ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന് (2 : 1-5)
(ദാവീദിന്റെ ഭവനത്തിൽനിന്ന് നീതിമാനായ ഒരു മുള ഞാൻ കിളിർപ്പിക്കും)
യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്: അവസാന നാളുകളിൽ കർത്താവിൻ്റെ ആലയം സ്ഥിതിചെയ്യുന്ന പർവതം എല്ലാ പർവതങ്ങൾക്കും മുകളിൽ ഉയർന്നു നില്ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും. അനേകം ജനതകൾ പറയും: വരുവിൻ, നമുക്കു കർത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക് പോകാം. അവിടന്ന് തന്റെ മാർഗങ്ങൾ നമ്മെ പഠിപ്പിക്കും. നാം ആ പാതകളിൽ ചരിക്കും. കർത്താവിന്റെ നിയമം സീയോനിൽ നിന്നു പുറപ്പെടും; അവിടത്തെ വചനം ജറുസലെമിൽ നിന്നും. അവിടന്ന് ജനതകളുടെ മധ്യത്തിൽ വിധികർത്താവായിരിക്കും; ജനപദങ്ങളുടെ തർക്കങ്ങൾ അവസാനിപ്പിക്കും. അവരുടെ വാൾ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയർത്തുകയില്ല. അവർ ഇനിമേൽ യുദ്ധപരിശീലനം നടത്തുകയില്ല. യാക്കോബിന്റെ ഭവനമേ, വരുക. നമുക്കു കർത്താവിന്റെ പ്രകാശത്തിൽ വ്യാപരിക്കാം.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (122 : 1-3, 6-7, 8-9)
കർത്താവിൻ്റെ ആലയത്തിലേക്ക് നമുക്കു സന്തോഷത്തോടെ പോകാം.
കർത്താവിൻ്റെ ആലയത്തിലേക്ക് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. ജറുസലെമേ, ഇതാ ഞങ്ങൾ നിന്റെ കവാടത്തിനുള്ളിൽ എത്തിയിരിക്കുന്നു. നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം.
കർത്താവിന്റെ ആലയത്തിലേക്ക് നമുക്കു സന്തോഷത്തോടെ പോകാം.
ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാർഥിക്കുവിൻ; നിന്നെ സ്നേഹിക്കുന്നവർക്ക് ഐശ്വര്യമുണ്ടാകട്ടെ! നിന്റെ മതിലുകൾക്കുള്ളിൽ സമാധാനവും നിന്റെ ഗോപുരങ്ങൾക്കുള്ളിൽ സുരക്ഷിതത്വവും ഉണ്ടാകട്ടെ!
കർത്താവിന്റെ ആലയത്തിലേക്ക് നമുക്കു സന്തോഷത്തോടെ പോകാം.
എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരിൽ ഞാൻ ആശംസിക്കുന്നു: നിനക്കു സമാധാനം. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ ആലയത്തെപ്രതി ഞാൻ നിന്റെ നൻമയ്ക്കുവേണ്ടി പ്രാർഥിക്കും.
കർത്താവിന്റെ ആലയത്തിലേക്ക് നമുക്കു സന്തോഷത്തോടെ പോകാം.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (13 : 11-14)
(നമ്മുടെ രക്ഷ അടുത്തെത്തിയിരിക്കുന്നു)
സഹോദരരേ, നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാൽ, ഇപ്പോൾ രക്ഷ നമ്മളാരും പ്രതീക്ഷിച്ചിരുന്ന തിനെക്കാൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു. രാത്രി കഴിയാറായി; പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിൻ, ദുർമോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിൻ.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (Ps. 85 : 7)
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ; ഞങ്ങൾക്കു രക്ഷ പ്രദാനം ചെയ്യണമേ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (24:37-44)
(തയ്യാറായി ജാഗരൂകരായിരിക്കുവിൻ)
അക്കാലത്ത് ഈശോ തൻ്റെ ശിഷ്യന്മാരോട് അരുൾ ചെയ്തു: നോഹയുടെ ദിവസങ്ങൾപോലെ ആയിരിക്കും, മനുഷ്യ പുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളിൽ, നോഹ പേടകത്തിൽ പ്രവേശിച്ച ദിവസംവരെ, അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞു പോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവർ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും. അപ്പോൾ രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ അവശേഷിക്കും. രണ്ടു സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരുവൾ എടുക്കപ്പെടും, മറ്റേവൾ അവശേഷിക്കും.
നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. കള്ളൻ രാത്രിയിൽ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥൻ അറിഞ്ഞിരുന്നെങ്കിൽ, അവൻ ഉണർന്നിരിക്കുകയും തന്റെ ഭവനം കവർച്ച ചെയ്യാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങൾ അറിയുന്നു. അതിനാൽ, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രൻ വരുന്നത്.




