ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (1 : 16-25)
(അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടത്തെ ദൈവമായി മഹത്ത്വപ്പെടുത്തിയില്ല)
സഹോദരരേ, സുവിശേഷത്തെപ്പറ്റി ഞാൻ ലജ്ജിക്കുന്നില്ല. എന്തെന്നാൽ, വിശ്വസിക്കുന്ന ഏവർക്കും, ആദ്യം യഹൂദർക്കും പിന്നീടു ഗ്രീക്കുകാർക്കും, അതു രക്‌ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്. അതിൽ, വിശ്വാസത്തിൽനിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാൻ വിശ്വാസംവഴി ജീവിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. മനുഷ്യരുടെ സകല ദുഷ്ടതയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു. അവർ തങ്ങളുടെ അനീതിയിൽ സത്യത്തെ തളച്ചിടുന്നു.
ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുന്നതൊക്കെ അവർക്കു വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവർക്കു വെളിപ്പെടുത്തിയിട്ടുണ്ട്. ലോകസൃഷ്‌ടി മുതൽ ദൈവത്തിന്റെ അദൃശ്യ പ്രകൃതി, അതായത് അവിടത്തെ അനന്തശക്‌തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്‌പഷ്‌ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവർക്ക് ഒഴികഴിവില്ല. അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടത്തെ ദൈവമായി മഹത്ത്വപ്പെടുത്തുകയോ അവിടത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല. മറിച്ച്, അവരുടെ യുക്‌തിവിചാരങ്ങൾ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്തു. ജ്‌ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവർ ഭോഷൻമാരായിത്തീർന്നു. അവർ അനശ്വരനായ ദൈവത്തിന്റെ മഹത്ത്വം നശ്വരനായ മനുഷ്യന്റെയോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങൾക്കു കൈമാറി. അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങൾ പരസ്‌പരം അപമാനിതമാക്കുന്നതിന്, അശുദ്‌ധിക്കു വിട്ടുകൊടുത്തു. എന്തെന്നാൽ, അവർ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച് വ്യാജം സ്വീകരിച്ചു. അവർ സ്രഷ്ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേൻ.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (19 : 1-2, 3-4ab)
ആകാശം ദൈവത്തിൻ്റെ മഹത്ത്വം പ്രഘോഷിക്കുന്നു.
ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു;
വാനവിതാനം അവിടത്തെ കരവേല വിളംബരം ചെയ്യുന്നു.
പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.
ആകാശം ദൈവത്തിൻ്റെ മഹത്വം പ്രഘോഷിക്കുന്നു.
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേൾക്കാനില്ല.
എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകൾ ലോകത്തിന്റെ
അതിർത്തിയോളം എത്തുന്നു.
ആകാശം ദൈവത്തിൻ്റെ മഹത്വം പ്രഘോഷിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ഹെബ്രാ 4:12).
അല്ലേലൂയാ!
അല്ലേലൂയാ! ദൈവത്തിൻ്റെ വചനം സജീവവും ഊർജസ്വലവുമാണ്; ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (11: 37-41)
(നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്‌ധമായിരിക്കും)
അക്കാലത്ത്, യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു ഫരിസേയൻ തന്റെകൂടെ ഭക്‌ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവൻ പ്രവേശിച്ച് ഭക്‌ഷണത്തിനിരുന്നു. ഭക്ഷണത്തിനു മുമ്പ് അവൻ കഴുകി ശുദ്‌ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയൻ അദ്ഭുതപ്പെട്ടു. അപ്പോൾ കർത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങൾ കോപ്പകളുടെയും പാത്രങ്ങളുടെയും പുറംകഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ, കവർച്ചയും ദുഷ്ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭോഷൻമാരേ, പുറം നിർമിച്ചവൻ തന്നെയല്ലേ അകവും നിർമിച്ചത്? നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്‌ധമായിരിക്കും.




