Word of God

ആണ്ടുവട്ടം ഇരുപത്തഞ്ചാം വാരം : വെള്ളി സെപ്തംബർ : 26 വചന വായന

ഒന്നാം വായന

ഹഗ്ഗായി പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (2 : 1 -9)

(ഇനി അല്പസമയത്തിനുള്ളിൽ ഞാൻ ഈ ആലയം മഹത്ത്വപൂർണമാക്കും)

ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവർഷം, ഏഴാം മാസം ഇരുപത്തൊന്നാം ദിവസം, പ്രവാചകനായ ഹഗ്‌ഗായിക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി: യുദായുടെ ദേശാധിപതിയായ ഷെയാൽത്തിയേലിന്റെ മകൻ സെറുബാബേലിനോടും യഹോസദാക്കിന്റെ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വയോടും ജനത്തിൽ അവശേഷിക്കുന്നവരോടും പറയുക, ഈ ആലയത്തിന്റെ പൂർവമഹിമ കണ്ടിട്ടുള്ളവരായി നിങ്ങളിൽ ആരുണ്ട്? ഇപ്പോൾ ഇതിന്റെ സ്‌ഥിതിയെന്താണ്? തീരെ നിസ്‌സാരമായി തോന്നുന്നില്ലേ? എങ്കിലും, സെറുബാബേൽ, ധൈര്യമായിരിക്കുക. യഹോസദാക്കിന്റെ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വാ, ധൈര്യമായിരിക്കുക. ദേശവാസികളേ, ധൈര്യമവലംബിക്കുവിൻ – കർത്താവ് അരുൾചെയ്യുന്നു. പണിയുവിൻ, ഞാൻ നിങ്ങളോടുകൂടെയുണ്ട്- സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു. ഈജിപ്തിൽനിന്നു നിങ്ങൾ പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു വാഗ്ദാനം ചെയ്‌തിരുന്നതുപോലെതന്നെ എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; ഭയപ്പെടേണ്ടാ.

സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: അല്‌പസമയത്തിനുള്ളിൽ വീണ്ടും ഞാൻ ആകാശവും ഭൂമിയും കടലും കരയും ഇളക്കും. ഞാൻ എല്ലാ ജനതകളെയും കുലുക്കും. അങ്ങനെ എല്ലാ ജനതകളുടെയും അമൂല്യനിധികൾ ഇങ്ങോട്ടു വരും. ഈ ആലയം ഞാൻ മഹത്ത്വപൂർണമാക്കും സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു. വെള്ളി എന്റേതാണ്; സ്വർണവും എന്റേതാണ് സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു. ഈ ആലയത്തിന്റെ പൂർവമഹത്ത്വത്തെക്കാൾ ഉന്നതമായിരിക്കും വരാൻ പോകുന്ന മഹത്ത്വം – സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു. ഈ സ്‌ഥലത്തിനു ഞാൻ ഐശ്വര്യം നല്‌കും – സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (43: 1, 2, 3, 4)

ദൈവത്തിൽ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടത്തെ ഞാൻ വീണ്ടും പുകഴ്ത്തും.

ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധർമികൾ ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ! വഞ്ചകരും നീതി രഹിതരും ആയവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ!

ദൈവത്തിൽ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടത്തെ ഞാൻ വീണ്ടും പുകഴ്ത്തും.

ദൈവമേ, ഞാൻ അഭയം തേടിയിരിക്കുന്നത് അങ്ങിലാണല്ലോ, അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്? ശത്രുവിന്റെ പീഡനംമൂലം എനിക്കു വിലപിക്കേണ്ടിവന്നത് എന്തുകൊണ്ട്?

ദൈവത്തിൽ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടത്തെ ഞാൻ വീണ്ടും പുകഴ്ത്തും.

അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടത്തെ വിശുദ്‌ധ ഗിരിയിലേക്കും നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.

ദൈവത്തിൽ പ്രത്യാശ വയ്ക്കുക. എൻ്റെ സഹായവും ദൈവവുമായ അവിടത്തെ ഞാൻ വീണ്ടും പുകഴ്ത്തും.

അപ്പോൾ ഞാൻ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെ ല്ലും, എൻെറ പരമാനന്‌ദമായ ദൈവത്തിങ്കലേക്കുതന്നെ; ദൈ വമേ, എൻറെ ദൈവമേ, കിന്നരംകൊണ്ട് അങ്ങയെ ഞാൻ സ്‌തുതിക്കും.

ദൈവത്തിൽ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടത്തെ ഞാൻ വീണ്ടും പുകഴ്ത്തും.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (മർക്കോ 10:45).

അല്ലേലൂയാ!
അല്ലേലൂയാ! മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേ കർക്കുവേണ്ടി നല്‌കാനുമത്രേ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (9: 18-22)

(നീ ദൈവത്തിന്റെ്റെ ക്രിസ്‌തു ആണ്. മനുഷ്യപുത്രൻ വളരെയേറെ സഹിക്കും)

അക്കാലത്ത്, യേശു തനിയേ പ്രാർഥിക്കുകയായിരുന്നു. ശിഷ്യൻമാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോൾ അവൻ ചോദിച്ചു: ഞാൻ ആരെന്നാണു ജനങ്ങൾ പറയുന്നത്? അവർ മറുപടി നല്കി: ചിലർ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലർ ഏലിയാ എന്നും വേറെ ചിലർ പൂർവപ്രവാചകൻമാരിൽ ഒരാൾ ഉയിർത്തിരിക്കുന്നു എന്നും പറയുന്നു. അപ്പോൾ അവൻ ചോദിച്ചു: ഞാൻ ആരെന്നാണു നിങ്ങൾ പറയുന്നത്? പത്രോസ് ഉത്തരം നല്കി; നീ ദൈവത്തിന്റെ ക്രിസ്തു ആണ്. ഇക്കാര്യം ആരോടും പറയരുതെന്നു കർശനമായി നിരോധിച്ചതിനുശേഷം അവൻ അരുൾ ചെയ്തു. മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പുരോഹിത പ്രമുഖൻമാർ, നിയമജ്ഞർ എന്നിവരാൽ തിരസ്ക്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.