Word of God

ആണ്ടുവട്ടം മുപ്പതാം വാരം വ്യാഴം വചനവായന

ഒക്ടോബർ 29 വ്യാഴം

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ)

സഹോദരരേ, കർത്താവിലും അവിടത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിൻ. സാത്താന്റെ കുടിലതന്ദ്രങ്ങളെ എതിർത്തുനില്ക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപൻമാർക്കും സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിൻമയുടെ ദുരാത്മാക്കൾക്കുമെതിരായാണു പടവെട്ടുന്നത്. അതിനാൽ, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. തിൻമയുടെ ദിനത്തിൽ ചെറുത്തു നില്ക്കാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചു നില്ക്കാനും അങ്ങനെ നിങ്ങൾക്കു സാധിക്കും. അതിനാൽ, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങൾ ഉറച്ചുനില്ക്കുവിൻ. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്‌ഷകൾ ധരിക്കുവിൻ. സർവോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകൾ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിൻ. രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യുവിൻ. നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്‌മാവിൽ പ്രാർഥനാനിരതരായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്‌ധർക്കും വേണ്ടി പ്രാർഥിക്കുവിൻ. ഞാൻ വായ് തുറക്കുമ്പോൾ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിൻ്റെ രഹസ്യം ധൈര്യപൂർവം പ്രഘോഷിക്കാനും നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കുവിൻ. സുവിശേഷ രഹസ്യ ത്തിന്റെ ബന്‌ധനസ്‌ഥനായ സ്‌ഥാനപതിയാണല്ലോ ഞാൻ. എന്റെ കടമയ്ക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കാൻ വേണ്ടി നിങ്ങൾ പ്രാർഥിക്കണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എന്റെ അഭയശിലയായ കർത്താവ് വാഴ്ത്തപ്പെടട്ടെ!

എന്റെ അഭയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ! യുദ്ധം ചെയ്യാൻ എന്റെ കൈകളെയും പടപൊരുതാൻ എൻെറ വിരലുകളെയും അവിടന്നു പരിശീലിപ്പിക്കുന്നു.

എന്റെ അഭയശിലയായ കർത്താവ് വാഴ്ത്തപ്പെടട്ടെ!

അവിടന്നാണ് എൻെറ അഭയശിലയും ദുർഗവും ശക്തികേന്ദ്രവും; എൻെറ വിമോചകനും പരിചയുമായ അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; അവിടന്ന് ജനതകളെ കീഴടക്കുന്നു.

എന്റെ അഭയശിലയായ കർത്താവ് വാഴ്ത്തപ്പെടട്ടെ!

ദൈവമേ, ഞാൻ അങ്ങേക്കു പുതിയ കീർത്തനം പാടും. ദശതന്ത്രീനാദത്തോടെ ഞാൻ അങ്ങയെ പുകഴ്ത്തും. അങ്ങാണു രാജാക്കൻമാർക്കു വിജയം നല്‌കുകയും അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്. ക്രൂരമായ വാളിൽനിന്ന് എന്നെ രക്ഷിക്കണമേ!

എന്റെ അഭയശിലയായ കർത്താവ് വാഴ്ത്തപ്പെടട്ടെ!

അല്ലേലൂയാ!

അല്ലേലൂയാ! (ലൂക്കാ 19:38, 2:14). കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗൃഹീതൻ സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്ത്വം. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ജറുസലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിക്കുക സാധ്യമല്ല)

അക്കാലത്ത് ചില ഫരിസേയർ വന്ന് യേശുവിനോടു പറഞ്ഞു: ഇവിടെനിന്നു പോവുക; ഹേറോദേസ് നിന്നെ കൊല്ലാൻ ഒരുങ്ങുന്നു. അവൻ പറഞ്ഞു: നിങ്ങൾ പോയി ആ കുറുക്കനോടു പറയുവിൻ: ഞാൻ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നൽകുകയും ചെയ്യും. മൂന്നാം ദിവസം എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയിരിക്കും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാൻ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാൽ, ജറുസലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിക്കുക സാധ്യമല്ല. ജറുസലേം, ജറുസലേം, പ്രവാചകൻമാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴികുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നതുപോലെ, നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്‌തമായിരിക്കുന്നു. ഞാൻ നിങ്ങളോടു പറയുന്നു, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ എന്നെ കാണുകയില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.