ഒന്നാം വായന
എസ്രായുടെ പുസ്തകത്തിൽ നിന്ന് (6 : 7 -8, 12b, 13-20)
(കർത്താവിന്റെ ആലയത്തിൻ്റെ പണി പൂർത്തിയായി; അവർ അവിടെ പെസഹാ ആചരിച്ചു)
അക്കാലത്ത്, ദാരിയൂസ് രാജാവ് നദിക്ക് അക്കരെയുള്ള ദേശങ്ങളിലെ അധിപതികൾക്ക് ഇങ്ങനെ എഴുതി: ദേവലായത്തിന്റെ പണി നടക്കട്ടെ. യഹൂദൻമാരുടെ ദേശാധിപതിയും ശ്രേഷ്ഠന്മാരുംകൂടെ ദേവാലയം യഥാസ്ഥാനം പണിയട്ടെ. ദേവാലയ പുനർനിർമാണത്തിന് യൂദാശ്രേഷ്ഠൻമാർക്ക് നിങ്ങൾ എന്തു ചെയ്തുകൊടുക്കണമെന്ന് ഞാൻ കല്പന നല്കുന്നു: നദിക്കക്കരെയുള്ള പ്രദേശത്തുനിന്നു പിരിച്ച കപ്പം രാജഭൺഡാരത്തിൽനിന്നു ചെലവു പൂർണമായി വഹിക്കുന്നതിന് അവരെ താമസമെന്നിയേ ഏല്പിക്കണം. ഈ കല്പന ലംഘിക്കുകയോ ജറുസലേമിലെ ദേവാലയം നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന രാജാക്കൻമാരെയും ജനങ്ങളെയും തൻ്റെ നാമം അവിടെ സ്ഥാപിച്ച ദൈവം നശിപ്പിക്കട്ടെ. ഞാൻ, ദാരിയൂസ്, പുറപ്പെടുവിക്കുന്ന കല്പന. ഇതു ശ്രദ്ധാപൂർവം നിറവേറ്റണം.
ദാരിയൂസ് രാജാവിന്റെ കല്പന നദിക്കക്കരെയുള്ള ദേശത്തിന്റെ അധിപതികളായ തത്തേനായിയും ഷെത്താർബൊസെനായിയും അനുചരൻമാരും സുഹൃത്തുക്കളും ശുഷ്കാന്തിയോടെ അനുവർത്തിച്ചു. പ്രവാചകൻമാരായ ഹഗ്ഗായി, ഇദ്ദോയുടെ മകൻ സഖറിയാ എന്നിവർ ആഹ്വാനം ചെയ്തതനുസരിച്ച് യൂദാശ്രേഷ്ഠൻമാർ പണി ത്വരിതപ്പെടുത്തി. ഇസ്രായേലിന്റെ ദൈവത്തിന്റെ കല്പനയും പേർഷ്യാരാജാക്കൻമാരായ സൈറസ്, ദാരിയൂസ്, അർത്താക്സെർകസ് എന്നിവരുടെ ആജ്ഞകളും അനുസരിച്ച് അവർ പണി പൂർത്തിയാക്കി. ദാരിയൂസ് രാജാവിന്റെ ആറാം ഭരണവർഷം ആദാർമാസം മൂന്നാം ദിവസം ആലയം പൂർത്തിയായി. പുരോഹിതൻമാരും ലേവ്യരും മടങ്ങിയെത്തിയ മറ്റു പ്രവാസികളും ഉൾപ്പെട്ട ഇസ്രായേൽജനം അത്യാഹ്ളാദപൂർവം ദേവാലയത്തിൻ്റെ പ്രതിഷ്ഠാകർമം ആഘോഷിച്ചു. ദേവാലയപ്രതിഷ്ഠയ്ക്ക് അവർ നൂറു കാളകളെയും ഇരുനൂറു മുട്ടാടുകളെയും നാനൂറു ചെമ്മരിയാടുകളെയും ബലിയർപ്പിച്ചു. ഇസ്രായേൽജനത്തിനുവേണ്ടി ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് പന്ത്രണ്ടു മുട്ടാടുകളെ പാപപരിഹാരബലിയായും അർപ്പിച്ചു. മോശയുടെ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് ജറുസലേമിൽ ദൈവശുശ്രൂഷ ചെയ്യാൻ പുരോഹിതൻമാരെ ഗണ മനുസരിച്ചും ലേവ്യരെ തവണയനുസരിച്ചും നിയമിച്ചു.
തിരിച്ചെത്തിയ പ്രവാസികൾ ഒന്നാംമാസം പതിന്നാലാം ദിവസം പെസഹാ ആചരിച്ചു. പുരോഹിതൻമാരും ലേവ്യരും ഒരുമിച്ച് തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. ശുദ്ധരായിത്തീർന്ന അവർ തങ്ങൾക്കും സഹപുരോഹിതൻമാർക്കും പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ എല്ലാവർക്കും വേണ്ടി പെസഹാക്കുഞ്ഞാടിനെ കൊന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (122: 1-2ab, 2cd-3, 4, 5)
കർത്താവിൻ്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
കർത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. ജറുസലേമേ, ഇതാ ഞങ്ങൾ നിൻ്റെ കവാടത്തിനുള്ളിൽ എത്തിയിരിക്കുന്നു.
കർത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
നന്നായി പണിതിണക്കിയ നഗരമാണു ജറുസലേം. അതിലേക്കു ഗോത്രങ്ങൾ വരുന്നു, കർത്താവിന്റെ ഗോത്രങ്ങൾ. ഇസ്രായേലിനോടു കല്പ്പിച്ചതുപോലെ, കർത്താവിൻ്റെ നാമത്തിനു കൃതജ്ഞതയർപ്പിക്കാൻ അവർ വരുന്നു.
കർത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
അവിടെ ന്യായാസനങ്ങൾ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങൾ.
കർത്താവിൻ്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 11:28).
അല്ലേലൂയാ!
അല്ലേലൂയാ! ദൈവവചനം കേട്ട് അതു പാലി ക്കുന്നവർ ഭാഗ്യവാൻമാർ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (8: 19-21)
(ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എൻ്റെ അമ്മയും സഹോദരരും)
അക്കാലത്ത്, യേശുവിന്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്തു നില്ക്കുന്നു എന്ന് അവർ അവനെ അറിയിച്ചു. അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.




