നവംബർ 25 ബുധൻ
ഒന്നാം വായന
വെളിപാടിന്റെ പുസ്തകത്തിൽനിന്ന്
(അവർ മോശയുടെയും കുഞ്ഞാടിൻ്റെയും ഗീതങ്ങൾ ആലപച്ചുകൊണ്ടിരുന്നു)
ഞാൻ, യോഹന്നാൻ, സ്വർഗത്തിൽ മഹത്തും വിസ്മയാവഹവുമായ മറ്റൊരടയാളം കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു ദൂതൻമാർ. ഈ മഹാമാരികൾ അവസാനത്തേതാണ്. എന്തെന്നാൽ, ഇവയോടെയാണ് ദൈവത്തിന്റെ ക്രോധം അവസാനിക്കുന്നത്.
അഗ്നിമയമായ പളുങ്കുകടൽപോലെ ഒരു കാഴ്ച ഞാൻ കണ്ടു. മൃഗത്തിൻമേലും അവൻെറ പ്രതിമയിൻമേലും അവന്റെ നാമസംഖ്യയിൻമേലും വിജയംവരിച്ച്, ദൈവത്തിന്റെ വീണപിടിച്ചുകൊണ്ട് പളുങ്കുകടലിൽ നില്ക്കുന്നവരെയും ഞാൻ കണ്ടു. അവർ ദൈവത്തിന്റെ ദാസനായ മോശയുടെയും കുഞ്ഞാടിൻെറയും ഗീതങ്ങൾ ആലപിച്ചുകൊണ്ടു പറഞ്ഞു: സർവശക്തനും ദൈവവുമായ കർത്താവേ, അങ്ങയുടെ പ്രവൃത്തികൾ മഹനീയവും വിസ്മയാവഹവുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാർഗങ്ങൾ നീതിപൂർണവും സത്യസന്ധവുമാണ്. കർത്താവേ, അങ്ങേ നാമം ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്ധൻ. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെ ന്യായവിധികൾ വെളിവാക്കപ്പെട്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സർവശക്തനും ദൈവവുമായ കർത്താവേ, അങ്ങയുടെ പ്രവൃത്തികൾ മഹനീയവും വിസ്മയാവഹവുമാണ്.
കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ; അവിടന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു; അവിടത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
സർവശക്തനും ദൈവവുമായ കർത്താവേ, അങ്ങയുടെ പ്രവൃത്തികൾ മഹനീയവും വിസ്മയാവഹവുമാണ്.
കർത്താവു തൻ്റെ വിജയം വിളംബരം ചെയ്തു; അവിടന്നു തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി. ഇസ്രായേൽഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും അവിടന്ന് അനുസ്മരിച്ചു.
സർവശക്തനും ദൈവവുമായ കർത്താവേ, അങ്ങയുടെ പ്രവൃത്തികൾ മഹനീയവും വിസ്മയാവഹവുമാണ്.
സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തിൽ സ്വരമുയർത്തട്ടെ! ജലപ്രവാഹങ്ങൾ കരഘോഷം മുഴക്കട്ടെ! കർത്താവിൻ്റെ മുൻപിൽ പർവതങ്ങൾ ഒത്തൊരുമിച്ച് ആനന്ദകീർത്തനമാലപിക്കട്ടെ!
സർവശക്തനും ദൈവവുമായ കർത്താവേ, അങ്ങയുടെ പ്രവൃത്തികൾ മഹനീയവും വിസ്മയാവഹവുമാണ്.
അവിടന്നു ഭൂമിയെ വിധിക്കാൻ വരുന്നു; അവിടന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടുംകൂടെ വിധിക്കും.
സർവശക്തനും ദൈവവുമായ കർത്താവേ, അങ്ങയുടെ പ്രവൃത്തികൾ മഹനീയവും വിസ്മയാവഹവുമാണ്.
അല്ലേലൂയാ!
അല്ലേലൂയാ! (വെളി 2:10c). കർത്താവ് അരുൾചെയ്യുന്നു: മരണംവരെ വിശ്വസ്തനായിരിക്കുക; ജീവൻ്റെ കിരീടം നിനക്കു ഞാൻ നല്കും. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല)
അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്തു. എന്റെ നാമത്തെപ്രതി അവർ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗ്യഹങ്ങളിലും നിങ്ങളെ ഏല്പിച്ചുകൊടുക്കും. എന്റെ നാമത്തെ പ്രതി രാജാക്കൻമാരുടെയും ദേശാധിപതികളുടെയും മുൻപിൽ അവർ നിങ്ങളെകൊണ്ടുചെല്ലും. നിങ്ങൾക്ക് ഇതു സാക്ഷ്യം നല്കുന്നതിനുള്ള അവസരമായിരിക്കും. എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്സിലാക്കിക്കൊള്ളുവിൻ. എന്തെന്നാൽ, നിങ്ങളുടെ എതിരാളികളിലാർക്കും ചെറുത്തുനില്ക്കാനോ എതിർക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങൾക്കു ഞാൻ നല്കും. മാതാപിതാക്കൻമാർ, സഹോദരർ, ബന്ധുമിത്രങ്ങൾ, എന്നിവർപോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊല്ലുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്ക്കുന്നതിലൂടെ നിങ്ങളുടെ ജീവൻ നിങ്ങൾ നേടും.
കർത്താവിന്റെ സുവിശേഷം.



