ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:15-20)
(എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്)
സഹോദരരേ, യേശുക്രിസ്‌തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവൻ; അവ നിൽ സമസ്തവും സ്‌ഥിതിചെയ്യുന്നു. അവൻ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്. അവൻ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരിൽനിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളിലും അവൻ പ്രഥമസ്‌ഥാനീയനായി. എന്തെന്നാൽ, അവനിൽ സർവസമ്പൂർണതയും നിവസിക്കണമെന്ന് ദൈവം തിരുമനസ്‌സായി. സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവൻ കുരിശിൽ ചിന്തിയ രക്തം വഴി സമാധാനം സ്‌ഥാപിക്കുകയും ചെയ്തു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (100: 2, 3, 4, 5)
ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.
സന്തോഷത്തോടെ കർത്താവിനു ശുശ്രൂഷ ചെയ്യുവിൻ; ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.
ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.
കർത്താവു ദൈവമാണെന്ന് അറിയുവിൻ; അവിടന്നാണു നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടുത്തേതാണ്; നാം അവിടത്തെ ജനവും അവിടന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.
കൃതജ്‌ഞതാഗീതത്തോടെ അവിടത്തെ കവാടങ്ങൾ കടക്കുവിൻ; സ്‌തുതികൾ ആലപിച്ചുകൊണ്ട് അവിടത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ. അവിടത്തേക്കു നന്ദിപറയുവിൻ; അവിടത്തെ നാമം വാഴ്ത്തുവിൻ.
ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.
കർത്താവു നല്ലവനാണ്, അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടത്തെ വിശ്വസ്തത തലമുറകളോളം നിലനില്ക്കും.
ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (യോഹ 8 : 12).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (5:33-39)
(മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരുമ്പോൾ അവർ ഉപവസിക്കും)
അക്കാലത്ത്, നിയമജ്ഞരും ഫരിസേയരും യേശുവിനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യർ പലപ്പോഴും ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാൽ, നിൻ്റെ ശിഷ്യർ തിന്നുകുടിച്ചു നടക്കുന്നു. യേശു അവരോടു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? എന്നാൽ, മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും. അവൻ അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തിൽ നിന്നു കഷണം കീറിയെടുത്ത് പഴയവസ്ത്രത്തോടു ചേർക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല, പുതിയ കഷണം പഴയതിനോട് ചേരാതെ വരുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്‌താൽ, പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങൾ ഭേദിച്ച് ഒഴുകിപ്പോവുകയും തോല്ക്കുടങ്ങൾ നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കേണ്ടത്. പഴയവീഞ്ഞു കുടിച്ച ഒരുവനും പുതിയത് ഇഷ്ടപ്പെടുകയില്ല. പഴയതാണു മെച്ചം എന്നല്ലേ പറയുന്നത്?




