Word of God

ആഗമനകാലം രണ്ടാം വാരം : ചൊവ്വ വചനവായന

രണ്ടാം വാരം : ചൊവ്വ

ഒന്നാം വായന

ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

നിങ്ങളുടെ ദൈവം അരുൾചെയ്യുന്നു: ആശ്വസിപ്പിക്കുവിൻ, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ ജറുസലേമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിൻ! അവളുടെ അടിമത്തം അവസാനിച്ചു; തിൻമകൾ ക്ഷമിച്ചിരിക്കുന്നു. എല്ലാ പാപങ്ങൾക്കും കർത്താവിൽനിന്ന് ഇരട്ടിശിക്ഷയും ലഭിച്ചിരിക്കുന്നു. ഒരു സ്വരം ഉയരുന്നു: മരുഭൂമിയിൽ കർത്താവിനു വഴിയൊരുക്കുവിൻ. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിൻ. താഴ് വരകൾ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്‌ഥലങ്ങൾ നിരപ്പാകും. ദുർഘടപ്രദേശങ്ങൾ സമതലമാകും. കർത്താവിൻ്റെ മഹത്ത്വം വെളിപ്പെടും. മർത്ത്യരെല്ലാവരും ഒരുമിച്ച് അതു ദർശിക്കും. കർത്താവാണ് ഇത് അരുളൾചെയ്യുന്നത്. വീണ്ടും സ്വരമുയർന്നു: ഉദ്‌ഘോഷിക്കുക! ഞാൻ ആരാഞ്ഞു: ഞാൻ എന്ത് ഉദ്ഘോഷിക്കണം? ജഡം ത്യണം മാത്രം; അതിന്റെ സൗന്ദര്യം വയലിലെ പുഷ്‌പംപോലെ ക്ഷണികവും! കർത്താവിന്റെ ശ്വാസമേല്ക്കുമ്പോൾ പുല്ലു കരിയുകയും പുഷ്പം വാടിപ്പോവുകയും ചെയ്യും; മനുഷ്യൻ പുല്ലുമാത്രം! പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ, എന്നേക്കും നിലനില്ക്കും സദ് വാർത്തയുമായി വരുന്ന സീയോനേ, ഉയർന്ന മലയിൽക്കയറി ശക്തിയോടെ സ്വരമുയർത്തി പറയുക സദ് വാർത്തയുമായി വരുന്ന ജറുസലേമേ, നിർഭയം വിളിച്ചു പറയുക യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു. അവിടന്ന് കരബലത്താൽ ഭരണം നടത്തുന്നു. സമ്മാനം അവിടത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടത്തെ മുൻപിലുണ്ട്. ഇടയനെപ്പോലെ അവിടന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നു. അവിടന്ന് ആട്ടിൻകുട്ടികളെ കരങ്ങളിൽ ചേർത്ത് മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു.

കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ, ഭൂമി മുഴുവൻ കർത്താവിനെ പാടിസ്‌തുതിക്കട്ടെ! കർത്താവിനെ പാടിപ്പുകഴ്ത്തുവിൻ. അവിടത്തെ നാമം വാഴ്ത്തുവിൻ അവിടത്തെ രക്ഷ പ്രതിദിനം പ്രകീർത്തിക്കുവിൻ.

ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു.

ജനതകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ; ജനപദങ്ങളുടെയിടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ. ജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ കർത്താവു വാഴുന്നു. അവിടന്ന് ജനതകളെ നീതിപൂർവം വിധിക്കും.

ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു

ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ആനന്ദിക്കട്ടെ. സമുദ്രവും അതിലുള്ളവയും ആർപ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്‌ളാദിക്കട്ടെ!

ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു

അപ്പോൾ കർത്താവിന്റെ സന്നിധിയിൽ വനവൃക്ഷങ്ങൾ ആനന്ദഗീതം ഉതിർക്കും. എന്തെന്നാൽ, അവിടന്ന് വരുന്നു; അവിടന്ന് ഭൂമിയെ വിധിക്കാൻ വരുന്നു: അവിടന്ന് ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു

അല്ലേലുയാ !

അല്ലേലൂയാ! കർത്താവിൻ്റെ ദിവസം സമീപിച്ചിരിക്കുന്നു; ഇതാ, നമ്മെ രക്ഷിക്കാൻ അവിടന്നു വരുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ എൻ്റെ സ്വർഗസ്ഥനായ പിതാവ് ഇഷ്‌ടപ്പെടുന്നില്ല)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു. നിങ്ങൾക്ക് എന്തു തോന്നുന്നു, ഒരാൾക്ക് നൂറ് ആടുകൾ ഉണ്ടായി രിക്കേ, അതിലൊന്ന് വഴിതെറ്റിപ്പോയാൽ തൊണ്ണൂറ്റൊമ്പതിനെയും മലയിൽ വിട്ടിട്ട്, അവൻ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? കണ്ടെത്തിയാൽ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാൾ അവൻ സന്തോഷിക്കുമെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഇതുപോലെ, ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ എന്റെ സ്വർഗസ്‌ഥനായ പിതാവ് ഇഷ്‌ടപ്പെടുന്നില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.