Word of God

ആണ്ടുവട്ടത്തിലെ അവസാന ഞായർ ക്രിസ്തുരാജന്റെ തിരുനാൾ

നവംബർ 22 ഞായർ

ഒന്നാം വായന

എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്

(എന്റെ അജഗണമായ നിങ്ങളെ, ഒരു ആടിനും വേറൊരാടിനും മധ്യേ ഞാൻ വിധി പ്രസ്താവിക്കും)

ദൈവമായ കർത്താവ് അരുൾചെയ്യുന്നു: ഇതാ, ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചുകണ്ടുപിടിക്കും. ആടുകൾ ചിതറിപ്പോയാൽ ഇടയൻ അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ, ഞാൻ എന്റെ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ് അന്ധകാരപൂർണമായ ആ ദിവസം, ചിതറിപ്പോയ ഇടങ്ങളിൽ നിന്നെല്ലാം ഞാൻ അവയെ വീണ്ടെടുക്കും. ദൈവമായ കർത്താവ് അരുൾചെയ്യുന്നു: ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാൻ അവയ്ക്കു വിശ്രമസ്‌ഥലം നല്കും. നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാൻ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും. ബലഹീനമായതിനെ ഞാൻ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാൻ സംരക്ഷിക്കും. നീതി പൂർവം ഞാൻ അവയെ പോറ്റും. ദൈവമായ കർത്താവ് അരുൾ ചെയ്യുന്നു: എന്റെ അജഗണമേ, ഞാൻ ആടിനും ആടിനും മധ്യേയും മുട്ടാടിനും കോലാട്ടിൻ മുട്ടനും മധ്യേയും വിധി നടത്തും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കർത്താവാണ് എൻ്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‌ത്തകിടിയിൽ അവിടന്ന് എനിക്കു വിശ്രമമരുളുന്നു.

കർത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന് എനിക്ക് ഉൻമേഷം നല്‌കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു.

കർത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുൻപിൽ അവിടന്ന് എനിക്കു വിരുന്നൊരുക്കുന്നു; എൻെറ ശിരസ്‌സ് തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എൻ്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. അവിടത്തെ നൻമയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും; കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.

കർത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(ദൈവം എല്ലാവർക്കും എല്ലാം ആകേണ്ടതിന്, രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും)

സഹോദരരേ, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. ഒരു മനുഷ്യൻ വഴി മരണം ഉണ്ടായതുപോലെ, ഒരു മനുഷ്യൻ വഴി ഉത്ഥാനവും ഉണ്ടായി. ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ, ക്രിസ്‌തുവിൽ എല്ലാവരും പുനർജീവിക്കും. എന്നാൽ, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്‌തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തിൽ അവനുള്ളവരും. അവൻ എല്ലാ ഭരണവും അധികാരവും ശക്തിയും നിർമാർജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമർപ്പിക്കുമ്പോൾ എല്ലാറ്റിന്റെയും അവസാനമാകും. എന്തെന്നാൽ, സകലശത്രുക്കളെയും തൻെറ പാദസേവകരാക്കുന്നതുവരെ അവിടന്നു വാഴേണ്ടിയിരിക്കുന്നു. മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. സമസ്തവും അവിടത്തേക്ക് അധീനമായിക്കഴിയുമ്പോൾ, സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രൻതന്നെയും അധീനനാകും. ഇത് ദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിനുതന്നെ.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ! (Mk. 11:9, 10) കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! നമ്മുടെ പിതാവായ ദാവീദിന്റെ ആസന്നമായ രാജ്യം അനുഗൃഹീതം. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(മനുഷ്യപുത്രൻ മഹത്ത്വമേറിയ സിംഹാസനത്തിൽ ഉപവിഷ്ടനായി ആടുകളെ വേർതിരിക്കും)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾചെയ്തു: മനുഷ്യപുത്രൻ എല്ലാ ദൂതൻമാരോടുംകൂടെ മഹത്ത്വത്തിൽ എഴുന്നള്ളുമ്പോൾ, അവൻ തന്റെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകും. അവന്റെ മുമ്പിൽ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്നു വേർതിരിക്കുന്നതുപോലെ, അവൻ അവരെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുൾചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ, ലോകസംസ്ഥാപനം മുതൽ നിങ്ങൾക്കായി സ‌ജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ എനിക്കു വിശന്നു; നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്കു ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു; നിങ്ങൾ എൻെറയടുത്തു വന്നു.അപ്പോൾ നീതിമാൻമാർ ഇങ്ങനെ മറുപടി പറയും: കർത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങൾ ആഹാരം നല്കിയതും ദാഹിക്കുന്നവനായിക്കണ്ട് കുടിക്കാൻ നല്കിയതും എപ്പോൾ? നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്ന‌നായിക്കണ്ട് ഉടുപ്പിച്ചതും എപ്പോൾ? നിന്നെ ഞങ്ങൾ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദർശിച്ചത് എപ്പോൾ? രാജാവു മറുപടി പറയും: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്‌തുകൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തുതന്നത്.

അനന്തരം, അവൻ തന്റെ ഇടത്തുഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽ നിന്നകന്ന് പിശാചിനും അവന്റെ ദൂതൻമാർക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിൻ. എനിക്കു വിശന്നു; നിങ്ങൾ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നില്ല. ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്‌ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചില്ല. അപ്പോൾ അവർ ചോദിക്കും: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ പരദേശിയോ നഗ്നനോ രോഗിയോ കാരാഗൃഹത്തിൽ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോൾ? അവൻ മറുപടി പറയും: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്യാതിരുന്നപ്പോൾ എനിക്കുതന്നെയാണു ചെയ്യാതിരുന്നത്. ഇവർ നിത്യശിക്ഷയിലേക്കും നീതിമാൻമാർ നിത്യജീവനിലേക്കും പ്രവേശിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.