ഒക്ടോബർ 30 വെള്ളി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(നിങ്ങളിൽ സത്പ്രവൃത്തി ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ ആഗമനദിവസമാകുമ്പോഴേക്കും അതു പൂർത്തിയാക്കും)
യേശുക്രിസ്തുവിൻെറ ദാസൻമാരായ പൗലോസും തിമോത്തേയോസും ഫിലിപ്പിയിലെ മെത്രാൻമാരും ഡീക്കൻമാരും ഉൾപ്പെടെ യേശുക്രിസ്തുവിലുള്ള സകല വിശുദ്ധർക്കും എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും.
ഞാൻ നിങ്ങളെ ഓർമിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു നന്ദിപറയുന്നു; എപ്പോഴും എന്റെ എല്ലാ പ്രാർഥനകളിലും നിങ്ങൾക്കെല്ലാവർക്കുംവേണ്ടി സന്തോഷത്തോടെ യാചിക്കുന്നു; ആദ്യദിവസംമുതൽ ഇന്നുവരെയും സുവിശേഷപ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്മയ്ക്കു ഞാൻ നന്ദിപറയുന്നു. നിങ്ങളിൽ സത്പ്രവൃത്തി ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂർത്തിയാക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. നിങ്ങളെ എന്റെ ഹൃദയത്തിൽ സംവഹിക്കുന്നതുകൊണ്ട്, നിങ്ങളെല്ലാവരെയും കുറിച്ച് ഞാൻ അപ്രകാരം വിചാരിക്കുന്നതു യുക്തമാണ്. കാരണം, നിങ്ങളെല്ലാവരും കൃപയിൽ എന്റെ പങ്കുകാരാണ്; അതുപോലെതന്നെ, എൻെറ ബന്ധനത്തിലും സുവിശേഷസംരക്ഷണത്തിലും സ്ഥിരീകരണത്തിലും. യേശുക്രിസ്തുവിന്റെ വാത്സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതിന് ദൈവം തന്നെസാക്ഷി. നിങ്ങളുടെ സ്നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനശക്തിയിലും ഉത്തരോത്തരം വർധിച്ചുവരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ, ഉത്തമമായവ തിരഞ്ഞെടുക്കാൻ നിങ്ങൾക്കു കഴിയും. ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന നീതിയുടെ ഫലങ്ങൾകൊണ്ടു നിറഞ്ഞ് നിങ്ങൾ ക്രിസ്തുവിൻെറ ദിനത്തിലേക്ക് നിഷ്കളങ്കരും നിർദോഷരുമായി ഭവിക്കട്ടെ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
നീതിമാൻമാരുടെ സംഘത്തിലും സഭയിലും പൂർണ ഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദിപറയും. കർത്താവിന്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്; അവയിൽ ആനന്ദിക്കുന്നവർ അവ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നു.
കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
അവിടത്തെ പ്രവൃത്തി മഹത്തും തേജസ്സുറ്റതുമാണ്; അവിടത്തെ നീതി ശാശ്വതമാണ്. തന്റെ അദ്ഭുതപ്രവൃത്തികൾ അവിടന്നു സ്മരണീയമാക്കി; കർത്താവ് കൃപാലുവും വാത് സല്യനിധിയുമാണ്.
കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
തന്റെ ഭക്തർക്ക് അവിടന്ന് ആഹാരം നിറകുന്നു; അവിടന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു. ജനതകളുടെ അവകാശം തന്റെ ജനത്തിനു നിറകിക്കൊണ്ട് തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു വെളിപ്പെടുത്തി.
കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
അല്ലേലൂയാ!
അല്ലേല്ലേലൂയാ! (യോഹ 10:27). എൻ്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സാബത്തിൽ തൻ്റെ പുത്രനോ കാളയോ കിണറ്റിൽ വീണാൽ ഉടൻ പിടിച്ചുകയറ്റാത്തവനായി നിങ്ങളിൽ ആരുണ്ട്?)
അക്കാലത്ത് ഒരു സാബത്തിൽ യേശു ഫരിസേയപ്രമാണികളിൽ ഒരുവന്റെ വീട്ടിൽ ഭക്ഷണത്തിനുപോയി. അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടെ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തിൽ രോഗശാന്തി നല്കുന്നത് അനുവദനീയമോ അല്ലയോ? അവർ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു. അനന്തരം അവൻ അവരോടു ചോദിച്ചു: സാബത്തിൽ തൻെറ പുത്രനോ കാളയോ കിണറ്റിൽ വീണാൽ ഉടൻ പിടിച്ചുകയറ്റാത്തവനായി നിങ്ങളിൽ ആരുണ്ട്? മറുപടി പറയാൻ അവർക്കു കഴിഞ്ഞില്ല.




