന്നെ പൊതിയുന്നു.

നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ,
പരമാർഥ ഹൃദയരേ, ആഹ്ളാദിച്ച് ആർത്തുവിളിക്കുവിൻ.

കർത്താവേ, അവിടന്ന് എൻ്റെ അഭയമാണ്; രക്ഷകൊണ്ട് അവിടന്നെന്നെ പൊതിയുന്നു.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (സങ്കീ 33:22).

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (12:1-7)

(നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു)

അക്കാലത്ത്, പരസ്‌പരം ചവിട്ടേല്ക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങൾ തിങ്ങിക്കൂടി. അപ്പോൾ യേശു ശിഷ്യരോടു പറയാൻ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പ് സൂക്‌ഷിച്ചുകൊള്ളുവിൻ. മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങൾ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേൾക്കപ്പെടും. വീട്ടിൽ സ്വകാര്യമുറികളിൽവച്ചു ചെവിയിൽ പറഞ്ഞത് പുരമുകളിൽനിന്നു പ്രഘോഷിക്കപ്പെടും.

എന്റെ സ്നേഹിതരേ, നിങ്ങളോടു ഞാൻ പറയുന്നു, ശരീരത്തെ കൊല്ലുന്നതിൽക്കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്തവരെ നിങ്ങൾ ഭയപ്പെടേണ്ടാ. എന്നാൽ, നിങ്ങൾ ആരെ ഭയപ്പെടണമെന്നു ഞാൻ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തള്ളിക്കളയാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതേ, ഞാൻ പറയുന്നു, അവനെ ഭയപ്പെടുവിൻ. അഞ്ചു കുരുവികൾ രണ്ടു നാണയത്തുട്ടിനു വില്ക്കപ്പെടുന്നില്ലേ? അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്മ‌രിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണ്.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.